< Back
India
മന്ത്രിസഭ പുനഃസംഘടനയില്‍ പ്രീതം മുണ്ടെയെ ഒഴിവാക്കി: മഹാരാഷ്ട്ര ബിജെപിയില്‍ കൂട്ടരാജി
India

മന്ത്രിസഭ പുനഃസംഘടനയില്‍ പ്രീതം മുണ്ടെയെ ഒഴിവാക്കി: മഹാരാഷ്ട്ര ബിജെപിയില്‍ കൂട്ടരാജി

Web Desk
|
11 July 2021 12:39 PM IST

ബീഡ് ജില്ലയിലെ 14 ബി.ജെ.പി ഭാരവാഹികള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബി.ജെ.പിയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയുള്‍പ്പെടെ രാജിവെച്ചവരില്‍ ഉള്‍പ്പെടും.

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ ബി.ജെ.പി എംപി പ്രീതം മുണ്ടയെ തഴഞ്ഞതിന് മഹാരാഷ്ട്ര ബി.ജെ.പിയില്‍ കൂട്ടരാജി. ബീഡ് ജില്ലയിലെ 14 ബി.ജെ.പി ഭാരവാഹികള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബി.ജെ.പിയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയുള്‍പ്പെടെ രാജിവെച്ചവരില്‍ ഉള്‍പ്പെടും.

ഞങ്ങളുടെ നേതാവിനെ ബഹുമാനിക്കുന്നില്ലെങ്കില്‍ പിന്നെ സംഘടനയില്‍ തുടരുന്നതിന്റെ അര്‍ത്ഥമെന്താണ്? പ്രീതം മുണ്ടെയുടെ കാബിനറ്റ് പദവിക്കായി ആയിരക്കണക്കിന് ആളുകളാണ് കാത്തിരുന്നത്. മന്ത്രിമാരുടെ പട്ടികയില്‍ അവരെ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് അറിഞ്ഞിപ്പോള്‍ ഞെട്ടിപ്പോയൊന്നും രാജിവെച്ച ഒരു നേതാവ് വ്യക്തമാക്കി.

അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെ മകളായ പ്രീതം മുണ്ടയെ പുനഃസംഘടനയില്‍ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മന്ത്രിസഭയില്‍ ഭഗവത് കരഡിനെയാണ് ഉള്‍പ്പെടുത്തിയത്. ഇതാണ് പ്രീതം മുണ്ടെ വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിന് കാരണമായത്. ബിജെപിയുടെ മുതിര്‍ന്ന നേതാവും ഒന്നാം മോദി സര്‍ക്കാറില്‍ ഗ്രാമവികസന വകുപ്പ് മന്ത്രിയുമായിരുന്നു ഗോപിനാഥ് മുണ്ടെ.

ഒബിസി വിഭാഗത്തില്‍പെട്ട വഞ്ചാര സമുദായത്തില്‍പെട്ടയാളാണ് ഭഗവത് കരഡ്. മറാത്തവാഡയിലെ ഔറംഗാബാദില്‍ നിന്നാണ് ഭഗവത് വരുന്നത്. മറാത്തവാഡ ഏരിയയിൽ പുതിയൊരു ഒബിസി നേതാവിനെ ഉയർത്തിക്കൊണ്ടുവരാനുള്ള നീക്കമാണ് ഭഗവതിനെ നേതാവാക്കിയതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നതെന്നാണ് സൂചന. പ്രീതത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത് സഹോദരി പങ്കജ് മുണ്ടെയെ തകര്‍ക്കാനാണെന്ന് നേരത്തെ ശിവസേനയും ആരോപിച്ചിരുന്നു.

ഗോപിനാഥ് മുണ്ടെയുടെ മകളും മുന്‍ സംസ്ഥാന മന്ത്രിയുമായ പങ്കജ് മുണ്ടെയും ബിജെപി നേതൃത്വവും തമ്മില്‍ അഭിപ്രായ ഭിന്നത നിലനില്ക്കുന്നതിനിടെയാണ് പുതിയ നീക്കം.

Similar Posts