< Back
India
Uranium Found In Breast Milk In Several Bihar Districts Says Study
India

ബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം

Web Desk
|
23 Nov 2025 6:32 PM IST

ആറ് ജില്ലകളിലെ 40 അമ്മമാരുടെ മുലപ്പാൽ സാമ്പിളുകൾ ശേഖരിച്ച് നടത്തിയ ശാസ്ത്രീയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.

പട്ന: ബിഹാറിലെ പല ജില്ലകളിലും മുലപ്പാലിൽ അപകടകരമായ തോതിൽ യുറേനിയം കണ്ടെത്തിയതായി പഠനം. ഇത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതാണെന്നും പഠനം പറയുന്നു. മുലപ്പാലിലൂടെ യുറേനിയം ഉള്ളിലേക്കെത്തുന്നത് ശിശുക്കളിൽ ​ഗുരുതര ആരോഗ്യപ്രശ്നങ്ങൾ‌ക്ക് കാരണമാകുമെന്ന് ഗവേഷകർ കണ്ടെത്തി. പട്നയിലെ മഹാവീർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. അരുൺ കുമാറും പ്രൊഫ. അശോക് ഘോഷും ന്യൂഡൽഹി എയിംസിലെ ബയോകെമിസ്ട്രി വിഭാഗത്തിലെ ഡോ. അശോക് ശർമയുടെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് പഠനം നടത്തിയത്.

ഭോജ്പൂർ, സമസ്തിപൂർ, ബെഗുസാരായ്, ഖഗാരിയ, കതിഹാർ, നളന്ദ എന്നീ ആറ് ജില്ലകളിലെ 40 അമ്മമാരുടെ മുലപ്പാൽ സാമ്പിളുകൾ ശേഖരിച്ച് നടത്തിയ ശാസ്ത്രീയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. 2021 ഒക്ടോബർ മുതൽ 2024 ജൂലൈ വരെ നടത്തിയ ഈ ഗവേഷണത്തിൽ, 17 മുതൽ 35 വയസ് വരെയുള്ള അമ്മമാരുടെ മുലപ്പാൽ ആണ് വിശകലനം ചെയ്തത്. എല്ലാ സാമ്പിളുകളിലും യുറേനിയം (U-238) കണ്ടെത്തി. 0 മുതൽ 5.25 ug/L വരെ സാന്ദ്രതയാണുണ്ടായിരുന്നത്. കതിഹാറിലെ സാമ്പിളുകളിലാണ് യുറേനിയത്തിൻ്റെ ഏറ്റവും ഉയർന്ന സാന്ദ്രത രേഖപ്പെടുത്തിയത്. ഖഗാരിയയിലാണ് ഏറ്റവും ഉയർന്ന ശരാശരി മലിനീകരണം കാണിക്കുന്നത്.

40 മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലാണ് പഠനത്തിന് വിധേയമാക്കിയതെന്നും ഇതിൽ എല്ലാ സാമ്പിളുകളിലും യുറേനിയം (U-238) കണ്ടെത്തിയതായും ഡൽഹി എയിംസിലെ ഡോ. അശോക് ശർമ പറ‍ഞ്ഞു. 70 ശതമാനം ശിശുക്കളിലും അർബുദകാരിയല്ലാത്ത ആരോഗ്യ അപകടസാധ്യത ഉള്ളതായാണ് പഠനത്തിലെ കണ്ടെത്തൽ. യുറേനിയം സമ്പർക്കം ബൗദ്ധിക വികസനത്തിലുണ്ടാകാവുന്ന കുറവ്, ഐക്യു കുറവ് എന്നിവ പോലുള്ള അപകടങ്ങൾ ഉണ്ടാക്കിയേക്കാമെങ്കിലും, ക്ലിനിക്കലി നിർദേശിക്കപ്പെട്ടിട്ടില്ലാത്തിടത്തോളം മുലയൂട്ടൽ നിർത്തേണ്ടതില്ല. ശിശുക്കൾക്ക് പോഷകത്തിനുള്ള ഏറ്റവും ഗുണകരമായ ഉറവിടം അത് തന്നെയാണ്"- അദ്ദേഹം വ്യക്തമാക്കി.

മുലയൂട്ടൽ വഴിയുള്ള യുറേനിയം സമ്പർക്കം വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ദീർഘകാലം തുടരുകയാണെങ്കിൽ, ശിശുക്കളിലെ യുറേനിയം സമ്പർക്കം വൃക്കയുടെ വികസനം, നാഡീവ്യവസ്ഥയുടെ വികസനം, ബൗദ്ധിക- മാനസിക ആരോഗ്യം (താഴ്ന്ന ഐക്യുവും നാഡീവികസന വൈകല്യവും ഉൾപ്പെടെ) എന്നിവയെ ബാധിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'യുറേനിയത്തിന്റെ ഉറവിടം ഇതുവരെയും ഞങ്ങൾക്ക് വ്യക്തമല്ല. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും അത് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ദൗർഭാഗ്യവശാൽ, യുറേനിയം ഭക്ഷ്യശൃംഖലയിലേക്ക് പ്രവേശിച്ചാൽ കാൻസർ, നാഡീവ്യവസ്ഥാ സംബന്ധമായ രോഗങ്ങൾ, കുട്ടികളുടെ വളർച്ചയിലെ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. ഇത് വളരെ ഗൗരവതരമായ വിഷയമാണ്'- ഡോ. ശർമ കൂട്ടിച്ചേർത്തു.

മുമ്പ് വെള്ളത്തിലായിരുന്നു യുറേനിയം ഉണ്ടായിരുന്നത്. അതാണ് ഇപ്പോൾ മുലപ്പാലിലും കണ്ടെത്തിയിരിക്കുന്നത്. ആഗോളതലത്തിൽ, കാനഡ, യുഎസ്, ഫിൻലാൻഡ്, സ്വീഡൻ, സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് കിങ്ഡം, ബംഗ്ലാദേശ്, ചൈന, കൊറിയ, മംഗോളിയ, പാകിസ്താൻ, മെകോങ് ഡെൽറ്റ എന്നിവിടങ്ങളിൽ ഭൂഗർഭജലത്തിൽ ഉയർന്ന അളവിൽ യുറേനിയം ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Similar Posts