< Back
India
പാസ്‌വേഡിനായി എഐയെ ആശ്രയിച്ചവരാണോ നിങ്ങൾ ?; സേഫല്ലെന്ന് പഠനം
India

പാസ്‌വേഡിനായി എഐയെ ആശ്രയിച്ചവരാണോ നിങ്ങൾ ?; സേഫല്ലെന്ന് പഠനം

ശരത് ഓങ്ങല്ലൂർ
|
18 Feb 2026 8:50 PM IST

എഐ നിർമ്മിക്കുന്ന പാസ്‌വേഡുകൾ കാഴ്ചയിൽ സുരക്ഷിതമെന്ന് തോന്നുമെങ്കിലും സൈബർ കുറ്റവാളികൾക്ക് നിസാരമായി മറികടക്കാൻ കഴിയുമെന്നും പഠനം

ലണ്ടൻ: എന്തിനും ഏതിനും എഐയെ ആശ്രയിക്കുന്ന കാലമാണ്. ജീവിതം ലളിതമാക്കുന്നതിൽ എഐ ടൂളുകൾ വഹിക്കുന്ന പങ്കും നിസാരമല്ല. എന്നാൽ, സുരക്ഷിതമായ പാസ്‌വേർഡ് തേടി എഐയെ ആശ്രയിച്ചവരാണ് നിങ്ങളെങ്കിൽ ഇപ്പോൾ മാറ്റണം ആ പാസ്‌വേഡുകൾ. വെറുതെ പറയുന്നതല്ല, വിശദ പഠനത്തിന് ശേഷമാണ് വിദഗ്ധർ അങ്ങനെ പറയുന്നത്. എഐ നിർമ്മിക്കുന്ന പാസ്‌വേഡുകൾ കാഴ്ചയിൽ സുരക്ഷിതമെന്ന് തോന്നുമെങ്കിലും സൈബർ കുറ്റവാളികൾക്ക് നിസാരമായി മറികടക്കാൻ കഴിയുമെന്നും പഠനത്തിലുണ്ട്.

എഐ സൈബർ സെക്യൂരിറ്റി സ്ഥാപനമായ ഇറഗുലർ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് അന്താരാഷ്ട്ര മാധ്യമമായ സ്‌കൈ ന്യൂല് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പഠനത്തിൽ പറയുന്ന കാര്യം എഐ നിർമ്മിത പാസ്‌വേർഡുകളുടെ പ്രവചന സാധ്യതയാണ്. പാസ് വേർഡുകളുടെ സുരക്ഷ നിർണയിക്കുന്നത് അവയുടെ പ്രവചനാതീത സ്വഭാവമാണ്. എന്നാൽ, എഐ സഹായത്തിൽ ഉണ്ടാക്കുന്ന പാസ്‌വേർഡുകൾക്ക് അത്തരമൊരു പ്രവചനതീത സ്വഭാവമില്ല. എഐ ടൂളുകൾ പാസ് വേർഡുകൾ നിർമ്മിക്കുന്നത് അവ പരിശീലിക്കപ്പെട്ട ഡാറ്റയിലെ പാറ്റേണുകൾ ഉപയോഗിച്ചാണ്. സൈബർ കുറ്റവാളികൾക്ക് അത് കണ്ടെത്തുക അത്ര പ്രയാസമല്ലെന്നും പഠനത്തിൽ പറയുന്നു.

ഗവേഷണത്തിന്റെ ഭാഗമായി 'ക്ലോഡ്' (Claude) ഉപയോഗിച്ച് 50 പാസ്വേഡുകൾ നിർമ്മിച്ചപ്പോൾ 'K9#mPx$vL2nQ8wR' എന്ന പാസ്വേഡ് മാത്രം 10 തവണ ആവർത്തിച്ചു വന്നു എന്നും പഠനത്തിലുണ്ട്. സോഫ്റ്റ്‌വെയർ ഡെവലപ്പർമാർക്കും സമാനമായ സുരക്ഷാ ഭീഷണിയുണ്ട്. പലപ്പോഴും കോഡ് എഴുതാനായി എഐയെ ഉപയോഗിക്കാറുണ്ട്. എഐ നിർമ്മിക്കുന്ന കോഡുകളിലും ഇത്തരം സുരക്ഷ വീഴ്ച സംഭവിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

പാസ്‌വേർഡ് നിർമ്മിക്കാനായി എഐ യെ ഒരു രീതിയിലും ആശ്രയിക്കരുത്. സുരക്ഷകൂടിയ പാസ്‌വേഡിനായി വേണമെങ്കിൽ പാസ്‌വേഡ് മാനേജർ ആപ് ഉപയോഗിക്കാം. ഫേസ് റെക്കഗനേഷൻ, ഫിംഗർ പ്രിന്റ് ലോക്കുകൾ ഉപയോഗിക്കാമെന്നും വിദഗ്ധർ പറയുന്നു.

Similar Posts