< Back
India
മാസ് ഡയലോഗും പൊലീസ് യൂണിഫോമിൽ ബൈക്ക് സ്റ്റണ്ടും;    ഇൻസ്റ്റഗ്രാം റീലിന് പിന്നാലെ കോണ്‍സ്റ്റബിളിന് സസ്പെന്‍ഷന്‍
India

മാസ് ഡയലോഗും പൊലീസ് യൂണിഫോമിൽ ബൈക്ക് സ്റ്റണ്ടും; ഇൻസ്റ്റഗ്രാം റീലിന് പിന്നാലെ കോണ്‍സ്റ്റബിളിന് സസ്പെന്‍ഷന്‍

Web Desk
|
30 July 2023 3:52 PM IST

'ശത്രുക്കളെ നിനക്ക് പേടിയില്ലേ...'? എന്ന ഡയലോഗ് ഉൾപ്പെടുത്തിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്

ഗോരഖ്പൂർ: ബൈക്കിൽ സ്റ്റണ്ട് ചെയ്യുന്ന റീൽ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പൊലീസ് കോൺസ്റ്റബിളിന് സസ്‌പെൻഷൻ. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം നടന്നത്. കോൺസ്റ്റബിളായ സന്ദീപ് കുമാർ ചൗബേയാണ് യൂണിഫോമിൽ ബൈക്ക് സ്റ്റണ്ട് ചെയ്ത് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. വീഡിയോയെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്നാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. സംഭവത്തിൽ സീനിയർ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

'ശത്രുക്കളെ നിനക്ക് പേടിയില്ലേ..' എന്ന് ഒരു പെൺകുട്ടി ചോദിക്കുന്ന ഡയലോഗോട് കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്... 'ശത്രുക്കളെ എന്തിന് ഭയപ്പെടുന്നു...എന്താണ് മരണം...ഇന്നല്ലെങ്കിൽ നാളെ നമ്മൾ മരിക്കും. നിങ്ങൾക്ക് ഭയമുണ്ടെങ്കിൽ ദൈവത്തെ ഭയപ്പെടണം.. എന്തിനാണ് പ്രാണികളെയും ചിലന്തികളെയും ഭയപ്പെടുന്നത്?' എന്നും വീഡിയോയിൽ പറയുന്നുണ്ട്.

പൊലീസുകാരെ സ്വകാര്യ ഫോട്ടോകളോ വീഡിയോകളോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് വിലക്കിക്കൊണ്ട് 2023 ഫെബ്രുവരി എട്ടിന് ഉത്തർപ്രദേശ് പൊലീസ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ നിർദേശം അവഗണിച്ചാണ് കോൺസ്റ്റബിൾ സന്ദീപ് കുമാർ ചൗബെ വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് അച്ചടക്ക ലംഘനമാണെന്നും തുടർന്നാണ് നടപടിയെടുത്തതെന്നും എസ്എസ്പി ഡോ ഗൗരവ് ഗ്രോവർ പറഞ്ഞു.

Similar Posts