< Back
India
അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം; കല്ലേറ്, ജനൽചില്ലുകൾ അടിച്ചുതകർത്തു
India

അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം; കല്ലേറ്, ജനൽചില്ലുകൾ അടിച്ചുതകർത്തു

Web Desk
|
22 Dec 2024 7:00 PM IST

പുഷ്‌പ 2 സിനിമയുടെ ആദ്യദിന പ്രദർശനത്തിനിടെ തിരക്കിൽ പെട്ട് യുവതി മരിച്ച സംഭവത്തിലാണ് പ്രതിഷേധം.

ഹൈദരാബാദ്: സിനിമാ താരം അല്ലു അർജുന്റെ ഹൈദരാബാദിലെ വീടിനുനേരെ ആക്രമണം. ജൂബിലി ഹിൽസിലെ വീടിനു നേരെയാണ് ഇന്ന് കല്ലേറുണ്ടായത്.

അല്ലുവിന്റെ പുതിയ സിനിമയായ പുഷ്‌പ 2 പ്രീമിയർ ഷോക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും മരിച്ച രേവതിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന പ്ലക്കാർഡുമായി എത്തിയവരാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം.

തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഒസ്മാനിയ യൂണിവേഴ്‌സിറ്റി ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ പേരിലാണ് പ്രതിഷേധക്കാർ ജൂബിലി ഹിൽസിൽ എത്തിയത്. മുദ്രാവാക്യം വിളിച്ചെത്തിയ സംഘം ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കയറി ചെടിച്ചട്ടികൾ തല്ലിത്തകക്കുകയും കല്ലെറിഞ്ഞ് ജനൽചില്ലുകൾ തകർക്കുകയും ചെയ്‌തു.

ഈ മാസം 4ന് അല്ലു അർജുൻ തിയറ്റില്‍ എത്തിയതിനെ തുടർന്നുണ്ടായ തിരക്കിൽ പെട്ടാണു യുവതി മരിച്ചത്. അപകടത്തിൽ പെട്ട യുവതിയുടെ മകൻ ശ്രീതേജിന്റെ മസ്‌തിഷ്‌ക മരണവും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. തിരക്കു നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാത്തതിന് അല്ലു അർജുനും തിയറ്റർ ഉടമകൾക്കുമെതിരെ പൊലീസ് നരഹത്യക്ക് കേസെടുക്കുകയും ചെയ്‌തു.

കേസില്‍ അറസ്റ്റിലായ അല്ലു അർജുൻ ഒരു ദിവസത്തെ ജയില്‍വാസത്തിനൊടുവില്‍ മോചിതനായിരുന്നു. യുവതിയുടെ കുടുംബത്തിന് താരം 25 ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. സംഭവത്തിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്. ഇതിനിടെയാണ് താരത്തിന്റെ വീടിന് നേരെയും ആക്രമണമുണ്ടായത്. സംഭവത്തില്‍ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്‌.

Similar Posts