< Back
India
വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയിലെ ക്രിസ്ത്യൻ വിരുദ്ധ ആക്രമണങ്ങൾ ഉന്നയിക്കണം: വത്തിക്കാൻ പ്രതിനിധിയോട് സഭാ നേതാക്കൾ

ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗറും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും

India

'വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയിലെ ക്രിസ്ത്യൻ വിരുദ്ധ ആക്രമണങ്ങൾ ഉന്നയിക്കണം': വത്തിക്കാൻ പ്രതിനിധിയോട് സഭാ നേതാക്കൾ

Web Desk
|
19 July 2025 11:16 AM IST

വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഗറും വിദേശകാര്യമന്ത്രി എസ്.ജയശങ്കറും തമ്മിലുള്ള കൂടിക്കാഴ്ചക്ക് മുമ്പായിരുന്നു സഭാ നേതാക്കളുടെ ആവശ്യം

ന്യൂഡൽഹി: ഇന്ത്യയില്‍ ക്രിസ്ത്യാനികൾക്കെതിരായ വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾ ചര്‍ച്ചയാക്കണമെന്ന സഭാ നേതാക്കളുടെ ആവശ്യത്തിന് പിന്നാലെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി വത്തിക്കാന്‍.

വത്തിക്കാന്റെ വിദേശകാര്യ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഗറാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ 17നായിരുന്നു കൂടിക്കാഴ്ച

ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇന്ത്യാ സന്ദർശനത്തിനെത്തിയ ഗല്ലാഗര്‍, ഡൽഹിയിലേതുള്‍പ്പെടെ വിവിധ സഭാ ആസ്ഥാനങ്ങൾ സന്ദർശിക്കുകയും രാജ്യത്തെ വിവിധ സഭാനേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിലാണ് അക്രമ സംഭവങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെടുത്തമെന്ന് വത്തിക്കാനോട് സഭാ നേതൃത്വം ആവശ്യപ്പെട്ടത്.

അതേസമയം വത്തിക്കാൻ പ്രതിനിധിയുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷമുണ്ടെന്ന് ജയശങ്കർ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. വിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും 'സംഘർഷങ്ങൾ' പരിഹരിക്കുന്നതിന് സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും ആവശ്യകതയെക്കുറിച്ചും സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.

അതേസമയം ചർച്ച ചെയ്ത വിഷയങ്ങളെക്കുറിച്ച് വത്തിക്കാനോ ഇന്ത്യയോ ഇതുവരെ പരസ്യ പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. ജയശങ്കർ തന്റെ പോസ്റ്റിൽ പരാമർശിച്ച 'സംഘർഷങ്ങളെക്കുറിച്ച്' അഭിപ്രായം പറയാൻ ഇന്ത്യയിലെ സഭാ ഉദ്യോഗസ്ഥരും വിസമ്മതിച്ചു.

എന്നിരുന്നാലും ക്രിസ്ത്യാനികൾക്കെതിരായ വർദ്ധിച്ചുവരുന്ന ഹിന്ദുത്വ ആക്രമണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാന്‍ ആർച്ച് ബിഷപ്പിനോട് രാജ്യത്തെ വിവിധ ക്രിസത്യന്‍ സംഘടനകള്‍ ആവശ്യപ്പെട്ടെന്നാണ് ഏഷ്യയിലെ സഭകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്ന യുസിഎ ന്യൂസ് പറയുന്നത്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പായാണ് വത്തിക്കാൻ പ്രതിനിധിയെ ഇന്ത്യയിലെ വിവിധ സഭാനേതാക്കൾ കണ്ടത്.

വത്തിക്കാന്റെ ഇടപെടൽ കേന്ദ്രസർക്കാർ തലത്തിൽ മാത്രമാകരുതെന്നും ഇന്ത്യയിലെ സംസ്ഥാന സർക്കാരുകളെക്കൂടി ഉൾപ്പെടുത്തണമെന്നും സംഘടനകൾ ആവശ്യപ്പെടുകയുണ്ടായി. വിവാദമായ മതപരിവർത്തന വിരുദ്ധ നിയമങ്ങളുടെ മറവിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവയ്ക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഇന്ത്യയുമായുള്ള ഉഭയകക്ഷി മനുഷ്യാവകാശ സംഭാഷണങ്ങളിൽ ഉൾപ്പെടുത്തണമെന്നും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന് (യു.സി.എഫ്) വേണ്ടി ഡൽഹിയിലെ ആർച്ച് ബിഷപ്പ് അനിൽ ജോസഫ് കോട്ടോ വത്തിക്കാൻ പ്രതിനിധിയോട് നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരായി വർദ്ധിച്ചുവരുന്ന അക്രമ സംഭവങ്ങളെയും വിവേചനത്തെയും അപലപിച്ചുകൊണ്ട് വത്തിക്കാൻ ഔദ്യോഗിക പ്രസ്താവനകൾ പുറപ്പെടുവിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടതായും യുസിഎ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുസിഎ ന്യൂസില്‍ വന്ന റിപ്പോര്‍ട്ട്
യുസിഎ ന്യൂസില്‍ വന്ന റിപ്പോര്‍ട്ട്



Similar Posts