< Back
India
Vehicle owner in custody in Delhi blast
India

ഡൽഹി സ്ഫോടനം: കാർ ഉടമ കസ്റ്റഡിയിൽ

Web Desk
|
10 Nov 2025 10:59 PM IST

ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനമാണ് പൊട്ടിത്തെറിച്ചത്.

ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കാറുടമ കസ്റ്റഡിയിൽ. പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ20 കാറിന്റെ ഉടമയായ സൽമാൻ എന്നയാളാണ് കസ്റ്റഡിയിലുള്ളത്. താൻ മറ്റൊരാൾക്ക് വിറ്റ വാഹനമാണ് പൊട്ടിത്തെറിച്ചതെന്നാണ് ഇയാളുടെ മൊഴി.

സൽമാന്റെ ചോദ്യം ചെയ്യൽ പുരോ​ഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു. ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനമാണ് പൊട്ടിത്തെറിച്ചത്. ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനം ആർക്കാണ് വിറ്റതെന്നും എന്തുകൊണ്ട് ആർസി ഉടമയുടെ പേര് മാറ്റിയില്ലെന്നും ആരൊക്കെ വാഹനത്തിലുണ്ടായിരുന്നു എന്നൊക്കെയുള്ള കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്.

സ്ഫോടനത്തിന്റെ ചുരുളഴിക്കാനുള്ള തീവ്രശ്രമത്തിലാണ് ഡൽഹി പൊലീസ്. കാർ കടന്നുവന്ന വഴികളിലേതുൾപ്പെടെ ഇതുമായി ബന്ധപ്പെട്ട് മേഖലയിലെ സിസിടിവി ദൃശ്യങ്ങളെല്ലാം പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയുമാണ് പൊലീസ്. ഡൽഹിയുടെ വിവിധ മേഖലകളിൽ പട്രോളിങ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

സ്ഫോടനത്തിൽ പത്ത് പേരാണ് മരിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിരീകരിച്ചിരുന്നു. 24 പേർക്ക് പരിക്കേറ്റു. ഇവരിൽ ആറ് പേരുടെ നില ​അതീവഗുരുതരമാണ്. പരിക്കേറ്റവരിൽ 15 പേരെ ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തെ തുടർന്ന് മേഖലയുടെ സുരക്ഷ എൻഎസ്ജി കമാൻഡോ ഏറ്റെടുത്തു.

യുപി എടിഎസും അന്വേഷണത്തിനുണ്ട്. എൻഐഐ പരിശോധന നടത്തുന്നുണ്ട്. വൈകീട്ട് 6.55ഓടെ ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് പൊട്ടിത്തെറി ഉണ്ടായത്. മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലിലെത്തി പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വാഹനം റെഡ് സിഗ്നലിൽ നിർത്തിയെന്ന് ദൃസാക്ഷികൾ പ്രതികരിച്ചു.

പൊട്ടിത്തെറിയെ തുടർന്ന് നാല് കാറുകൾ ഉൾപ്പെടെ 10 വാഹനങ്ങൾക്ക് തീപിടിച്ചു. കാറുകൾ കൂടാതെ, ഓട്ടോറിക്ഷ, മോട്ടോർസൈക്കിൾ, റിക്ഷ എന്നിവയാണ് കത്തിയത്. കാറുകൾ പൂർണമായും കത്തിനശിച്ചു. സ്ഫോടനത്തെ തുടർന്ന് രാജ്യതലസ്ഥാനത്ത് അതീവജാഗ്രതയിലാണ് രാജ്യം. കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. ‌

സ്ഫോടനത്തെ തുടർന്ന് കേരളത്തിലും മുംബൈയിലും കൊൽക്കത്തയിലും ഇന്ത്യ- പാകിസ്താൻ അതിർത്തിയിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അതേസമയം, സ്ഫോടനത്തിൽ രാഷ്‌ട്രപതി ദുഃഖം രേഖപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഡൽഹി മുഖ്യമന്ത്രിയും ലോക് നായക് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.

ഗുരുതരാവസ്ഥയിലുൾപ്പെടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ഡോക്ടർമാർ. ഇതിനായി പ്രത്യേക ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.


Similar Posts