
Photo|Special Arrangement
അതിർത്തിയിൽ അമേരിക്കൻ യുദ്ധ വിമാനങ്ങൾ; രൂക്ഷ പ്രതികരണവുമായി വെനസ്വേല
|വെനിസ്വേലയുടെ തീരങ്ങളിൽ നിന്ന് 75 കിലോമീറ്റർ അകലെയാണ് അമേരിക്കയുടെ അഞ്ച് എഫ് 35 യുദ്ധവിമാനങ്ങൾ എത്തിയത്.
കരാകസ്: അതിർത്തികളിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ എത്തിയതിനെതിരെ രൂക്ഷ പ്രതികരണവുമായി വെനസ്വേല. രാജ്യസുരക്ഷയെ ചോദ്യം ചെയ്യുന്ന പ്രവൃത്തിയാണ് അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് വെനസ്വേല പ്രതിരോധ മന്ത്രി വ്ലാഡിമിർ പാഡ്രിനോ പറഞ്ഞു. കരീബിയൻ കടലിന് മുകളിൽ വട്ടമിട്ട് പറക്കുന്ന അമേരിക്കൻ യുദ്ധവിമാനങ്ങൾ രാജ്യസുരക്ഷക്ക് ഭീഷണിയാണ്. അമേരിക്കൻ സാമ്രാജ്യത്വം വെനസ്വേലയുടെ തീരത്തേക്ക് അടുക്കാൻ ധൈര്യം കാണിച്ചിരിക്കുന്നു. കാര്യങ്ങൾ തങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
വെനിസ്വേലയുടെ തീരങ്ങളിൽ നിന്ന് 75 കിലോമീറ്റർ അകലെയാണ് അമേരിക്കയുടെ അഞ്ച് എഫ് 35 യുദ്ധവിമാനങ്ങൾ എത്തിയത്. കരീബിയൻ മേഖലയുടെ സമാധാനാന്തരീക്ഷം തകർക്കുന്ന യുഎസ് യുദ്ധകാര്യ സെക്രട്ടറിയുടെ യുദ്ധക്കൊതി നിറഞ്ഞ നിലപാടുകൾ അവസാനിപ്പിക്കണമെന്ന് വെനസ്വേലയുടെ വിദേശകാര്യ- പ്രതിരോധ മന്ത്രാലയങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. വെനസ്വേലയുടെ ആരോപണത്തിൽ പെന്റഗൺ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മയക്കുമരുന്ന് കടത്തുകാർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് വെനസ്വേലയൻ തീരത്ത് അമേരിക്കൻ യുദ്ധവിമാനങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. മയക്കുമരുന്ന് കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് വെനിസ്വേലൻ തീരത്തെ ബോട്ടുകൾക്ക് നേരെ യുഎസ് വ്യോമാക്രമണം നടത്തിയിരുന്നു. വെനിസ്വേലയ്ക്ക് പുറത്ത് യുഎസ് നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 14 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധമായ കൊലപതാകങ്ങൾ എന്നാണ് കരാകസിലെ ഉദ്യോഗസ്ഥരും നിരവധി സ്വതന്ത്രവിദഗ്ധരും ഇതിനെ വിശേപ്പിച്ചത്.