< Back
India
Very Troubling Says Shashi Tharoor On Death Penalty To Sheikh Hasina

Photo| Special Arrangement

India

'അസ്വസ്ഥത ഉളവാക്കുന്ന സംഭവം'; ശൈഖ് ഹസീനയുടെ വധശിക്ഷയിൽ ശശി തരൂർ

Web Desk
|
18 Nov 2025 11:03 AM IST

കഴിഞ്ഞ വർഷം ആഗസ്റ്റിൽ സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ശേഷം ഇന്ത്യയിലേക്ക് കടന്ന ഹസീനയ്ക്ക് തിങ്കളാഴ്ചയാണ് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ ശിക്ഷ വിധിച്ചത്.

ന്യൂഡൽഹി:‌ ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ ബം​ഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയ്ക്ക് വധശിക്ഷ ലഭിച്ചത് അസ്വസ്ഥത ഉളവാക്കുന്ന സംഭവമാണെന്ന് ശശി തരൂർ എംപി. രാജ്യത്തിന് അകത്തായാലും പുറത്തായാലും താൻ വധശിക്ഷയിൽ വിശ്വസിക്കുന്നില്ലെന്നും അതിനാൽ അത് തനിക്ക് നിരാശാജനകമാണെന്നും തരൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'സ്വയം പ്രതിരോധിക്കാനോ വിശദീകരിക്കാനോ ഒരാൾക്ക് അവസരം ലഭിക്കാത്ത ഒരു അസാന്നിധ്യ വിചാരണ. മറ്റൊരു രാജ്യത്തിന്റെ ജുഡീഷ്യറിയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നത് ഉചിതമല്ല, എങ്കിലും, ഇത് പോസിറ്റീവായൊരു സംഭവവികാസമാണെന്ന് പറയാനാവില്ല. വളരെ അസ്വസ്ഥത ഉളവാക്കുന്ന ഒരു സംഭവവികാസമാണിത്'- തരൂർ വിശദമാക്കി.

കഴിഞ്ഞ വർഷം ആഗസ്റ്റിൽ സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ശേഷം ഇന്ത്യയിലേക്ക് കടന്ന ഹസീനയ്ക്കും അന്നത്തെ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിനും തിങ്കളാഴ്ചയാണ് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ കുറ്റക്കാരിയെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ഹസീനയ്ക്കെതിരെ മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾ തെളിഞ്ഞെന്ന് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ പറഞ്ഞു.

2024 ജൂലൈ- ആഗസ്റ്റ് മാസങ്ങളില്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ അതിക്രൂരമായി അടിച്ചമര്‍ത്തിയതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കാണ് ശൈഖ് ഹസീന വിചാരണ നേരിട്ടിരുന്നത്. ഈ വർഷം ആഗസ്റ്റ് മൂന്നിനാണ് ശൈഖ് ഹസീനയെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്. ഹസീനയുടെ അഭാവത്തിലും കൂട്ടക്കൊല, പീഡനം തുടങ്ങി അഞ്ച് കുറ്റകൃത്യങ്ങൾ ചുമത്തിയാണ് വിചാരണ നടന്നത്.

പിടിച്ചെടുത്ത രേഖകൾ, ഇരകളുടെ വിശദമായ പട്ടിക എന്നിവ ഉൾപ്പെടെ 8,747 പേജുള്ള തെളിവുകളാണ് പ്രോസിക്യൂട്ടർമാർ സമർപ്പിച്ചത്. പ്രതികൾ കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കും പ്രേരണ നൽകുകയോ സൗകര്യമൊരുക്കുകയോ തടയാതിരിക്കുകയോ ചെയ്‌തോ എന്നാണ് ട്രൈബ്യൂണൽ പരിശോധിച്ചത്.

1400ലേറെ പേര്‍ കൊല്ലപ്പെട്ട പ്രക്ഷോഭത്തിനെതിരായ നടപടിയിൽ ഹസീനയ്ക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ട്രൈബ്യൂണൽ വിധിക്ക് മുന്നോടിയായി ധാക്കയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അക്രമികളെ കണ്ടാൽ വെടിവെക്കാൻ ഉത്തരവ് ഇട്ടിട്ടുണ്ട്. ​ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് രണ്ട് ദിവസത്തെ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.



Similar Posts