< Back
India
ബോളിവുഡ് നടനും സംവിധായകനുമായ മനോജ് കുമാര്‍ അന്തരിച്ചു
India

ബോളിവുഡ് നടനും സംവിധായകനുമായ മനോജ് കുമാര്‍ അന്തരിച്ചു

Web Desk
|
4 April 2025 11:07 AM IST

നാളെ രാവിലെയാണ് സംസ്കാരം

മുംബൈ: ബോളിവുഡ് നടനും സംവിധായകനുമായ മനോജ് കുമാർ അന്തരിച്ചു. മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിൽ വെച്ച് പുലർച്ചെ 3.30 ഓടെയാണ് അന്ത്യം. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ മൂലം ദീർഘനാളായി ചികിത്സയിൽ ആയിരുന്നുവെന്ന് കുടുംബം അറിയിച്ചു. 87 വയസായിരുന്നു. നാളെ രാവിലെയാണ് സംസ്കാരം.

1937 ജൂലൈ 24 ന് പാകിസ്താനിലെ അബോട്ടാബാദിലാണ് ജനനം. ഹരികൃഷ്ണന്‍ ഗോസ്വാമി എന്നാണ് യഥാര്‍ഥ പേര്. നടന്‍ ദിലീപ് കുമാറിന്റെ കടുത്ത ആരാധകനായിരുന്നതിനാലാണ് മനോജ് കുമാര്‍ എന്ന പേര് സ്വീകരിച്ചത്.

ദേശഭക്തി പ്രമേയമായ ചിത്രങ്ങളിലൂടെയാണ് മനോജ് കുമാർ പ്രശസ്തനായത്. ദേശസ്നേഹ സിനിമകളുടെ സംവിധായകൻ ആയതിനാൽ 'ഭാരത് കുമാർ' എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 'പുരബ് ഔർ പശ്ചിമ്, 'ക്രാന്തി', 'റൊട്ടി കപട ഔർ മകാൻ' എന്നിവ പ്രധാന ചിത്രങ്ങളാണ്. ഭഗത് സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി 'ഷഹീദ്' എന്ന സിനിമ പുറത്തിറക്കിയിരുന്നു.

1995 ൽ പത്മശ്രീയും 2015 ല്‍ ദാദാസാഹിബ് ഫാൽക്കെ അവാർഡും ലഭിച്ചു. ഏഴ് ഫിലിംഫെയർ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, ഗാനരചയിതാവ്, എഡിറ്റർ, സംവിധായകൻ എന്നീ നിലകളിലും അദ്ദേഹം തിളങ്ങിയിരുന്നു. ലാൽ ബഹദൂർ ശാസ്ത്രിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. സംവിധായകന്‍ അശോക് പണ്ഡിറ്റ് ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.

Similar Posts