< Back
India
VHP met 350 MPs to discuss issues such as Waqf Bill, liberation of temples
India

'വഖഫ് ബിൽ, ക്ഷേത്രങ്ങളുടെ വിമോചനം'; 350 എംപിമാരുമായി കൂടിക്കാഴ്ച നടത്തി വിഎച്ച്പി

Web Desk
|
20 Dec 2024 10:53 AM IST

പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി എല്ലാവർഷവും പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനിടെ എംപിമാരുമായി കൂടിക്കാഴ്ച നടത്താറുണ്ടെന്ന് വിഎച്ച്പി സെക്രട്ടറി ജനറൽ ബജ്‌റംഗ് ലാൽ ബഗ്ര പറഞ്ഞു.

ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ, ക്ഷേത്രങ്ങളുടെ വിമോചനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വിവിധ പാർട്ടികളിലെ 350 എംപിമാരുമായി കൂടിക്കാഴ്ച നടത്തിയെന്ന് വിശ്വ ഹിന്ദു പരിഷത്. സൻസദ് സമ്പർക്ക് അഭിയാൻ എന്ന വാർഷിക പരിപാടിയുടെ ഭാഗമായാണ് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനിടെ എംപിമാരുമായി വിഎച്ച്പി നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്.

പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി എല്ലാവർഷവും പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനിടെ എംപിമാരുമായി കൂടിക്കാഴ്ച നടത്താറുണ്ടെന്ന് വിഎച്ച്പി സെക്രട്ടറി ജനറൽ ബജ്‌റംഗ് ലാൽ ബഗ്ര പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ വിഎച്ച്പി അംഗങ്ങൾ അതത് സംസ്ഥാനത്തെ എംപിമാരുമായാണ് കൂടിക്കാഴ്ച നടത്തുകയെന്നും ബഗ്ര പറഞ്ഞു.

ഡിസംബർ രണ്ട് മുതൽ 20 വരെയാണ് ഈ വർഷത്തെ പരിപാടി തീരുമാനിച്ചത്. ആദ്യഘട്ടമായി ഡിസംബർ രണ്ട് മുതൽ ആറുവരെ കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നുള്ള 114 എംപിമാരുമായി കൂടിക്കാഴ്ച നടത്തിയെന്ന് ബഗ്ര പറഞ്ഞു.

രണ്ടാം ഘട്ടമായി ഒമ്പത് മുതൽ 13 വരെ ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി, ഹരിയാന, ഹിമാചൽപ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ 139 എംപിമാരെ കണ്ടു. ഡിസംബർ 16നാണ് മൂന്നാംഘട്ട ക്യാമ്പയിൻ തുടങ്ങിയത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാർ, ജാർഖണ്ഡ്, അസം, മേഘാലയ, അരുണാചൽ പ്രദേശ്, ത്രിപുര, മണിപ്പൂർ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള എംപിമാരെയാണ് മൂന്നാംഘട്ടത്തിൽ കാണുന്നത്.

സർക്കാർ നിയന്ത്രണത്തിലുള്ള മുഴുവൻ ക്ഷേത്രങ്ങളും ഹിന്ദു സമൂഹത്തിന് കൈമാറണമെന്ന് കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായി ബഗ്ര വ്യക്തമാക്കി. വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കണമെന്നും എംപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 29, 30 പ്രകാരം ന്യൂനപക്ഷ സമുദായങ്ങൾക്ക് അവരുടെ മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താൻ അവകാശമുണ്ട്. എന്നാൽ ഹിന്ദു സമൂഹത്തിന് ഈ അവകാശം നിഷേധിക്കുകയാണെന്ന് ബജ്‌റംഗ് ലാൽ ബഗ്ര പറഞ്ഞു.

Related Tags :
Similar Posts