< Back
India
പോക്‌സോ അതിജീവിതയുടെ അമ്മയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടു; വനിത എസ്‌ഐ വിജിലൻസ് പിടിയിൽ
India

പോക്‌സോ അതിജീവിതയുടെ അമ്മയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടു; വനിത എസ്‌ഐ വിജിലൻസ് പിടിയിൽ

Web Desk
|
6 Dec 2025 5:02 PM IST

അതിജീവിതയുടെ അമ്മയോട് രണ്ട് ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്

ന്യുഡൽഹി: പോക്‌സോ കേസിലെ അതിജീവിതയുടെ അമ്മയോട് കൈക്കൂലി ആവശ്യപ്പെട്ട ഡൽഹി പൊലീസിലെ വനിത എസ്‌ഐ വിജിലൻസ് പിടിയിൽ. ഡൽഹി സംഗം വിഹാർ വനിത പൊലീസ് സ്റ്റേഷനിലെ എസ്‌ഐ നമിതയാണ് വിജിലൻസ് പിടിയിലായത്. പോക്‌സോ കേസിൽ അന്വേഷണം വേഗത്തിലാക്കാനും ഇരയ്ക്ക് അനുകൂലമാവുന്ന രീതിയിൽ അന്വേഷണം കൊണ്ടുപോവാനും രണ്ട് ലക്ഷം രൂപ കൈക്കൂലിയായി വേണമെന്നാണ് വനിത എസ്‌ഐ ഇരയുടെ അമ്മയോട് ആവശ്യപ്പെട്ടത്. വ്യാഴാഴ്ചയാണ് ഇരയുടെ അമ്മ വിജിലൻസിനെ സമീപിച്ചത്.

വിജിലൻസിന്റെ നിർദേശാനുസരം കൈക്കൂലിയുടെ ആദ്യ ഗഡു എന്ന നിലയിൽ 15,000 രൂപയുമായി ഇരയുടെ അമ്മ പൊലീസ് സ്റ്റേഷനിൽ എത്തി. എസ്‌ഐയുടെ മുറിയിൽ പ്രവേശിച്ചതോടെ അഴിമതിപ്പണത്തിന്റെ കാര്യം വനിത എസ്‌ഐ ആവർത്തിച്ചു. കൈക്കൂലിയുടെ ആദ്യ ഗഡു കൊണ്ടുവന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ മേശപ്പുറത്തിരിക്കുന്ന ഫയലിൽ വെക്കാനായിരുന്നു വനിത ഉദ്യോഗസ്ഥയുടെ മറുപടി. ഈ സമയം സമീപത്ത് തന്നെ വിജിലൻസ് ഉദ്യോഗസ്ഥർ കാത്തുനിന്നിരുന്നു. വനിത എസ്‌ഐക്ക് പണം കൈമാറിയ ഉടൻ വിജിലൻസ് സംഘം എത്തി പരിശോധന നടത്തി. പണം ഇവരുടെ ഫയലിൽ നിന്ന് കണ്ടെത്തിയതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അഴിമതി വിരുദ്ധ നിയമം സെക്ഷൻ 7 പ്രകാരം അറസ്റ്റ് ചെയ്ത വനിത എസ്‌ഐയെ കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വനിത എസ്‌ഐ മുമ്പ് അന്വേഷിച്ച കേസുകളിലും ഇത്തരത്തിൽ കൈക്കൂലി കൈപ്പറ്റിയിട്ടുണ്ടോ എന്ന കാര്യം വിജിലൻസ് പരിശോധിക്കുന്നുണ്ട്.

Similar Posts