< Back
India
Vijay

Photo|Special Arrangement

India

കരൂർ ദുരന്തത്തിലേക്ക് നയിച്ചത് പൊലീസ് ലാത്തിച്ചാർജെന്ന് ടിവികെ കോടതിയിൽ; എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

Web Desk
|
3 Oct 2025 6:16 PM IST

ദുരന്തത്തിൽ ടിവികെ ജില്ലാ സെക്രട്ടറി എൻ. സതീഷ് കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി.

ചെന്നൈ: കരൂരിൽ വിജയ്‌യുടെ പാർട്ടി റാലി ദുരന്തത്തിലേക്ക് വഴിമാറിയതിൽ പൊലീസിനെതിരെ ആരോപണവുമായി ടിവികെ. പൊലീസ് ലാത്തിച്ചാർജാണ് 41 പേരുടെ മരണത്തിന് കാരണമായ ദുരന്തത്തിലേക്ക് വഴിവച്ചതെന്ന് ടിവികെ മദ്രാസ് ഹൈക്കോടതിയിൽ പറഞ്ഞു. എന്നാൽ ടിവികെ വാദം സ്റ്റാലിൻ സർക്കാർ തള്ളി. ആരോപണം സാധൂകരിക്കുന്ന തെളിവുകളൊന്നുമില്ലെന്ന് സർക്കാർ കോടതിയിൽ വാദിച്ചു.

'അണികൾ വിജയ്‌യെ കാണാൻ കാത്തുനിന്നപ്പോൾ, ജനക്കൂട്ടത്തിൽ നിന്ന് ചിലർ ചെരിപ്പെറിഞ്ഞു. ഇതോടെ, മുന്നറിയിപ്പില്ലാതെ പൊലീസ് ലാത്തിചാർജ് തുടങ്ങി. ഇത് തിക്കുംതിരക്കുമുണ്ടാവാൻ കാരണമായി. സാഹചര്യം പൊലീസ് ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ല'- ടിവികെ കോടതിയിൽ ആരോപിച്ചു.

ദുരന്തത്തിൽ കോടതി പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന് ഉത്തരവിട്ടു. ഐപിഎസ് ഉദ്യോ​ഗസ്ഥനായ അസ്റ ​ഗാർ​ഗ് സംഭവം അന്വേഷിക്കും. നേരത്തെ, റിട്ട. ജസ്റ്റിസ് അരുണ ജ​ഗദീഷൻ അധ്യക്ഷയായ ജുഡീഷ്യൽ കമ്മീഷനെ ദുരന്തത്തിൽ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരുന്നു.

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികൾ ഹൈക്കോടതി തള്ളി. ടിവികെയുടെത് അടക്കം ഒരു കൂട്ടം ഹരജികളാണ് കോടതി തള്ളിയത്. അന്വേഷണം ആരംഭിച്ച ഉടന്‍ എങ്ങനെ സിബിഐയ്ക്ക് കൈമാറുമെന്നും കോടതിയെ രാഷ്ട്രീയപ്പോരിനുള്ള വേദിയാക്കരുതെന്നും ഹൈക്കോടതി മധുരൈ ബെഞ്ച് പറഞ്ഞു.

ദുരന്തത്തിൽ ടിവികെ ജില്ലാ സെക്രട്ടറി എൻ. സതീഷ് കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയും കോടതി തള്ളി. ടിവികെയ്ക്കെതിരെ രൂക്ഷവിമർശനമാണ് കോടതി ഉന്നയിച്ചത്. എന്തുകൊണ്ട് പാർട്ടി ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്ന് കോടതി ചോദിച്ചു. പാർട്ടി മേധാവി വിജയ്‌യുടെ റോഡ്‌ഷോയ്ക്കിടെയുണ്ടായ അക്രമവും പൊതുമുതൽ നശിപ്പിച്ചതും ഉൾപ്പെടെ കേഡർമാരുടെ അക്രമാസക്തമായ പെരുമാറ്റവും കോടതി ചൂണ്ടിക്കാട്ടി.

തമിഴ്നാട് സർക്കാരിനെയും കോടതി വിമർശിച്ചു. പൗരന്മാരുടെ ജീവൻ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്ന് കോടതി ഓർമിപ്പിച്ചു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നടപടി ഉണ്ടായിരുന്നോ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയെന്ന് ഉറപ്പാക്കിയിരുന്നോ? എന്നും കോടതി ചോദിച്ചു. കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റോഡിലെ പൊതുയോഗങ്ങള്‍ കോടതി നിരോധിച്ചു.

കരൂർ ദുരന്തത്തിൽ പ്രതികരണവുമായി ടിവികെ അധ്യക്ഷൻ വിജയ് കഴിഞ്ഞദിവസം രം​ഗത്തെത്തിയിരുന്നു. മനസിൽ വേദന മാത്രമെന്നും ഇത്രയും വേദന മുൻപുണ്ടായിട്ടില്ലെന്നും വിജയ് പറഞ്ഞു. അപകടത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും വിജയ് ആരോപിച്ചു. തന്നെ ലക്ഷ്യമിട്ടോളൂവെന്നും പ്രവർത്തകരെ വെറുതെ വിടണമെന്നും വീഡിയോ സന്ദേശത്തിൽ വിജയ് പറഞ്ഞു. രാഷ്ട്രീയം ശക്തമായി തുടരും.

നടക്കാൻ പാടില്ലാത്തതാണ് നടന്നത്. താനും മനുഷ്യനാണ്. ഇത്രയും ആളുകൾക്ക് ദുരിതം ബാധിക്കുമ്പോൾ എങ്ങനെയാണ് തനിക്ക് നാടുവിട്ട് വരാനാവുക. ചില പ്രത്യേക സാഹചര്യങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് അവിടേക്ക് വരാതിരുന്നതെന്നും വിജയ് പ്രതികരിച്ചു.

കരൂർ ദുരന്തത്തിൽ പിടിയിലായ തമിഴക വെട്രി കഴകം (ടിവികെ) നേതാക്കൾ റിമാൻ‍ഡിലാണ്. മതിയഴകൻ, പൗൺ രാജ് എന്നിവരെയാണ് കരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ടിവികെ സംസ്ഥാന ജനറൽ സെക്രട്ടറിയുൾപ്പെടെയുള്ള നേതാക്കൾ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കേസുകൾ ചേർത്താണ് നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സെപ്തംബർ 27നാണ് കരൂരിൽ വിജയ്‌യുടെ റാലി ദുരന്തത്തിൽ കലാശിച്ചത്.




Similar Posts