< Back
India
മധ്യപ്രദേശിലെ ഖനിയില്‍ നിന്നും വീട്ടമ്മക്ക് ലഭിച്ചത് 10 ലക്ഷം രൂപയുടെ വജ്രം
India

മധ്യപ്രദേശിലെ ഖനിയില്‍ നിന്നും വീട്ടമ്മക്ക് ലഭിച്ചത് 10 ലക്ഷം രൂപയുടെ വജ്രം

Web Desk
|
25 May 2022 11:43 AM IST

ചമേലി ബായി എന്ന വീട്ടമ്മയെയാണ് ഭാഗ്യം കടാക്ഷിച്ചത്

മധ്യപ്രദേശ്: മധ്യപ്രദേശിലെ പന്ന ജില്ലയിലെ ഖനിയില്‍ നിന്നും വീട്ടമ്മ കണ്ടെടുത്തത് 2.08 കാരറ്റിന്‍റെ വജ്രം. കല്ല് നല്ല ഗുണനിലവാരമുള്ളതാണെന്നും ലേലത്തിൽ 10 ലക്ഷം രൂപ വരെ ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ചമേലി ബായി എന്ന വീട്ടമ്മയെയാണ് ഭാഗ്യം കടാക്ഷിച്ചത്. കൃഷ്ണ കല്യാൺപൂർ പതി പ്രദേശത്ത് പാട്ടത്തിനെടുത്ത ഖനിയില്‍ നിന്നാണ് യുവതിക്ക് വജ്രക്കല്ല് ലഭിച്ചതെന്ന് പന്നയുടെ ഡയമണ്ട് ഓഫീസിലെ ഉദ്യോഗസ്ഥൻ അനുപം സിംഗ് പറഞ്ഞു. അടുത്ത ലേലത്തിൽ വജ്രം വിൽപനയ്ക്ക് വയ്ക്കുമെന്നും സർക്കാർ മാർഗനിർദേശങ്ങൾ അനുസരിച്ച് വില നിശ്ചയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സർക്കാർ റോയൽറ്റിയും നികുതിയും കിഴിച്ചതിന് ശേഷമുള്ള തുക യുവതിക്ക് നൽകുമെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ചയാണ് ചമേലി കല്ല് ഡയമണ്ട് ഓഫീസിൽ എത്തിച്ചത്.

വജ്ര ഖനനത്തിൽ ഭാഗ്യം പരീക്ഷിക്കാൻ വേണ്ടിയാണ് ഈ വർഷം മാർച്ചിൽ കൃഷ്ണ കല്യാൺപൂർ പതി പ്രദേശത്ത് ഒരു ചെറിയ ഖനി പാട്ടത്തിനെടുത്തതെന്ന് യുവതിയുടെ ഭർത്താവ് അരവിന്ദ് സിംഗ് പറഞ്ഞു. ലേലത്തിൽ നല്ല വില ലഭിച്ചാൽ പന്ന നഗരത്തിൽ ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് കർഷകനായ അരവിന്ദ് വ്യക്തമാക്കി. പന്ന ജില്ലയിൽ 12 ലക്ഷം കാരറ്റിന്‍റെ വജ്രശേഖരം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

Similar Posts