< Back
India
രണ്ട് മക്കളെ നഷ്ടമായി; രണ്ട് വര്‍ഷത്തിനിപ്പുറം അതേ ദിവസം ദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നു
India

രണ്ട് മക്കളെ നഷ്ടമായി; രണ്ട് വര്‍ഷത്തിനിപ്പുറം അതേ ദിവസം ദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നു

Web Desk
|
20 Sept 2021 9:23 AM IST

ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ നടന്ന ബോട്ടപകടത്തിലാണ് മൂന്നും ഒന്നും വയസുള്ള പെണ്‍കുട്ടികള്‍ മരിച്ചത്.

2019 സെപ്തംബര്‍ 15നാണ് വിശാഖപട്ടണം സ്വദേശികളായ ടി അപ്പള രാജു, ഭാഗ്യലക്ഷ്മി ദമ്പതികള്‍ക്ക് അവരുടെ പെണ്‍മക്കളെ നഷ്ടമായത്. ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ നടന്ന ബോട്ടപകടത്തിലാണ് മൂന്നും ഒന്നും വയസുള്ള പെണ്‍കുട്ടികള്‍ മരിച്ചത്. എന്നാല്‍ ഒരു നിയോഗം പോലെ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ദിനത്തില്‍ ദമ്പതികള്‍ക്ക് ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചിരിക്കുകയാണ്. ദൈവത്തിന്‍റെ അനുഗ്രഹമാണിതെന്ന് ദമ്പതികള്‍ പറയുന്നു.

ഭദ്രാചലത്തിലെ ശ്രീ രാമ ക്ഷേത്രത്തിലേക്കുള്ള തീര്‍ഥയാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. ചുഴലിക്കാറ്റില്‍പ്പെട്ട് ഡബിള്‍ ഡെക്കര്‍ ബോട്ട് മറിയുകയായിരുന്നു. അന്‍പതോളം പേരാണ് അപകടത്തില്‍ മരിച്ചത്. രാജുവിന് ദേഹാസ്വസ്ഥം അനുഭവപ്പെട്ടതിനെതിരെ തുടര്‍ന്ന് അവസാന നിമിഷം ദമ്പതികള്‍ യാത്ര വേണ്ടെന്ന് വെയ്ക്കുകയും മക്കളെ വീട്ടുകാരുടെയൊപ്പം പറഞ്ഞയക്കുകയുമായിരുന്നു. രാജുവിന്‍റെ അമ്മയടക്കം 10 ബന്ധുക്കളാണ് ദുരന്തത്തില്‍ മരണമടഞ്ഞത്.

ദുരന്തത്തിന്‍റെ ഓര്‍മകള്‍ വേട്ടയാടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ദിനത്തില്‍ ദമ്പതികള്‍ക്ക് ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചത്. "നവജാതശിശുക്കള്‍ക്ക് അവരുടെ മൂത്ത സഹോദരങ്ങളുടെ അതേ ഛായയാണ്. ദൈവത്തിന്‍റെ അനുഗ്രഹമാണിത്. രണ്ട് കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു.ഒരുപാട് സന്തോഷത്തിലാണ് ഞങ്ങളിപ്പോള്‍ "- ഭാഗ്യലക്ഷ്മി പറയുന്നു.

















Similar Posts