
വോട്ടർപട്ടിക ക്രമക്കേട്: രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിൽ മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
|'മൂന്ന് സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയിൽ പേരുള്ള ആദിത്യ ശ്രീവാസ്തവയുടെ പേര് മാസങ്ങൾക്ക് മുമ്പ് തിരുത്തി'
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിൽ വീണ്ടും മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മൂന്ന് സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയിൽ പേരുള്ള ആദിത്യ ശ്രീവാസ്തവയുടെ പേര് മാസങ്ങൾക്ക് മുമ്പ് തിരുത്തിയതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തന്റെ അഞ്ചു ചോദ്യങ്ങൾക്ക് കമ്മീഷൻ മറുപടി നൽകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
ഉന്നയിച്ച ആരോപണങ്ങളിൽ രാഹുൽ ഗാന്ധി ഉറച്ചുനിൽക്കുമ്പോൾ അതെല്ലാം പൂർണ്ണമായും തെറ്റാണെന്ന് ആവർത്തിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെളിവുകൾ ശരിയെങ്കിൽ പ്രതിജ്ഞാപത്രത്തിൽ ഒപ്പിട്ട് രേഖാമൂലം പരാതി നൽകാൻ രാഹുൽ തയ്യാറാകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യദ്രോഹം നടത്തുന്നുവെന്ന് പുറത്തുവിട്ട വീഡിയോയിൽ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ബിഹാറിലെ എഫ്ഐആറിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പരാതി നൽകാൻ രാഹുൽ കാത്തിരിക്കുകയാണെന്ന് കമ്മീഷൻ വൃത്തങ്ങൾ തിരിച്ചടിക്കുകയും ചെയ്തു. രാഹുൽ ഗാന്ധി രേഖാമൂലം പരാതി നൽകിയില്ലെങ്കിൽ മാപ്പു പറയണമെന്നും രാഹുൽ നേരിട്ട് ഒരു വിഷയത്തിലും ഇതുവരെ നേരിട്ട് പരാതി നൽകിയിട്ടില്ലെന്നും കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും രാഹുലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിറക്കിയത്.
തന്റെ പ്രധാനപ്പെട്ട അഞ്ചു ചോദ്യങ്ങൾക്ക് കമ്മീഷൻ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് രാഹുൽ പറഞ്ഞു. അതിനിടെ വോട്ടർപട്ടികയുള്ള വെബ്സൈറ്റുകൾ ലഭ്യമല്ലെന്ന വാർത്തകളും കമ്മീഷൻ നിരസിച്ചു. വോട്ടർ പട്ടികയിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായി റിപ്പോർട്ട് ഉണ്ട്.