
കർണാടകയിൽ മുൻ ബിജെപി എംഎൽഎയുടെ വീടിനടുത്ത് വോട്ടർ രേഖകൾ കത്തിച്ച നിലയിൽ
|കലബുറുഗി ജില്ലയിലെ മുൻ ബിജെപി എംഎൽഎ സുഭാഷ് ഗുട്ടേദാറിന്റെ വസതിക്ക് സമീപമാണ് കത്തിനശിച്ച വോട്ടർ രേഖകളുടെ കൂമ്പാരം കണ്ടെത്തിയത്
ബംഗളൂരു: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആലന്ദ് നിയമസഭാ മണ്ഡലത്തിൽ നടന്ന 'വോട്ട് മോഷണം' സംബന്ധിച്ച അന്വേഷണം എസ്ഐടി ശക്തമാക്കുന്നതിനിടെ ശനിയാഴ്ച കലബുറുഗി ജില്ലയിലെ മുൻ ബിജെപി എംഎൽഎ സുഭാഷ് ഗുട്ടേദാറിന്റെ വസതിക്ക് സമീപം കത്തിനശിച്ച വോട്ടർ രേഖകളുടെ കൂമ്പാരം കണ്ടെത്തി. ഇതിൽ അസാധാരണമായി ഒന്നുമില്ലെന്ന് ഗുട്ടേദാർ പറഞ്ഞു.
ഉത്സവത്തിന് മുന്നോടിയായി വീട് ശുചീകരിക്കുന്നതിനിടെ തങ്ങളുടെ ജോലിക്കാർ അത് പുറത്തേക്ക് വലിച്ചെറിഞ്ഞ് കത്തിച്ചു. എന്തെങ്കിലും ദുരുദ്ദേശ്യമുണ്ടായിരുന്നെങ്കിൽ, അത് വീട്ടിൽ നിന്ന് മാറ്റി കത്തിക്കുമായിരുന്നു. വീടിന് മുന്നിൽ ആരെങ്കിലും അത് ചെയ്യുന്നത് എന്തിനാണ്? അതിന് പിന്നിൽ ഒരു ഗൂഢലക്ഷ്യങ്ങളും ഉണ്ടായിരുന്നില്ലെന്നും ഗുട്ടേദാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഗുട്ടേദാർ, അദ്ദേഹത്തിന്റെ മക്കൾ, ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് എന്നിവരുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളിൽ വെള്ളിയാഴ്ച എസ്ഐടി റെയ്ഡ് നടത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി' ആരോപണത്തെ കുറിച്ച്് അന്വേഷിക്കാനാണ് എസ്ഐടി രൂപവത്കരിച്ചത്. 2023 ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ആലന്ദ് നിയോജകമണ്ഡലത്തിൽ 'വോട്ട് മോഷണം' നടന്നതായി രാഹുൽ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്.