< Back
India
Votes were massively cut in Bihar through SIR Says Petitioners in Supreme Court

Photo| Special Arrangement

India

'എസ്ഐആർ വഴി ‌‌‌ബിഹാറിൽ കൂട്ടത്തോടെ വോട്ടുകൾ വെട്ടിമാറ്റി'; ഹരജിക്കാർ സുപ്രിംകോടതിയിൽ

Web Desk
|
7 Oct 2025 5:57 PM IST

വോട്ടർ പട്ടികയിൽനിന്നും ഒഴിവാക്കപ്പെട്ട 65 പേരുടെ സത്യവാങ്മൂലവും ഹരജിക്കാർ കോടതിയിൽ ഹാജരാക്കി.

ന്യൂഡൽഹി: ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ എസ്ഐആറിനെതിരെ ​ഗുരുതര ആരോപണവുമായി ഹരജിക്കാർ സുപ്രിംകോടതിയിൽ. എസ്ഐആർ വഴി ബിഹാറിൽ കൂട്ടത്തോടെ വോട്ട് വെട്ടിമാറ്റിയതായി പ്രശാന്ത് ഭൂഷൺ ഉൾപ്പെടെയുള്ള ഹരജിക്കാർ ആരോപിച്ചു. വോട്ടർപട്ടിക ശുദ്ധീകരിക്കാൻ എന്ന നിലയിൽ കൊണ്ടുവന്ന എസ്ഐആറിലൂടെ നടപടികൾ കൂടുതൽ സങ്കീർണമാക്കുകയാണ് ചെയ്തതെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.

വോട്ടർ പട്ടികയിൽനിന്നും ഒഴിവാക്കപ്പെട്ട 65 പേരുടെ സത്യവാങ്മൂലവും ഹരജിക്കാർ കോടതിയിൽ ഹാജരാക്കി. രേഖകൾ നേരിട്ട് കോടതിയിൽ സമർപ്പിക്കുന്നതിനെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ എതിർത്തു. തുടർവാദത്തിനായി ഹരജി വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി. ബിഹാറിൽ വോട്ടെടുപ്പ് പ്രഖ്യാപിച്ചെങ്കിലും എസ്‌ഐആറുമായി ബന്ധപ്പെട്ട തുടർവാദങ്ങൾ സുപ്രിംകോടതിയിൽ നീളുകയാണ്.

പട്ടികയിൽനിന്ന് പുറത്താക്കപ്പെട്ടവരുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് ഹരജിക്കാർ ചോദിച്ചു. 7.89 കോടിയായിരുന്നു 2020ലെ വോട്ടർമാരുടെ എണ്ണം. അതിൽനിന്ന് 47 ലക്ഷം പേരെ വെട്ടിമാറ്റിയെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് എന്തുകൊണ്ട് കമ്മീഷൻ മറുപടി നൽകുന്നില്ലെന്നും ഹരജിക്കാർ ചോദിച്ചു.

അതേസമയം, വോട്ട് ചോരിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലൂടെ കമ്മീഷനെ അപകീർത്തിപ്പെടുത്തുകയാണ് ചില രാഷ്ട്രീയപാർട്ടികളും ഹരജിക്കാരുമെന്നായിരുന്നു കമ്മീഷന്റെ വാദം. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ സുപ്രിംകോടതിയിൽ യാതൊരു പരാതിയും നൽകിയിട്ടില്ലെന്നും കമ്മീഷൻ അവകാശപ്പെട്ടു.

അന്തിമവോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവർ ഇനിയും കോടതിയെ സമീപിക്കാമെന്നാണ് സുപ്രിംകോടതി പറഞ്ഞിരിക്കുന്നത്. എന്നാൽ, ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ എസ്ഐആറിൽ സുപ്രിംകോടതി ഇടപെടലുണ്ടാവുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.



Similar Posts