< Back
India
ഞങ്ങളെ വിലകുറച്ചുകണ്ടു, മുന്നണിയിൽ പ്രത്യാഘാതങ്ങളുണ്ടായേക്കാം: ബിഹാര്‍ എൻഡിഎ സീറ്റ് വിഭജനത്തിൽ അതൃപ്തി പ്രകടമാക്കി ജിതൻ റാം മാഞ്ചി

ജിതൻ റാം മാഞ്ചി  Photo- PTI

India

'ഞങ്ങളെ വിലകുറച്ചുകണ്ടു, മുന്നണിയിൽ പ്രത്യാഘാതങ്ങളുണ്ടായേക്കാം': ബിഹാര്‍ എൻഡിഎ സീറ്റ് വിഭജനത്തിൽ അതൃപ്തി പ്രകടമാക്കി ജിതൻ റാം മാഞ്ചി

Web Desk
|
12 Oct 2025 10:14 PM IST

അതൃപ്തി പരസ്യമാക്കിയെങ്കിലും ലഭിച്ച സീറ്റുകളിൽ സന്തോഷമുണ്ടെന്നും കേന്ദ്രമന്ത്രി കൂടിയായ മാഞ്ചി പറയുന്നു

പറ്റ്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൻഡിഎയിലെ സീറ്റ് വിഭജനം പൂർത്തിയായതോടെ അതൃപ്തി പ്രകടമാക്കി കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോച്ച(എച്ച്എഎം).

തന്റെ പാർട്ടിക്ക് അനുവദിച്ച ആറ് സീറ്റുകളെ സ്വാഗതം ചെയ്തെങ്കിലും എൻഡിഎയില്‍ തന്റെ പാർട്ടിയെ വിലകുറച്ച് കണ്ടതായി അദ്ദേഹം പറഞ്ഞു. അത്തരം തീരുമാനങ്ങൾ സഖ്യത്തിനുള്ളിൽപ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു.

"പാർലമെന്റിൽ ഞങ്ങൾക്ക് ഒരു സീറ്റാണ് ലഭിച്ചത്. അതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. അതുപോലെ, ഞങ്ങൾക്ക് ആറു സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂവെങ്കിലും അത് ഹൈക്കമാൻഡിൻറെ തീരുമാനമാണ്. ഞങ്ങൾ അത് അംഗീകരിക്കുന്നുവെന്നും''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈകുന്നേരത്തോടെയാണ് എൻ‌ഡി‌എയുടെ സീറ്റ് വിഭജനം പൂർത്തിയായത്. ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കും. 243 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ, ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയ്ക്ക് 29 സീറ്റുകൾ ലഭിച്ചു. ആർ‌എൽ‌എമ്മിനും എച്ച്‌എ‌എമ്മിനും ആറ് സീറ്റുകളെ ലഭിച്ചുള്ളൂ.

കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് എക്‌സിലൂടെ പ്രഖ്യാപനം നടത്തിയത്. സീറ്റ് വിഭജനത്തിനു പിന്നാലെ, ശക്തമായ വിജയമുണ്ടാകുമെന്ന് ജെഡിയു ആത്മവിശ്വാസം പ്രകടിപ്പിച്ചു. എൽ ജെ പി കൂടുതൽ സീറ്റുകൾക്കായി കടുംപിടുത്തം പിടിച്ചതാണ് എൻഡിഎയുടെ സീറ്റ് വിഭജനം വൈകാൻ കാരണമായത്. ഏറ്റവും ഒടുവിൽ ചിരാഗ് പ്രസ്വാനെ അനുനയിപ്പിച്ച ശേഷമാണ് പ്രഖ്യാപനം.

Similar Posts