< Back
India
9 വർഷത്തെ പ്രണയം; വിവാഹം കഴിഞ്ഞ് രണ്ടാം മാസം ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി കെട്ടിത്തൂക്കി
India

9 വർഷത്തെ പ്രണയം; വിവാഹം കഴിഞ്ഞ് രണ്ടാം മാസം ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി കെട്ടിത്തൂക്കി

ശരത് ഓങ്ങല്ലൂർ
|
1 Feb 2026 8:05 PM IST

ഭർത്താവിൻ്റെ സഹോദരൻ നൽകിയ പരാതിയാണ് കേസിൻ്റെ ഗതിമാറ്റിയത്

ബറേലി: ഒമ്പത് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹം, രണ്ട് മാസത്തിനുള്ളിൽ ഭർത്താവിനെ കുടുംബാംഗങ്ങളുടെ സഹായത്തോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി ഭാര്യ. ഉത്തർ പ്രദേശിലെ ബറോലിയിലാണ് 33 കാരനായ ജിതേന്ദ്ര കുമാറിനെ ഭാര്യ ജ്യോതി ബന്ധുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനാണ് കെട്ടിത്തൂക്കിയത്. എന്നാൽ, പോസ്റ്റുമോർട്ടത്തിൽ മരണകാരണം ശ്വാസം മുട്ടിച്ചതാണെന്ന് തെളിയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തെത്തിയത്.

പഠനകാലം മുതൽ ജിതേന്ദ്രയും ജ്യോതിയും പ്രണയത്തിലായിരുന്നു. കഴിഞ്ഞ നവംബർ 25 നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ തന്നെ ഇവർക്കിടയിൽ സാമ്പത്തിക തർക്കങ്ങൾ രൂപപ്പെട്ടിരുന്നു. ജ്യോതിയുടെ അക്കൗണ്ടിൽ നിന്ന് 20,000 രൂപ പിൻവലിച്ച് ഓൺലൈൻ ചൂതാട്ടം നടത്തിയതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്. വീണ്ടും ജ്യോതിയുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതോടെ തർക്കം തുടങ്ങുകയായിരുന്നു. ജനുവരി 26 ന് ജ്യോതി തന്റെ ബന്ധുക്കളെ ജിതേന്ദ്രയം ജ്യോതിയും താമസിക്കുന്ന വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

ജ്യോതിയുടെ അച്ഛനും അമ്മയും സഹോദരനുമാണ് വീട്ടിലേക്ക് എത്തിയത്. അച്ഛനമ്മമാരും സഹോദരനും കൈകാലുകൾ പിടിച്ചപ്പോൾ ജ്യോതിയാണ് ജിതേന്ദ്രയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. മരിച്ചെന്ന് ഉറപ്പായതോടെ തെളിവ് നശിപ്പിക്കാനായി ഇവരുടെ ശ്രമം. അതിനായി മൃതദേഹം ജനൽ കമ്പികളിൽ കെട്ടിത്തൂക്കുകയായിരുന്നു. മഫ്‌ളർ ഉപയോഗിച്ചാണ് കെട്ടിത്തൂക്കിയത്. ആദ്യം സ്ഥലത്തെത്തിയ പൊലീസും ആത്മഹത്യയാണ് എന്ന രീതിയിലാണ് കേസ് കൈകാര്യം ചെയ്തിരുന്നത്. കൊലപാതകത്തിന്റെ പ്രത്യക്ഷ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല.

ജിതേന്ദ്രയുടെ സഹോദരൻ നൽകിയ പരാതിയാണ് കേസിൻ്റെ ഗതിമാറ്റിയത്. അന്വേഷണത്തിന്റെ ഭാഗമായി പോസ്റ്റുമോർട്ടം നടത്തിയതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഭാര്യ ജ്യോതിയും ബന്ധുക്കളും കൊലപാതകം ഏറ്റു പറയുകയായിരുന്നു.

Related Tags :
Similar Posts