< Back
India
Kunar Hembram
India

ബംഗാളില്‍ ബി.ജെ.പിക്ക് തിരിച്ചടി; ജാര്‍ഗ്രാം എം.പി പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Web Desk
|
20 May 2024 10:47 AM IST

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ ജാര്‍ഗ്രാമില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കുനാര്‍ പാര്‍ട്ടി വിട്ടത്

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബി.ജെ.പി എം.പി കുനാര്‍ ഹെബ്രാം പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി.ജെ.പി ആദിവാസി വിരുദ്ധ പാര്‍ട്ടിയാണെന്നാരോപിച്ചാണ് കുനാര്‍ ടിഎംസിയിലേക്ക് ചുവടുമാറിയത്. സംവരണ മണ്ഡലമായ ജാര്‍ഗ്രാമില്‍ നിന്നുള്ള എം.പിയാണ് കുനാര്‍. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ ജാര്‍ഗ്രാമില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കുനാര്‍ പാര്‍ട്ടി വിട്ടത്.

''ബി.ജെ.പി ആദിവാസി വിരുദ്ധ പാർട്ടിയാണ്. ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കാൻ അവർ തയ്യാറാകുന്നില്ല'' ഈ വർഷം ബി.ജെ.പി ടിക്കറ്റ് നിഷേധിച്ച ഹെംബ്രാം (61) ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി നടത്തിയ റാലിയില്‍ വ്യക്തമാക്കി. “ബിജെപി ഒരിക്കലും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കില്ലെന്ന് കുനാർ ഹെംബ്രാം ഈ വർഷങ്ങളിൽ മനസ്സിലാക്കി,” ബാനർജി പറഞ്ഞു.കുനാർ ബി.ജെ.പിയിൽ നിന്നോ ലോക്‌സഭയിൽ നിന്നോ ഔദ്യോഗികമായി രാജിവച്ചിട്ടില്ല. ആറാം ഘട്ടത്തിൽ മേയ് 25 ന് ജാർഗ്രാമിലും മറ്റ് ഏഴ് സീറ്റുകളിലും വോട്ടെടുപ്പ് നടക്കും.

ബംഗാൾ ബി.ജെ.പി മുഖ്യ വക്താവ് സമിക് ഭട്ടാചാര്യ കുനാര്‍ പാര്‍ട്ടി വിട്ടതിനെ ഗൗരവമായി എടുത്തില്ല. "2019-ൽ ഹെംബ്രാം വിജയിച്ചു. അത് കഴിഞ്ഞ ഒരു കാര്യമാണ്. നാം വർത്തമാനകാലത്തിലാണ് ജീവിക്കുന്നത്. ഝാർഗ്രാം സീറ്റിൽ ബി.ജെ.പി വീണ്ടും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. ഹെംബ്രാമിൻ്റെ പുറത്താകൽ ഒരു മാറ്റവും വരുത്തില്ല, ”അദ്ദേഹം പറഞ്ഞു.

Similar Posts