< Back
India
ഇഷ്ടമല്ലാഞ്ഞിട്ടും ജോലി തുടരുകയാണോ?; തൊഴിലിടത്തെ പുതിയ ട്രെന്‍ഡ്, ജോബ് ഹഗ്ഗിങ്ങിനെ കുറിച്ചറിയാം...
India

'ഇഷ്ടമല്ലാഞ്ഞിട്ടും ജോലി തുടരുകയാണോ?'; തൊഴിലിടത്തെ പുതിയ ട്രെന്‍ഡ്, 'ജോബ് ഹഗ്ഗിങ്ങിനെ' കുറിച്ചറിയാം...

ലിസി. പി
|
13 March 2026 1:49 PM IST

2027 വരെ ഈ ട്രെൻഡ് തുടരാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്

കരിയറിൽ ഒരു മാറ്റം വേണമെന്ന് മനസ്സ് പറയുന്നുണ്ടെങ്കിലും കൈയിലുള്ള ജോലി വിട്ടു കളയാൻ പേടിയാണോ?. ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ 'ജോബ് ഹോപ്പിംഗ്' (Job Hopping) അഥവാ ഇടയ്ക്കിടെ ജോലി മാറുന്നതായിരുന്നു തൊഴിലിടങ്ങളിലെ ട്രെൻഡ്. എന്നാല്‍ 2025-26 കാലഘട്ടത്തിൽ ലോകമെമ്പാടുമുള്ള തൊഴിലിടങ്ങളിൽ പുതിയൊരു പ്രവണത ശക്തിയാർജ്ജിക്കുകയാണ്. അതാണ് 'ജോബ് ഹഗ്ഗിങ്'. ലളിതമായി പറഞ്ഞാൽ, നിലവിലുള്ള ജോലിയെ മുറുകെ പിടിച്ചിരിക്കുക എന്നാണ് ഇതിനർത്ഥം. ജോലിയിൽ സംതൃപ്തരാണോ അല്ലയോ എന്നതിനേക്കാൾ, തങ്ങളുടെ സ്ഥാനം സുരക്ഷിതമായി നിലനിർത്തുന്നതിനാണ് ആളുകള്‍ ഇപ്പോൾ മുൻഗണന നൽകുന്നത്.

എന്താണ് ജോബ് ഹഗ്ഗിങ്?

ജോലിയിൽ വലിയ സംതൃപ്തിയില്ലെങ്കില്‍ പോലും, സാമ്പത്തിക അനിശ്ചിതത്വങ്ങൾ ഭയന്ന് നിലവിലെ ജോലിയിൽ തന്നെ തുടരുന്ന രീതിയാണിത്. മെച്ചപ്പെട്ട ശമ്പളത്തിനോ സ്ഥാനക്കയറ്റത്തിനോ വേണ്ടി റിസ്ക് എടുത്ത് മറ്റൊരു കമ്പനിയിലേക്ക് മാറാൻ ഉദ്യോഗസ്ഥർ ഇപ്പോൾ തയ്യാറാകുന്നില്ല. ഏകദേശം 48 ശതമാനം തൊഴിലാളികളും 'ജോബ് ഹഗ്ഗിംഗ്' ചെയ്യുന്നവരാണെന്നും മോൺസ്റ്ററിൻ്റെ 2025-ലെ റിപ്പോർട്ട് പറയുന്നു.

എന്തുകൊണ്ട് ഈ മാറ്റം?

ജോബ് ഹഗ്ഗിങ്ങിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്.അതിലൊന്നാണ് സാമ്പത്തിക അനിശ്ചിതത്വം. പണപ്പെരുപ്പവും ആഗോള സാമ്പത്തിക മാന്ദ്യത്തിൻ്റെ ഭീഷണിയും ആളുകളെ ഭയപ്പെടുത്തുന്നു.പുതിയ തൊഴിലവസരങ്ങൾ കുറയുന്നതും വൻകിട കമ്പനികളിലെ പിരിച്ചുവിടലുകളും ഉദ്യോഗസ്ഥരെ കൂടുതൽ ജാഗരൂകരാക്കുന്നു.ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) പല തൊഴിലുകളെയും ബാധിക്കുമെന്ന പേടിയും പുതിയൊരു ജോലി തേടി പോകുന്നതിൽ നിന്ന് ആളുകളെ പിന്നോട്ട് വലിക്കുന്നു.

നിങ്ങളൊരു ജോബ് ഹഗ്ഗറാണാ..

മറ്റൊരു കമ്പനിയിൽ നിന്ന് മികച്ച ഓഫർ വന്നാലും റിസ്ക് പേടിച്ച് അത് നിരസിക്കുക, ജോലിയിൽ വലിയ സന്തോഷമില്ലെങ്കിലും 'ഇതെങ്കിലും ഉണ്ടല്ലോ' എന്ന് ആശ്വസിക്കുക, പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ മടിക്കുക ഇതെല്ലാമാണ് നിങ്ങള്‍ ജോബ് ഹഗ്ഗറാണോ എന്നതിന്‍റെ പ്രധാന ലക്ഷണങ്ങള്‍

ഗുണവും ദോഷവും

ജോബ് ഹഗ്ഗിങ്ങിന് ഗുണവും ദോഷവുമുണ്ട്. സ്വാഭാവികമായും കമ്പനികൾക്കാണ് ഗുണമുള്ളത്. ജീവനക്കാർ പെട്ടെന്ന് ജോലി വിട്ടു പോകാത്തത് കമ്പനികൾക്ക് നേട്ടമാണ്. പുതിയ ആളുകളെ നിയമിക്കാനും പരിശീലനം നൽകാനുമുള്ള ചെലവ് ഇതിലൂടെ ലാഭിക്കാം. കൂടാതെ കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള പഴയ ജീവനക്കാർ കൂടെയുണ്ടാകുന്നത് ഗുണകരമാണ്.

സുരക്ഷിതത്വം ലഭിക്കുമെങ്കിലും ഇത് കരിയറിലെ വളർച്ചയെ മുരടിപ്പിക്കുമെന്നതാണ് ജീവനക്കാരെ സംബന്ധിച്ച് ഇതിന്‍റെ പ്രധാന ദോഷവശങ്ങള്‍. പുതിയ കാര്യങ്ങൾ പഠിക്കാനുള്ള താൽപ്പര്യം കുറയുകയും കാലക്രമേണ ജോലിയിൽ വിരക്തി അനുഭവപ്പെടുകയും ചെയ്യാം. ഇതിനെ വിദഗ്ധർ 'ക്വയറ്റ് ക്രാക്കിംഗ്' എന്നാണ് വിളിക്കുന്നത്. അതായത് പുറമെ ജോലി ചെയ്യുന്നതായി കാണപ്പെടുമെങ്കിലും മാനസികമായി ജീവനക്കാർ തകർന്നിരിക്കും.

അതേസമയം, ഇത് വെറുമൊരു മടിയല്ല, മറിച്ച് അതിജീവനത്തിനായുള്ള ഒരു തന്ത്രമാണെന്നാണ് തൊഴിൽ വിദഗ്ധർ പറയുന്നത്. 2027 വരെ ഈ ട്രെൻഡ് തുടരാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 75 ശതമാനം തൊഴിലാളികളും അടുത്ത രണ്ട് വർഷത്തേക്ക് തങ്ങളുടെ നിലവിലെ ജോലിയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Similar Posts