< Back
India
ട്രെയിൻ യാത്രക്കിടയിൽ അസുഖം വന്നാൽ എന്ത് ചെയ്യും? റെയിൽവെ സംവിധാനം അറിയാം
India

ട്രെയിൻ യാത്രക്കിടയിൽ അസുഖം വന്നാൽ എന്ത് ചെയ്യും? റെയിൽവെ സംവിധാനം അറിയാം

Web Desk
|
1 Dec 2025 5:13 PM IST

ഓടുന്ന ട്രെയിനിൽ വെച്ച് യാത്രക്കാർക്ക് അസുഖം വന്നാൽ ഡോക്ടറുടെ സേവനം അതിവേഗത്തിൽ ലഭ്യമാക്കാൻ റെയിൽവേയ്ക്ക് കൃത്യമായൊരു സംവിധാനമുണ്ട്

ദൂരയാത്രകൾക്കായി പലപ്പോഴും നമ്മൾ തീവണ്ടിയെ ആശ്രയിക്കാറുണ്ട്. സുഖകരമായ യാത്രക്കിടയിൽ പെട്ടന്നൊരു വയറുവേദനയോ, തലകറക്കമോ, അല്ലെങ്കിൽ ഒരു പനിയോ വന്നാൽ എന്തു ചെയ്യും? അത്തരമൊരു ചിന്ത എപ്പോഴെങ്കിലുമുണ്ടായിട്ടുണ്ടോ? പാതിരാത്രിയിൽ വിജനമായ പ്രദേശത്തുകൂടി ട്രെയിൻ പായുമ്പോൾ വൈദ്യസഹായം ലഭ്യമാക്കാൻ എളുപ്പമല്ലല്ലോ എന്നോർത്ത് വേവലാതിപ്പെട്ടിട്ടുണ്ടോ?

എന്നാൽ ആകുലപ്പെടേണ്ട, വഴിയുണ്ട്. യാത്രക്കാരുടെ ഈ ആശങ്കയ്ക്ക് ഇന്ത്യൻ റെയിൽവേ പരിഹാരം കണ്ടിട്ടുണ്ട്. ഓടുന്ന ട്രെയിനിൽ വെച്ച് യാത്രക്കാർക്ക് അസുഖം വന്നാൽ ഡോക്ടറുടെ സേവനം അതിവേഗത്തിൽ ലഭ്യമാക്കാൻ റെയിൽവേയ്ക്ക് കൃത്യമായൊരു സംവിധാനമുണ്ട്.

നിങ്ങൾക്കോ സഹയാത്രക്കാർക്കോ ട്രെയിനിൽ വെച്ച് ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ പരിഭ്രമിക്കേണ്ട. ട്രെയിനിൽ മെഡിക്കൽ സേവനം ലഭ്യമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാണ്;

1. ട്രെയിനിലെ ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനറെ (TTE) ഉടൻ വിവരമറിയിക്കുക എന്നതാണ് പ്രധാനം. നിങ്ങളുടെ അവസ്ഥയുടെ ഗൗരവം അദ്ദേഹത്തെ ധരിപ്പിക്കുക.

2. അടിയന്തര സാഹചര്യങ്ങളിൽ റെയിൽവേയുടെ സംയോജിത സഹായ നമ്പറായ 139ൽ വിളിച്ച് വിവരം അറിയിക്കാവുന്നതാണ്. നിങ്ങളുടെ കോച്ച് നമ്പറും യാത്രാവിവരം ഉൾപ്പെടെയുള്ള കൃത്യമായ വിവരങ്ങൾ നൽകണം.

3. വിവരങ്ങൾ ടിടിഇ കൺട്രോൾ റൂമിലേക്ക് കൈമാറുന്നതോടെ, ട്രെയിനിന്റെ റൂട്ടിൽ വരുന്ന അടുത്ത പ്രധാന സ്റ്റേഷനിൽ ഒരു ഡോക്ടറെ നിയമിക്കുന്നതിനുള്ള ക്രമീകരണങ്ങൾ റെയിൽവേ ആരംഭിക്കും.

4. ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തിച്ചേരുമ്പോൾ, റെയിൽവേ ഏർപ്പാടാക്കിയ ഡോക്ടർ രോഗിയെ പരിശോധിച്ച് ആവശ്യമായ അടിയന്തര ചികിത്സ നൽകും.

ഈ സേവനം ലഭ്യമാക്കുന്നതിന് യാത്രക്കാർ ചെറിയൊരു തുക ഫീസായി നൽകേണ്ടതുണ്ട്. ഡോക്ടറുടെ പരിശോധന ഫീസായി 100 രൂപ സാധാരണയായി ഈടാക്കും. പരിശോധനയ്ക്ക് ശേഷം ഡോക്ടർ കുറിച്ചു നൽകുന്ന മരുന്നുകൾക്കും യാത്രക്കാർ സ്വന്തമായി പണം നൽകേണ്ടിവരും. ട്രെയിൻ യാത്രക്കിടെ അസുഖം വന്നാൽ ഭയപ്പെടാതെ, ഈ സൗകര്യം ഉപയോഗിച്ച് കൃത്യ സമയത്ത് വൈദ്യസഹായം തേടാം.

Similar Posts