
സാകിയ ജാഫ്രി: കാവിഭീകരതക്ക് മുന്നിൽ പതറാത്ത പോരാളി
|86 ആം വയസ് വരെയും വീര്യത്തോടെ ഗുജറാത്തിലെ ഹിന്ദുത്വ ഭീകരക്കെതിരെ പോരാടിയ വനിതയാണ് സാകിയ ജാഫ്രി
അഹമ്മദാബാദ്: 'എന്റെയുള്ളിൽ ശ്വാസം അവശേഷിക്കുന്ന അവസാന നിമിഷം വരെ ഞാൻ പോരാടിക്കൊണ്ടിരിക്കും', ഒരു സമൂഹത്തെയാകെ ഇല്ലാതാക്കിയ ഗുജറാത്ത് വംശഹത്യയിലെ ഇരകളിലൊരായ സാകിയ ജാഫ്രിയുടെ വാക്കുകളാണിവ. 86 ആം വയസ് വരെയും വീര്യത്തോടെ ഗുജറാത്തിലെ ഹിന്ദുത്വ ഭീകരക്കെതിരെ പോരാടിയ വനിതയാണ് സാകിയ ജാഫ്രി. തനിക്കൊപ്പം ജീവിതവും ജീവനും നഷ്ടപ്പെട്ട ആളുകൾക്ക് കൂടി വേണ്ടിയാണ് തന്റെ പോരാട്ടമെന്നും സാകിയ ജാഫ്രി വ്യക്തമാക്കിയിരുന്നു.
2002 ലെ ഗുജറാത്ത് വംശഹത്യയുടെ അതിജീവിതയായിരുന്നു സാകിയ ജാഫ്രി. വംശഹത്യയിൽ അഹമ്മദാബാദിലെ ചമൻപുരയിലെ ഗേറ്റഡ് ഗുൽബർഗ് സൊസൈറ്റിയിൽ വെച്ച് 68 പേർക്കൊപ്പം കൊല്ലപ്പെട്ട കോൺഗ്രസ് എംപി ഇഹ്‌സാൻ ജാഫ്രിയുടെ ഭാര്യയായിരുന്നു അവർ. സാകിയയുടെ കൺമുൻപിൽ വെച്ചായിരുന്നു ആയുധങ്ങളേന്തിയ ജനക്കൂട്ടം ഭർത്താവിനെ കൊലപ്പെടുത്തിയത്.
കലാപത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നും, അക്രമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മറ്റ് രാഷ്ട്രീയ നേതാക്കൾക്കുമെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ആരോപിച്ച് 2006 ലാണ് സാകിയ നീതിക്കായുള്ള പോരാട്ടം ആരംഭിക്കുന്നത്. 2008-ൽ ഗുൽബർഗ് സൊസൈറ്റി സംഭവമടക്കം ഒമ്പത് കേസുകൾ പുനരന്വേഷിക്കാൻ സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. സാകിയയുടെ പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചു.
പ്രതികൾക്കെതിരെ തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് കാണിച്ച് എസ്ഐടി 2012ൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചു. ഇതിൻ്റെ റിപ്പോർട്ടിൻ്റെ പകർപ്പ് സാകിയക്ക് നൽകാൻ എസ്ഐടിയോട് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ തന്റെ ലക്ഷ്യത്തിൽ നിന്ന് സാകിയ പിന്മാറിയില്ല. ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലയിൽ ഒരു വിഎച്ച്പി നേതാവ് ഉൾപ്പെടെ 24 പേർ കുറ്റക്കാരാണെന്ന് അഹമ്മദാബാദിലെ പ്രത്യേക എസ്ഐടി കോടതി 2016ൽ വിധിച്ചിരുന്നു. ഏറ്റവും ഒടുവിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും മറ്റു പലർക്കും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നൽകിയ ക്ലീൻ ചിറ്റിനെതിരെ സകിയ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സുപ്രീം കോടതി ഹരജി തള്ളി.