< Back
India
അടുത്ത ഉപരാഷ്ട്രപതി ആരായിരിക്കും? സാധ്യതാ പട്ടികയില്‍ മുന്‍ കേരളഗവര്‍ണറും;  നിര്‍ണായക ബിജെപി യോഗം ഇന്ന്
India

അടുത്ത ഉപരാഷ്ട്രപതി ആരായിരിക്കും? സാധ്യതാ പട്ടികയില്‍ മുന്‍ കേരളഗവര്‍ണറും; നിര്‍ണായക ബിജെപി യോഗം ഇന്ന്

Web Desk
|
17 Aug 2025 7:54 AM IST

ഇന്ന് വൈകുന്നേരമോ തിങ്കളാഴ്ചയോ എന്‍ഡിഎ സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള ബിജെപി നിര്‍ണായക യോഗം ഇന്ന് ചേരും. ഇന്ന് വൈകുന്നേരമോ തിങ്കളാഴ്ചയോ എന്‍ഡിഎ സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച എൻഡിഎ പാർട്ടികളുടെ യോഗവും ചേരുന്നുണ്ട്. ഈ യോഗത്തില്‍ മോദി എൻഡിഎ പാർട്ടികളുടെ സ്ഥാനാർഥിയെ പ്രഖ്യാപിക്കും.ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 21 ആണ്.സെപ്തംബര്‍ ഒമ്പതിനാണ്‌ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്.

മുന്‍കേരള ഗവര്‍ണറും ഇപ്പോഴത്തെ ബിഹാര്‍ ഗവര്‍ണറുമായ ആരിഫ് മുഹമ്മദ് ഖാൻ,ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന എന്നിവരുടെ പേരുകളാണ് പ്രധാനമായും സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്നത്.ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, കർണാടക ഗവർണർ തവർചന്ദ് ഗെലോട്ട്, സിക്കിം ഗവർണർ ഓം മാത്തൂർ, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരുടെ പേരുകളും സാധ്യതാ പട്ടികയിലുണ്ട്.

ആർഎസ്എസ് സൈദ്ധാന്തികനായ ശേഷാദ്രി ചാരിയുടെ പേരും പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. വരാനിരിക്കുന്ന ബിഹാർ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് നിലവിലെ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശിനെയും നോമിനിയായി പരിഗണിക്കുന്നുണ്ട്. അടുത്ത ഉപരാഷ്ട്രപതി ബിജെപിയില്‍ നിന്നുള്ളയാളും പാർട്ടിയുടെയും ആർഎസ്എസിന്റെയും പ്രത്യയശാസ്ത്രവുമായി അടുത്തുനില്‍ക്കുന്നയാളാവണം എന്നാണ് നേതാക്കളുടെ അഭിപ്രായം .

കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി ഗവർണർമാരും ലെഫ്റ്റനന്റ് ഗവർണർമാരും പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

ജൂലൈ 21 നാണ് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധർകർ രാജിവെച്ചത്. സെപ്തംബർ ഒമ്പതിന് രാവിലെ10 മുതൽ അഞ്ചുമണിവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.

Similar Posts