< Back
India
ജഗദീപ് ധന്‍ഖഡ് രാജിവെച്ച ഒഴിവിലേക്ക് ഇനി ആര് ?; അറിയാം ഉപരാഷ്ട്രപതി സ്ഥാനാർഥികളെ....
India

ജഗദീപ് ധന്‍ഖഡ് രാജിവെച്ച ഒഴിവിലേക്ക് ഇനി ആര് ?; അറിയാം ഉപരാഷ്ട്രപതി സ്ഥാനാർഥികളെ....

Web Desk
|
23 Aug 2025 1:48 PM IST

ജൂലൈ 21നായിരുന്നു ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻഖഢ് രാജിവെച്ചത്

ന്യൂഡൽഹി: ജൂലൈ 21നായിരുന്നു ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻഖഢ് രാജിവെച്ചത്. ധന്‍ഖഡ് രാജിവച്ച ഒഴിവിലേക്ക് ഇനി ആരെന്ന ചോദ്യത്തിന് സെപ്തംബർ ഒൻപതിന് ഉത്തരമറിയാം. എൻഡിഎ സ്ഥാനാർഥിയായി സി.പി രാധാകൃഷ്ണനും ഇൻഡ്യാ സഖ്യത്തിന്റെ സ്ഥാനാർഥിയായി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയുമാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു നാമനിർദ്ദേശപത്രിക സമർപ്പണം പൂർത്തിയായി സൂക്ഷ്മ പരിശോധന തുടങ്ങിയത്. ഓ​ഗസ്റ്റ് 25നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയതി. ആര്‍എസ്എസുകാരനായ സി.പി രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കുമ്പോള്‍ ഒരുവെടിക്ക് പല പക്ഷികളായിരുന്നു ബിജെപിയും എന്‍ഡിഎയും ലക്ഷ്യമിട്ടത്. പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യ മുന്നണിയുടെ കരുത്തായ ഡിഎംകെയെ ഉള്‍പ്പെടെ ലക്ഷ്യമിട്ടുള്ള നീക്കം. ആര്‍എസ്എസിനെ അനുനയിപ്പിക്കാനുള്ള തന്ത്രം.

എന്നാല്‍, രണ്ടു ദിവസത്തിനകം തെലങ്കാനക്കാരനും മുന്‍ സുപ്രിംകോടതി ജഡ്ജിയുമായ ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിയെ തങ്ങളുടെ സ്ഥാനാര്‍ഥിയാക്കി ഇറക്കി ഇന്‍ഡ്യ മുന്നണിയും ഞെട്ടിച്ചു. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഏകകണ്ഠമായാണ് റെഡ്ഡിയുടെ പേര് അംഗീകരിച്ചതെന്നാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കിയത്.

ബി.സുദര്‍ശന്‍ റെഡ്ഡി

1946 ജൂലൈ എട്ടിന് പഴയ ആന്ധ്രപ്രദേശിലെ, ഇന്നത്തെ തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ അകുല മൈലാരം ഗ്രാമത്തിലാണ് സുദര്‍ശന്‍ റെഡ്ഡിയുടെ ജനനം. ഒരു കര്‍ഷക കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്.

1971ല്‍ ഹൈദരാബാദിലെ ഒസ്മാനിയ യൂനിവേഴ്‌സിറ്റിയില്‍നിന്ന് നിയമബിരുദം നേടിയ റെഡ്ഡി, അതേ വര്‍ഷം ഡിസംബര്‍ 27-ന് ആന്ധ്രാപ്രദേശ് ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി എൻറോള്‍ ചെയ്തു. ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ റിട്ട്, സിവില്‍ കേസുകളില്‍ പ്രാക്ടീസ് ചെയ്ത അദ്ദേഹം 1988-90 കാലഘട്ടത്തില്‍ ഗവണ്‍മെന്റ് പ്ലീഡറായും 1990ല്‍ കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സലായും ഒസ്മാനിയ യൂനിവേഴ്‌സിറ്റിയുടെ ലീഗല്‍ അഡൈ്വസറായും പ്രവര്‍ത്തിച്ചു.

1990-ല്‍ ആറ് മാസക്കാലം കേന്ദ്രസര്‍ക്കാരിന്റെ അഡീഷണല്‍ സ്റ്റാന്‍ഡിംഗ് കോണ്‍സലായും പ്രവര്‍ത്തിച്ചു. ഉസ്മാനിയ സര്‍വകലാശാലയുടെ ലീഗല്‍ അഡൈ്വസറും സ്റ്റാന്‍ഡിംഗ് കോണ്‍സലുമായിരുന്നു. 1995-ല്‍ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിതനായി. 2005-ല്‍ ഗുവാഹത്തി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായി. 2007 വരെ ആ സ്ഥാനത്തു തുടര്‍ന്നു. 2007ല്‍ സുപ്രിംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം. തുടർന്ന് 2011 ജൂലൈ എട്ടിന് 65-ാം വയസില്‍ അദ്ദേഹം വിരമിച്ചു.

സി.പി രാധാകൃഷ്ണന്‍

ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണൻ എന്ന സി.പി രാധാകൃഷ്ണൻ 1957 ഒക്ടോബർ 20ന് തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് ജനിച്ചത്. പതിനാറാം വയസിൽ ആർഎസ്എസിലൂടെ വന്ന രാധാകൃഷ്ണൻ 1974ൽ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

പിന്നീട് 1996ൽ ബിജെപിയുടെ തമിഴ്‌നാട് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1998ൽ കോയമ്പത്തൂരിൽ നിന്ന് ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാധാകൃഷ്ണൻ്റെ പാർലമെൻ്ററി ജീവിതം ആരംഭിക്കുന്നത്. 1999ൽ അദ്ദേഹം വീണ്ടും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എംപിയായിരുന്ന കാലത്ത്, ടെക്‌സ്റ്റൈൽസിനായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾക്കായുള്ള പാർലമെൻ്ററി കമ്മിറ്റി (പിഎസ്‌യു)യിലും ധനകാര്യത്തിനായുള്ള കൺസൾട്ടേറ്റീവ് കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കുംഭകോണം അന്വേഷിക്കുന്ന പാർലമെൻ്ററി സ്‌പെഷ്യൽ കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു.

2004ൽ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായി രാധാകൃഷ്ണൻ നിയോ​ഗിതനായി. ജാർഖണ്ഡ്, തെലങ്കാന ഗവർണർ സ്ഥാനവും വഹിച്ചിട്ടുണ്ട്. കേരള ബിജെപിയുടെ പ്രഭാരി സ്ഥാനവും വഹിച്ചിട്ടുണ്ട്. കോയമ്പത്തൂരിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു. വെങ്കയ്യ നായിഡുവിന് ശേഷം തെക്കേന്ത്യയിൽ നിന്ന് ഒരാളീ സ്ഥാനത്തെത്തുമ്പോൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും ബിജെപി ലക്ഷ്യം വയ്ക്കുകയാണ്.

സെപ്തംബർ ഒൻപതിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുമണി വരെയാണ് വോട്ടെടുപ്പ് നടക്കുക. ലോക്‌സഭാ–രാജ്യസഭാ എംപിമാരാണ്‌ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഇലക്‌ട്രൽ കോളേജ്‌ അംഗങ്ങൾ. 782 ആണ്‌ നിലവിലെ ഇലക്‌ട്രൽ കോളേജ്‌ സംഖ്യ. ജയിക്കാന്‍ 392 വോട്ടാണ് ആവശ്യം.

Similar Posts