< Back
India
ബിജെപിക്കാർ എന്തിനാണ് പേടിക്കുന്നത്?  കർണാടക തദ്ദേശ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കുന്നതിൽ ഡി.കെ ശിവകുമാർ
India

ബിജെപിക്കാർ എന്തിനാണ് പേടിക്കുന്നത്? കർണാടക തദ്ദേശ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കുന്നതിൽ ഡി.കെ ശിവകുമാർ

Web Desk
|
5 Sept 2025 8:13 PM IST

ബൂത്ത് അക്രമവും കള്ള വോട്ടിങും സുഗമമാക്കുന്നതിനായാണ് ബാലറ്റ് പേപ്പർ കോണ്‍ഗ്രസ് തിരികെ കൊണ്ടുവരുന്നതെന്ന് ബിജെപി

ബംഗളൂരു: കര്‍ണാടകയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് (ഇവിഎം) പകരം പേപ്പർ ബാലറ്റുകൾ ഉപയോഗിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ ബിജെപിക്കാര്‍ പേടിക്കുന്നത് എന്തിനെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍.

''ഇത് കർണാടക സർക്കാരിന്റെ തീരുമാനമാണ്, എന്തുകൊണ്ടാണ് ബിജെപി ആശങ്കപ്പെടുന്നത്? മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. ഇതൊക്കെ സര്‍ക്കാറിന്റെ കാര്യങ്ങളാണ്. ബിജെപി അധികാരത്തിലിരുന്നപ്പോഴും ഇതേ വ്യവസ്ഥ നിലവിലുണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

'' അവരുടെ ഭരണകാലത്തും ഇതേ നിയമം നിലവിലുണ്ടായിരുന്നു. ബാലറ്റ് പേപ്പർ ഉപയോഗിച്ചോ ഇവിഎമ്മുകൾ ഉപയോഗിച്ചോ തെരഞ്ഞെടുപ്പ് നടത്താമെന്ന് നിയമം പറയുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾക്ക് ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കാനാണ് ഞങ്ങളുടെ സർക്കാർ തീരുമാനിക്കുന്നത്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അവർക്ക് ഇഷ്ടമുള്ള ഏത് തീരുമാനവും എടുക്കട്ടെ. സംസ്ഥാന സർക്കാരിന്റെ തീരുമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മാത്രമാണ്''-അദ്ദേഹം പറഞ്ഞു. അതേസമയം മന്ത്രിസഭയുടെ നീക്കത്തിന് പരിധിയുണ്ടെന്ന് ശിവകുമാർ പറയുന്നു.

അതേസമയം മന്ത്രിസഭയുടെ തീരുമാനത്തിനെതിരെ ബിജെപി രംഗത്ത് എത്തി. ഇവിഎമ്മില്‍ വിശ്വാസമില്ലെങ്കില്‍ അതിലൂടെ തെരഞ്ഞെടുത്ത 136 കോണ്‍ഗ്രസ് എംഎല്‍എമാരും(2023ലെ നിയമസഭാ തെരഞ്ഞെടുപ്പ്) ഒമ്പത് എംപിമാരും രാജിവെക്കട്ടെ എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര ആവശ്യപ്പെട്ടു. രാജ്യത്ത് ഏറ്റവും കൂടുതൽ നിയമവിരുദ്ധ വോട്ടിങ്, വോട്ട് മോഷണം, അക്രമ സംഭവങ്ങൾ, ക്രമക്കേടുകൾ എന്നിവ രജിസ്റ്റർ ചെയ്തിട്ടുള്ളത് ബാലറ്റ് പേപ്പറുകളിൽ നടന്ന തെരഞ്ഞെടുപ്പുകളിലാണെന്നും അദ്ദേഹം പറയുന്നു. ബൂത്ത് അക്രമവും കള്ള വോട്ടിങും സുഗമമാക്കുന്നതിനായാണ് ബാലറ്റ് പേപ്പർ വോട്ടെടുപ്പ് കോൺഗ്രസ് പുനരുജ്ജീവിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇവിഎമ്മിന് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കണമെന്ന് ശുപാർശ ചെയ്യാൻ ഒരുങ്ങുകയാണ് കർണാടക സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.

Similar Posts