
'എന്തുകൊണ്ട് ബുൾഡോസർ നടപടിയില്ല?'; യുപിയിലെ ലംബോർഗിനി അപകടത്തിൽ യോഗി സർക്കാരിനോട് പ്രതിപക്ഷം
|കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ചയില്ലെന്ന നിങ്ങളുടെ മുദ്രാവാക്യം എവിടെയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് രവിദാസ് മെഹ്റോത്ര എംഎൽഎ ചോദിച്ചു.
ലഖ്നൗ: യുപിയിൽ പുകയില വ്യവസായിയുടെ മകന്റെ ലംബോർഗിനി കാറിടിച്ച് ആറ് പേർക്ക് ഗുരുതര പരിക്കേൽക്കാനിടയായ അപകടത്തിൽ യുപി സർക്കാരിനെതിരെ പ്രതിപക്ഷം. ഈ സംഭവത്തിൽ എന്തുകൊണ്ട് ബുൾഡോസർ നടപടിയുണ്ടാവുന്നില്ലെന്ന് സമാജ്‌വാദി പാർട്ടി ചോദിച്ചു. കേസിൽ അന്വേഷണം മന്ദഗതിയിലെന്നും എസ്പി നേതാക്കൾ ആരോപിച്ചു.
ജനങ്ങൾക്ക് നീതി ലഭിക്കുന്നില്ലെന്നും എല്ലാ കേസുകളിലും ബിജെപി സർക്കാർ വിവേചനം കാണിക്കുകയാണെന്നും സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ് ആരോപിച്ചു. 'ഈ അപകടം ഗൗരവതരമാണ്. അന്വേഷണം മന്ദഗതിയിലാണെന്നത് ഈ കേസിനോടുള്ള സർക്കാരിന്റെ സമീപനമാണ് വ്യക്തമാക്കുന്നത്. സാധാരണക്കാരനാണെങ്കിലും ബിസിനസുകാരനാണെങ്കിലും നിയമം എല്ലാവർക്കും ഒരുപോലെയാവണം. എന്നാൽ ചില കേസുകളിൽ നീതി വൈകുന്നത് ജനങ്ങളുടെ വിശ്വാസം നശിപ്പിക്കും'- എസ്പി എംപി റാംജി ലാൽ സുമൻ പറഞ്ഞു.
കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ചയില്ലെന്ന നിങ്ങളുടെ മുദ്രാവാക്യം എവിടെയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് രവിദാസ് മെഹ്റോത്ര എംഎൽഎ ചോദിച്ചു. ആറ് പേർക്ക് ഗുരുതര പരിക്കേൽക്കാനിടയാക്കിയ അപകടത്തിന് കാരണക്കാരനായ ആൾക്കെതിരെ എപ്പോഴാണ് ബുൾഡോസർ നടപടി പ്രയോഗിക്കുകയെന്നും അദ്ദേഹം ചോദിച്ചു. ബിസിനസുകാരന്റെ മകനെതിരെ എന്തുകൊണ്ടാണ് ബിജെപി സർക്കാർ ശക്തമായ നടപടി സ്വീകരിക്കാൻ മടിക്കുന്നതെന്ന് കോൺഗ്രസ് എംഎൽഎ ആരാധന മിശ്ര ചോദിച്ചു.
കാൺപൂരിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.15ഓടെയായിരുന്നു നഗരത്തെയാകെ ഞെട്ടിച്ച അപകടമുണ്ടായത്. കാൺപൂരിലെ ഗ്വാൾട്ടോളി പ്രദേശത്തെ വിഐപി റോഡിലാണ്, പ്രമുഖ പുകയില ബിസിനസുകാരനായ കെ.കെ മിശ്രയുടെ മകൻ ശിവം മിശ്ര ഓടിച്ച ആഢംബര കാറായ ലംബോർഗിനി മറ്റ് വാഹനങ്ങളെയും കാൽനട യാത്രികരെയും ഇടിച്ചുതെറിപ്പിച്ചത്.
ആദ്യം ഒരു ഓട്ടോറിക്ഷയിൽ ഇടിച്ച ലംബോർഗിനി, തുടർന്ന് ബൈക്കിൽ ഇടിച്ച ശേഷം കാൽനടയാത്രികരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഒടുവിൽ റോഡരികിലെ തൂണിലിടിച്ചാണ് വാഹനം നിന്നത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. താൻ മീറ്ററുകൾ അകലേക്ക് തെറിച്ചുവീണെന്നും കാലിന് ഗുരുതരമായി പരിക്കേറ്റെന്നും പരാതിക്കാരനായ തൗഫിഖ് അഹമ്മദ് പറഞ്ഞു.
എന്നാൽ ശിവം മിശ്രയല്ല കാർ ഓടിച്ചതെന്നായിരുന്നു അഭിഭാഷകന്റേയും പിതാവ് കെ.കെ മിശ്രയുടെയും വാദം. എന്നാൽ പൊലീസ് ഇത് തള്ളി. അപകടമുണ്ടാക്കിയ ഡിഎൽ 11 എഫ് 4018 എന്ന നമ്പരിലുള്ള വാഹനം ഓടിച്ചത് ശിവം മിശ്ര തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായതെന്ന് കാൺപൂർ പൊലീസ് മേധാവി രഘുബീർ ലാൽ പറഞ്ഞു. പരിക്കേറ്റ പരാതിക്കാർക്ക് ഡ്രൈവറുടെ ഐഡന്റിറ്റി അറിയാത്തതിനാലാണ് പ്രാഥമിക എഫ്‌ഐആറിൽ ശിവം മിശ്രയുടെ പേര് ഉണ്ടാവാതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.