ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ത്രീകൾ എന്തുകൊണ്ട് സുരക്ഷിതരല്ല?
|രാഷ്ട്രീയ പാര്‍ട്ടികള്‍ പോഷ് നിയമത്തിന്‍റെ പരിധിയില്‍ വരില്ലെന്ന് കേരള ഹൈക്കോടതി നേരത്തെ പ്രസ്താവിച്ചിരുന്നു
ഡൽഹി: ജോലി സ്ഥലത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയാനുള്ള പോഷ് ആക്ട് ( POSH ) രാഷ്ട്രീയ പാർട്ടികളിലും ബാധകമാക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ സമര്‍പ്പിച്ച റിട്ട് ഹരജി ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള രണ്ട് ജഡ്ജിമാരുടെ ബെഞ്ച് ഈയിടെ തീര്‍പ്പാക്കിയിരുന്നു.
തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം തടയുന്നതിനും എല്ലാ സ്ത്രീകൾക്കും സുരക്ഷിതത്വ ബോധത്തോടെ ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി നടപ്പിലാക്കിയ നിയമമാണ് 2013 ലെ പോഷ് ആക്ട്. സുപ്രിം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന മലയാളി അഭിഭാഷകയായ യോഗമായ എം.ജിയായിരുന്നു ഹരജി സമര്‍പ്പിച്ചിരുന്നത്. 2013 ലെ പോഷ് നിയമത്തിന്‍റെ പരിധിയിൽ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടുന്നുവെന്നും അതിനാൽ അതിൽ വിവരിച്ചിരിക്കുന്ന നടപടിക്രമങ്ങൾ പാലിക്കാൻ അവർ ബാധ്യസ്ഥരാണെന്നും ഹരജിയിൽ പറയുന്നുണ്ട്. 2013ലെ വിശാഖ V/s സ്റ്റേറ്റ് ഓഫ് രാജസ്ഥാനിലെ സുപ്രിം കോടതി വിധിയിലെ നിർദേശങ്ങൾക്ക് അനുസൃതമായി ഒരു പരാതി പരിഹാര സംവിധാനം രൂപീകരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ബിജെപി, കോൺഗ്രസ്, സിപിഎം, എഎപി, ടിഎംസി, തുടങ്ങിയ പാർട്ടികളെ കക്ഷി ചേര്‍ത്തായിരുന്നു ഹരജി.
രാഷ്ട്രീയ പാര്‍ട്ടികള്‍ പോഷ് നിയമത്തിന്‍റെ പരിധിയില്‍ വരില്ലെന്ന് കേരള ഹൈക്കോടതി നേരത്തെ പ്രസ്താവിച്ചിരുന്നു. 2022ല്‍ ഒരു കേസ് പരിഗണിക്കവേ രാഷ്ട്രീയ പാര്‍ട്ടികളില്‍ പോഷ് ആക്ടിന്‍റെ അടിസ്ഥാനത്തില്‍ ലൈംഗിക അതിക്രമ പരാതികള്‍ പരിഗണിക്കാന്‍ ഐസിസി രൂപീകരിക്കേണ്ടതില്ലെന്നായിരുന്നു അന്ന് ഹൈക്കോടതി വിധിച്ചത്. ഹരജി പരിഗണിക്കവേ, രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങള്‍ തമ്മില്‍ തൊഴിലാളി-തൊഴിലുടമ ബന്ധമല്ല ഉള്ളതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. മാത്രവുമല്ല, രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വകാര്യ സംരംഭങ്ങളോ സ്ഥാപനങ്ങളോ മുതലായവ നടത്തുന്നില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഐസിസി ഉണ്ടാക്കാന്‍ ബാധ്യസ്ഥരല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
വിഷയം സുപ്രിം കോടതിയുടെ പരിഗണനയിൽ വരുന്ന വിഷയമല്ലെന്നും പാര്‍ലമെന്‍റിന്‍റെ പരിധിയിൽ വരുന്നതാണെന്നുമാണ് പിന്നീട് റിട്ട് ഹരജിയിൽ സുപ്രിം കോടതി വ്യക്തമാക്കിയത്. പുരുഷാധിപത്യമുള്ള സമൂഹത്തിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനോ വിജയിക്കുന്നതിനോ സാധ്യതയുള്ള നിരവധി സ്ത്രീകൾക്ക് ഇത് ഒരു തിരിച്ചടിയാണ്.
രാഷ്ട്രീയത്തിലെ സ്ത്രീകൾ
ലൈംഗികാതിക്രമവും ദുരുപയോഗവും ഭയന്ന് 90 ശതമാനം സ്ത്രീകളും സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്നതായി ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള യുഎൻ വിമനും ( The United Nations Entity for Gender Equality and the Empowerment of Women) സെന്‍റര്‍ ഫോർ സോഷ്യൽ റിസർച്ചും ചേർന്ന് 2014-ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് വെളിപ്പെടുത്തുന്നത്,
വാക്കാലുള്ള ദുരുപയോഗം നേരിട്ടുണ്ടെന്നാണ് പ്രതികരിച്ചവരിൽ ഏകദേശം 50 പേര്‍ വെളിപ്പെടുത്തിയത്. 45 ശതമാനം പേർ ശാരീരിക അതിക്രമങ്ങളും ഭീഷണികളും സാധാരണമാണെന്ന് പറഞ്ഞു. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ. പുരുഷൻമാരായ മത്സരാര്‍ഥികളാണ് പലപ്പോഴും പ്രതിസ്ഥാനത്തെന്നും 58 ശതമാനം പേർ പാർട്ടി സഹപ്രവർത്തകരാണെന്നും 67 ശതമാനം വനിതാ രാഷ്ട്രീയക്കാരും വ്യക്തമാക്കുന്നു. സഹപ്രവർത്തകരിൽ നിന്നുള്ള അക്രമവും പീഡനവും കാരണം രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകൾ മാത്രമാണ് ഈ രംഗത്തേക്ക് ഇറങ്ങുന്നത്.
2003നും 2013നും ഇടയിലുള്ള കാലയളവിലെ വിവരങ്ങൾ പരിശോധിച്ചാൽ ഇന്ത്യയിലെ 45 ശതമാനം വനിതാ സ്ഥാനാര്‍ഥികളും ശാരീരിക അതിക്രമങ്ങൾക്കും ഭീഷണികൾക്കും ഇരയാകുന്നുണ്ടെന്ന് കണ്ടെത്തി. അതേസമയം ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളിൽ എത്ര സ്ത്രീ പുരുഷൻമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള ഡാറ്റ ലഭ്യമല്ല എന്നതും ഒരു പോരായ്മയാണ്.
2024 നവംബറിൽ ബിജെപി 111 ദശലക്ഷം അംഗങ്ങളെ പാര്‍ട്ടിയിൽ ചേര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. 2025 ജനുവരിയിലെ കണക്കനുസരിച്ച്, ബംഗാളിലെ ബിജെപി 5 ദശലക്ഷം അംഗങ്ങളെ ചേർത്തു, ഇതിൽ 55 ശതമാനം സ്ത്രീകളാണ്, 2.5 ദശലക്ഷത്തിലധികം. 2025-ൽ ബിജെപിയുടെ മൊത്തം അംഗത്വത്തിൽ 30 ശതമാനം സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ട്. 2024 ഒക്ടോബറിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐഎൻസി) ഒരു ഓൺലൈൻ അംഗത്വ ഡ്രൈവ് വഴി 0.2 ദശലക്ഷത്തിലധികം സ്ത്രീകളെ മഹിളാ കോൺഗ്രസിൽ ചേര്‍ത്തു. ഇത് പാർട്ടിയിലെ മൊത്തം അംഗത്വമായ 55 ദശലക്ഷം പേർക്ക് (2023) പുറമെയാണ്. ഡിജിറ്റൽ അംഗത്വം ആരംഭിച്ചതോടെ, 18-40 പ്രായപരിധിയിലുള്ള പാർട്ടി അംഗങ്ങളിൽ 42 ശതമാനം പേർ ഡിജിറ്റൽ അംഗങ്ങളാണെന്ന് പാർട്ടി റിപ്പോർട്ട് ചെയ്യുന്നു. തെലങ്കാന കോൺഗ്രസിൽ 2.5 ദശലക്ഷം സ്ത്രീകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ സ്ത്രീകളുടെ ആകെ പ്രാതിനിധ്യം ഏകദേശം 23 ദശലക്ഷം വരും.
2024 ൽ ഏകദേശം 20 ശതമാനം വരുന്ന 10 ദശലക്ഷത്തോളം വരുന്ന അംഗങ്ങളുടെ ലിംഗപരമായ ഡാറ്റ റിപ്പോർട്ട് ചെയ്ത ഒരേയൊരു പാർട്ടി സിപിഎം മാത്രമാണ്. അതായത് 2 ദശലക്ഷം സ്ത്രീകളുള്ള പാര്‍ട്ടിയിൽ സ്ത്രീകളുടെ അനുപാതം 20 ശതമാനമാണ്. 2013ലെ പോഷ് നിയമപ്രകാരം ഐസിസി രൂപീകരിക്കുകയും അത് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത ഒരേയൊരു പാര്‍ട്ടിയും സിപിഎമ്മാണ്. 2000-ത്തിലധികം രാഷ്ട്രീയ പാർട്ടികളും കുറഞ്ഞത് 10 ദേശീയ പാർട്ടികളുമുള്ള ഒരു രാജ്യത്ത് വെറും മൂന്ന് പാര്‍ട്ടികൾ മാത്രമാണ് അംഗങ്ങളായ സ്ത്രീകളുടെ കണക്കെടുത്തിട്ടുള്ളത് എന്നത് ഗുരുതരമായ ന്യൂനതയാണ്.
സ്ത്രീകൾക്ക് ഭയമില്ലാതെ എങ്ങനെ പ്രവര്‍ത്തിക്കാൻ കഴിയും
ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് അനുസരിച്ച്, മൂന്നിൽ ഒരു സ്ത്രീ അവരുടെ ജീവിതകാലത്ത് കുറഞ്ഞത് ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമം അനുഭവിച്ചിട്ടുണ്ട്. തുറന്നു പറയുമ്പോഴുള്ള അപമാനവും അന്തരഫലങ്ങളും ഭയന്ന് പലരും ഇത് വെളിപ്പെടുത്താനും പരാതിപ്പെടാനും മടിക്കുന്നു. രാഷ്ട്രീയത്തിന്‍റെ കാര്യമെടുത്താൽ ഭയത്തിനപ്പുറം പൊതുരംഗത്ത് അതുണ്ടാക്കുന്ന നാണക്കേടാണ് തുറന്നുപറയുന്നതിൽ നിന്നും സ്ത്രീകളെ പിന്നോട്ടു വലിക്കുന്നത്.
2022-ൽ, പാർട്ടി സഹപ്രവർത്തകന്‍റെ മോശം പെരുമാറ്റത്തെക്കുറിച്ചുള്ള വിഷയം ഉന്നയിച്ച ഡോ. അംഗിത ദത്തയ്ക്ക് ഒടുവിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവയ്ക്കേണ്ടിവന്നു. കോൺഗ്രസ് പാർട്ടി അവർക്കെതിരെ അപകീർത്തികരമായ പ്രചാരണം ആരംഭിക്കുകയും അവരുടെ പരാതിക്ക് കാര്യമായ ശ്രദ്ധ നൽകുകയോ ചെയ്തില്ല. ഇത്തരം പരാതികൾ എതിര്‍പാര്‍ട്ടിക്കാര്‍ തങ്ങളുടെ പ്രചാരണയുധമായി ഉപയോഗിക്കുന്ന പ്രവണതയമുണ്ട്. ആം ആദ്മി പാർട്ടിയുടെ ഏക വനിതാ എംപിയായ സ്വാതി മാലിവാൾ, അരവിന്ദ് കെജ്‌രിവാളിന്‍റെ പിഎക്കെതിരെ ആരോപണം ഉന്നയിച്ചത് മറ്റൊരു ഉദാഹരണമാണ്. പഠനവിധേയമാക്കിയ മൂന്ന് രാജ്യങ്ങളിലും സ്ത്രീ വോട്ടർ പങ്കാളിത്തവും സ്ഥാനാർത്ഥി നാമനിർദേശങ്ങളും വർധിച്ചിട്ടുണ്ടെങ്കിലും, ദേശീയ തലത്തിൽ സ്ത്രീകളുടെ സാന്നിധ്യം കുറഞ്ഞു. സമഗ്രമായ നിയമ പരിരക്ഷകൾ അക്രമം കുറയ്ക്കുന്നതിനും അത്തരം പെരുമാറ്റങ്ങളോടുള്ള സമൂഹത്തിലെ സഹിഷ്ണുത കുറയ്ക്കുന്നതിനും കാരണമാകുമെന്ന് അന്താരാഷ്ട്രതലത്തിൽ നിന്നുള്ള സംഭവങ്ങൾ തെളിയിക്കുന്നു.
നിയമനിര്‍മാണം മാത്രമല്ല പരിഹാരം
ഈ വിഷയത്തിൽ ഒരു നിയമം കൊണ്ടുവരാൻ നിയമസഭയോട് ആവശ്യപ്പെടുകയോ, വനിതാ അംഗങ്ങൾ ഒരു സ്വകാര്യ ബിൽ അവതരിപ്പിക്കാൻ ആവശ്യപ്പെടുകയോ ചെയ്യാനുള്ള സുപ്രിം കോടതിയുടെ നിർദേശം പൊള്ളയാണെന്ന് ന്യൂസ് ലോൺട്രിയിൽ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. 1970-ൽ പാസാക്കിയ അവസാന സ്വകാര്യ ബിൽ, പാർലമെന്‍റ് അംഗങ്ങളുടെ വാദങ്ങൾ ഉന്നയിക്കുന്നതിനുള്ള ഒരു ഉപകരണം മാത്രമായി അത് എങ്ങനെ തുടരുന്നു എന്നതിന് തെളിവാണ്. രാഷ്ട്രീയ രംഗത്ത് ആധിപത്യം പുലർത്തുന്ന പുരുഷന്മാർ തന്നെ സ്ത്രീകൾക്ക് സീറ്റുകൾ സംവരണം ചെയ്യുന്ന നിയമം പാസാക്കാൻ ഏകദേശം മൂന്ന് പതിറ്റാണ്ടുകളെടുത്തു, അതും സ്ത്രീകളുടെ വോട്ട് വിഹിതം അവഗണിക്കാൻ കഴിയാത്തവിധം വളര്‍ന്നപ്പോഴാണ് നിയമം കൊണ്ടുവരാൻ നിര്‍ബന്ധിതരായത്.
പാർട്ടി സഹപ്രവർത്തകരിൽ നിന്ന് മിക്ക സ്ത്രീകളും അക്രമം അനുഭവിക്കുമ്പോൾ, ഇതേ സ്ഥാപനങ്ങൾ അവരുടെ മോശം പെരുമാറ്റത്തെ തടയിടുന്ന നിയമനിർമാണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നത് ബുദ്ധിശൂന്യമാണ്. തങ്ങൾ തൊഴിലിടമല്ല എന്ന് ന്യായീകരിച്ചുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികൾ വളരെക്കാലമായി ഇതിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്. നിയന്ത്രണ ഏജൻസികൾ പലപ്പോഴും കുറ്റവാളികളാകുമ്പോൾ സ്വയം നിയന്ത്രണം വളരെ അപൂർവമായി മാത്രമേ പ്രവർത്തിക്കൂ. പോഷ് നിയമം ശരിയായി നടപ്പിലാക്കുകയാണ് വേണ്ടത്. എന്നാൽ നിലവിലുള്ള നിയമത്തെക്കുറിച്ചുള്ള കേരള ഹൈക്കോടതിയുടെ ഇടുങ്ങിയ വ്യാഖ്യാനം സ്ത്രീ സുരക്ഷയെ ദുർബലപ്പെടുത്തുന്നു, അതേസമയം രാഷ്ട്രീയ പാർട്ടികളെ പോഷ് നിയമത്തിന് കീഴിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു റിട്ട് ഹരജി സുപ്രിം കോടതി ബെഞ്ച് തീർപ്പാക്കിയത് നീതിക്കുള്ള അവസരം നഷ്ടപ്പെടുത്തി.
ആഗോളതലത്തിൽ വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിലും ദക്ഷിണേഷ്യൻ രാഷ്ട്രീയത്തിൽ സ്ത്രീകൾ നേരിടുന്ന അക്രമത്തിന്റെയും പീഡനത്തിന്റെയും വ്യാപ്തിയും തീവ്രതയും രൂക്ഷമാണ്. 2012-ൽ, ലോ നമ്പർ 243 വഴി രാഷ്ട്രീയത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറ്റകരമാക്കുന്ന ആദ്യത്തെ ലാറ്റിൻ അമേരിക്കൻ രാജ്യമായി ബൊളീവിയ മാറി. സംവരണം വഴി പാർലമെന്‍റിൽ ഏറ്റവും കൂടുതൽ സ്ത്രീ പ്രാതിനിധ്യം അവകാശപ്പെടുന്ന കെനിയ, 2011 ലെ പൊളിറ്റിക്കൽ പാർട്ടി നിയമപ്രകാരം രാഷ്ട്രീയ പാർട്ടി തർക്ക ട്രൈബ്യൂണൽ സ്ഥാപിച്ചു. യുകെയിൽ നടപ്പിലാക്കിയ 2010ലെ ഇക്വാലിറ്റി ആക്ടും മികച്ച ഒരു ചുവടുവെപ്പായിരുന്നു. അതേസമയം, രാഷ്ട്രീയത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറയ്ക്കുന്നതിനായി കൊണ്ടുവന്ന ബില്ലുകൾ പെറു, മെക്സിക്കോ, കോസ്റ്റാറിക്ക എന്നീ രാജ്യങ്ങളിലെ നിയമസഭകളിൽ കെട്ടിക്കിടക്കുകയാണ്.