
ബംഗാളിലെ വോട്ടർ പട്ടികയിൽ വ്യാപക വെട്ടിനിരത്തൽ: ലക്ഷക്കണക്കിന് പേർ പുറത്ത്
|പൊലീസ് ഉദ്യോഗസ്ഥർ, ബിഎസ്എഫ് ജവാന്മാർ, സർക്കാർ കോളജ് അധ്യാപകർ എന്നിവരും പട്ടികയിൽ നിന്ന് പുറത്തായവരിൽ പെടുന്നു
മുർഷിദാബാദ്: പശ്ചിമ ബംഗാളിലെ മാൾഡ, മുർഷിദാബാദ് ജില്ലകളിൽ വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയത് വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. ഇതിനകം 60 ലക്ഷം അപേക്ഷകൾ പരിശോധനയ്ക്ക് എടുത്തതിൽ 37 ലക്ഷം കേസുകളിൽ തീരുമാനമായിക്കഴിഞ്ഞു. സംസ്ഥാനത്തൊട്ടാകെ 15 ലക്ഷത്തിലധികം പേരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായാണ് ഔദ്യോഗിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരും ഈ പട്ടികയിൽ നിന്ന് പുറത്തായവരിലുണ്ട്. വർഷങ്ങളായി അഭിഭാഷകനായി ജോലി ചെയ്യുന്ന മുഹമ്മദ് യാസിൻ മഹലദാർ, മുർഷിദാബാദ് മെഡിക്കൽ കോളജിലെ ഗൈനക്കോളജിസ്റ്റ് ഖാലിദ ഖാത്തൂൻ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. എല്ലാ രേഖകളും ഹാജരാക്കിയിട്ടും തങ്ങളുടെ പേര് നീക്കം ചെയ്തതിന് കൃത്യമായ കാരണം ലഭിച്ചിട്ടില്ലെന്ന് ഇവർ പരാതിപ്പെടുന്നു.
മാൾഡയിലെ ബഹദൂർപൂർ കബിരാജ്‌തല ഗ്രാമത്തിലെ ബൂത്തുകളിൽ പരിശോധനയ്ക്കായി എടുത്ത 444 പേരുകളിൽ 327 എണ്ണവും നീക്കം ചെയ്യപ്പെട്ടു. സമാനമായ രീതിയിൽ മുർഷിദാബാദിലെ ദേബിപൂർ പ്രദേശത്തും പകുതിയിലധികം വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടു. പല കുടുംബങ്ങളിലും മാതാപിതാക്കളുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുകയും മക്കളുടെ പേര് നിലനിൽക്കുകയും ചെയ്യുന്ന വിചിത്രമായ സാഹചര്യവുമുണ്ട്.
പൊലീസ് ഉദ്യോഗസ്ഥർ, ബിഎസ്എഫ് ജവാന്മാർ, സർക്കാർ കോളജ് അധ്യാപകർ എന്നിവരും പട്ടികയിൽ നിന്ന് പുറത്തായവരിൽ പെടുന്നു. വർഷങ്ങളായി വോട്ടവകാശമുള്ളവരും 1950കൾ മുതലുള്ള പൗരത്വ രേഖകൾ കൈവശമുള്ളവരുമായ വ്യക്തികളുടെ പേര് പോലും ഒഴിവാക്കിയത് വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇതിൽ വലിയ തോതിൽ പ്രതിഷേധങ്ങൾ ഗ്രാമവാസികൾ ആരംഭിച്ചിട്ടുണ്ട്.
സുപ്രിം കോടതി ഉത്തരവ് പ്രകാരം പരാതികൾ കേൾക്കാൻ ട്രൈബ്യൂണലുകൾ സ്ഥാപിക്കേണ്ടതുണ്ടെങ്കിലും അത് ഇതുവരെ പ്രാവർത്തികമായിട്ടില്ല. പട്ടിക പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം അപ്പീൽ നൽകണമെന്നിരിക്കെ, ഇതിനകം ഏഴ് ദിവസം പിന്നിട്ടുകഴിഞ്ഞു. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് ആളുകളുടെ പരാതികൾ തീർപ്പാക്കുന്നത് അസാധ്യമാണെന്നും ഇത് വോട്ടവകാശം നിഷേധിക്കലാണെന്നും പരാതിക്കാർ ആരോപിക്കുന്നു.