< Back
India
ക്യാമറക്കണ്ണുകൾക്കൊക്കെ പരിധിയുണ്ട് സാറേ; വനംവകുപ്പ് സ്ഥാപിച്ച ക്യാമറ കശക്കിയെറിഞ്ഞ് ഒറ്റക്കൊമ്പൻ, വീഡിയോ വൈറൽ
India

'ക്യാമറക്കണ്ണുകൾക്കൊക്കെ പരിധിയുണ്ട് സാറേ'; വനംവകുപ്പ് സ്ഥാപിച്ച ക്യാമറ കശക്കിയെറിഞ്ഞ് ഒറ്റക്കൊമ്പൻ, വീഡിയോ വൈറൽ

Web Desk
|
31 Dec 2025 8:38 PM IST

വനംവകുപ്പ് ഉദ്യോഗസ്ഥനായ പര്‍വീന്‍ കസ്‌വാന്‍ പങ്കുവെച്ച വീഡിയോയിലാണ് മരത്തില്‍ സ്ഥാപിച്ചിരുന്ന ക്യാമറ അസഹിഷ്ണുതയോടെ കാട്ടാന കശക്കിയെറിയുന്നത്

ന്യൂഡൽഹി: സമൂഹവുമായി ആഴത്തില്‍ ഇടപഴകാന്‍ വേഗത്തില്‍ ശീലിക്കുകയും ബുദ്ധിപൂര്‍വം പെരുമാറുകയും ചെയ്യുന്ന ചുരുക്കം ചില മൃഗങ്ങളിലൊന്നാണ് ആന. ആരെയും തുമ്പിക്കൈയില്‍ ചുഴറ്റിയെടുത്ത് കശക്കിയെറിയാനുള്ള ശക്തിയുണ്ടെങ്കിലും മിക്കപ്പോഴും സമചിത്തതയോടെ പെരുമാറാറുള്ള ആനകളെ പലപ്പോഴും ആളുകള്‍ ഓമനിക്കാറുമുണ്ട്.

ഇപ്പോഴിതാ, ആനകളുടെ ബുദ്ധിവൈഭവത്തെ എടുത്തുകാണിക്കുന്ന ഒരു സംഭവം സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്.

സ്വകാര്യതയിലേക്ക് എത്തിനോക്കാന്‍ ആഗ്രഹിക്കുന്ന ക്യാമറക്കണ്ണുകളോട് അകലം പാലിക്കുന്ന മനുഷ്യപ്രകൃതത്തിനോട് സമാനമായി തനിക്ക് നേരെ ഒളിഞ്ഞുനോക്കുന്ന ക്യാമറയെ അസംതൃപ്തിയോടെ നോക്കുകയാണ് ഒരു കാട്ടാന. ഇന്ത്യന്‍ വനംവകുപ്പ് സര്‍വീസ് ഉദ്യോഗസ്ഥനായ പര്‍വീന്‍ കസ്‌വാന്‍ പങ്കുവെച്ച വീഡിയോയിലാണ് മരത്തില്‍ സ്ഥാപിച്ചിരുന്ന ക്യാമറ അസഹിഷ്ണുതയോടെ കാട്ടാന കശക്കിയെറിയുന്നത്. ക്യാമറ എടുത്തെറിഞ്ഞതിന് പിന്നാലെ ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ ശാന്തമായി ആന നടന്നകലുകയും ചെയ്തു.

മൃഗങ്ങള്‍ സൈ്വര്യവിഹാരം നടത്തുന്ന വനത്തിനുള്ളില്‍ ക്യാമറ സ്ഥാപിച്ചത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും അതിനെതിരെയുള്ള പ്രതിഷേധമാണ് ആന രേഖപ്പെടുത്തിയതെന്നടക്കമുള്ള നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്നത്. വന്യമൃഗങ്ങളുടെ സ്വാഭാവികപ്രതികരണങ്ങള്‍ ഒപ്പിയെടുക്കുന്നതിനായി 210 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വീഡിയോ പങ്കുവെച്ച കസ്‌വാന്‍ അറിയിച്ചു.

'മരത്തിന് മുകളില്‍ സ്ഥാപിച്ച മറ്റൊരു ക്യാമറക്ക് ഒന്നും പറ്റാതിരുന്നത് നന്നായി. അല്ലെങ്കില്‍ ഈ ദൃശ്യങ്ങള്‍ ലഭിക്കുമായിരുന്നില്ല. ഇതോടെ ഞങ്ങള്‍ പുതിയൊരു പാഠം കൂടി പഠിച്ചിരിക്കുകയാണ്. ക്യാമറകളുടെ സുരക്ഷിതമായ സ്ഥാനത്തെ കുറിച്ച് ഞങ്ങളിനിയും പഠിക്കും.' കസ്‌വാന്‍ വ്യക്തമാക്കി.

വീഡിയോക്ക് താഴെ വൈവിധ്യമാര്‍ന്ന കമന്റുകളുമായി നിരവധി പേരാണ് ഒരുമിച്ച് കൂടിയിരിക്കുന്നത്.


Similar Posts