< Back
India
Kunal Kamra
India

'കട്ടിലിനടിയിൽ ഒളിക്കാനില്ല, മാപ്പ് പറയില്ല'; ഷിൻഡെക്കെതിരായ പരാമര്‍ശത്തിൽ കുനാൽ കമ്ര

Web Desk
|
25 March 2025 10:22 AM IST

ഞായറാഴ്ച രാത്രി, കമ്രയുടെ ഷോ നടന്ന ഖറിലെ ഹാബിറ്റാറ്റ് സ്റ്റുഡിയോ ശിവസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെക്കെതിരായ പരാമര്‍ശത്തിൽ മാപ്പ് പറയില്ലെന്ന് സ്റ്റാന്‍ഡപ്പ് കൊമേഡിയൻ കുനാൽ കമ്ര. മുംബൈയിൽ പരിപാടിയുടെ റെക്കോഡിങ് നടന്ന ഹാബിറ്റാറ്റ് സ്റ്റുഡിയോ ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെയും അദ്ദേഹം പരാമര്‍ശിച്ചു.

"ഞാൻ മാപ്പ് പറയില്ല. ഈ ജനക്കൂട്ടത്തെ ഞാൻ ഭയപ്പെടുന്നില്ല, ഇത് അവസാനിക്കുന്നതുവരെ ഞാൻ എന്‍റെ കട്ടിലിനടിയിൽ ഒളിച്ചിരിക്കില്ല," കമ്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചു. തന്‍റെ പ്രസ്താവന കൃത്യമായി അജിത് പവാർ (ഒന്നാം ഉപമുഖ്യമന്ത്രി) ഏക്‌നാഥ് ഷിൻഡെ (രണ്ടാം ഉപമുഖ്യമന്ത്രി)യെക്കുറിച്ച് പറഞ്ഞതാണ്" എന്നും പോസ്റ്റിൽ വ്യക്തമാക്കി.

ഞായറാഴ്ച രാത്രി, കമ്രയുടെ ഷോ നടന്ന ഖറിലെ ഹാബിറ്റാറ്റ് സ്റ്റുഡിയോ ശിവസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു. അര്‍ഥശ്യൂന്യം എന്നാണ് കമ്ര ഇതിനെ വിശേഷിപ്പിച്ചത്. ബട്ടർ ചിക്കൻ ഇഷ്ടപ്പെടാത്തതിനാൽ തക്കാളി കയറ്റിയ ലോറി ഒരാൾ മറിച്ചിടുന്നതിന് തുല്യമാണിതെന്ന് അദ്ദേഹം പറഞ്ഞു. "ആ സ്ഥലം നിലനിൽക്കരുതെന്ന് തീരുമാനിച്ച ജനക്കൂട്ടത്തോട്: ഒരു വിനോദ വേദി വെറുമൊരു വേദി മാത്രമാണ്. എല്ലാത്തരം ഷോകൾക്കുമുള്ള ഒരു ഇടം. ഹാബിറ്റാറ്റ് (അല്ലെങ്കിൽ മറ്റേതെങ്കിലും വേദി) എന്‍റെ കോമഡിക്ക് ഉത്തരവാദിയല്ല, ഞാൻ പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങളിൽ അതിന് അധികാരമോ നിയന്ത്രണമോ ഇല്ല. രാഷ്ട്രീയ പാർട്ടിയുടെ കാര്യത്തിലും അങ്ങനെ തന്നെ, ”കമ്രയുടെ പ്രസ്താവനയിൽ പറയുന്നു.

ക്ലബിന്‍റെ ഒരു ഭാഗം അനധികൃതമായി നിര്‍മിച്ചതാണെന്ന് കാണിച്ച് മുംബൈ കോര്‍പ്പറേഷന്‍ തിങ്കളാഴ്ച പൊളിച്ചു നീക്കുകയും ചെയ്തിരുന്നു.മുൻകൂർ അറിയിപ്പ് കൂടാതെ സ്ഥലം പൊളിച്ചുമാറ്റിയതിന് കമ്ര ബിഎംസിക്കെതിരെ രംഗത്തുവന്നു. എല്ലാത്തിനും ഒരു പരിധി വേണമെന്നായിരുന്നു ഷിൻഡെയുടെ പ്രതികരണം. "ആക്ഷേപഹാസ്യം നമുക്ക് മനസ്സിലാകും, പക്ഷേ അതിനൊരു പരിധി ഉണ്ടായിരിക്കണം. ഇത് ഒരാൾക്കെതിരെ സംസാരിക്കാൻ കരാർ എടുക്കുന്നത് പോലെയാണ്,"അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിക്കിടെയാണ് ‘ദില്‍ തോ പാഗല്‍ ഹെ’ എന്ന ഗാനത്തിന്റെ പാരഡി പാടിയാണ് ഷിന്‍ഡെ രാജ്യദ്രോഹിയാണെന്ന് കമ്ര പരാമര്‍ശം നടത്തിയത്. ''ആദ്യം ബിജെപിയില്‍ നിന്ന് ശിവസേന പുറത്തുവന്നു. പിന്നെ ശിവസേനയില്‍ നിന്ന് ശിവസേന പുറത്തുവന്നു. എന്‍സിപിയില്‍ നിന്ന് എന്‍സിപിയും പുറത്തുവന്നു. അവര്‍ ഒരു വോട്ടര്‍ക്ക് ഒമ്പത് വോട്ടിങ് ബട്ടണുകള്‍ നല്‍കി, അതോടെ അവര്‍ ആശയക്കുഴപ്പത്തിലുമായി'' എന്നാണ് കമ്ര പറഞ്ഞത്. കമ്രയുടെ പരാമര്‍ശം മഹാരാഷ്ട്രയിൽ വലിയ വിവാദത്തിനാണ് തിരി കൊളുത്തിയത്. മാപ്പ് പറയണമെന്ന് സേന ഷിൻഡെ വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. കമ്ര പരിപാടി നടത്തിയ ഹോട്ടല്‍ ഷിന്‍ഡെ അനുകൂലികള്‍ അടിച്ച് തകര്‍ത്തു. തുടര്‍ന്ന് കമ്രക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Similar Posts