< Back
India
രാഹുൽ ഗാന്ധിയെ വീട്ടിൽ കയറി വെടിവെക്കും; ഭീഷണിയുമായി കർണി സേന പ്രവർത്തകൻ, അറസ്റ്റ്
India

'രാഹുൽ ഗാന്ധിയെ വീട്ടിൽ കയറി വെടിവെക്കും'; ഭീഷണിയുമായി കർണി സേന പ്രവർത്തകൻ, അറസ്റ്റ്

Web Desk
|
20 Feb 2026 1:50 PM IST

കർണി സേനയുടെ കോട്ട യൂണിറ്റിന്‍റെ വക്താവ് എന്നാണ് രാജ് സിങ് വീഡിയോയിൽ സ്വയം പരിചയപ്പെടുത്തിയത്

ഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വെടിവച്ചുകൊല്ലുമെന്ന ഭീഷണിയുമായി കര്‍ണിസേന പ്രവര്‍ത്തകൻ. കോൺഗ്രസ് വക്താവ് പവൻ ഖേര ഇതിന്‍റെ വീഡിയോ എക്സിൽ പങ്കുവച്ചിട്ടുണ്ട്.

കർണി സേനയുടെ കോട്ട യൂണിറ്റിന്‍റെ വക്താവ് എന്നാണ് രാജ് സിങ് വീഡിയോയിൽ സ്വയം പരിചയപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആർ‌എസ്‌എസ്-ബിജെപി സംവിധാനങ്ങളെല്ലാം ഒരു 'ഗോഡ്‌സെ ഫാക്ടറി'യാണെന്ന് പവൻ ഖേര കുറിച്ചു. രാഹുൽ ഗാന്ധിക്കും 25 എംപിമാര്‍ക്കുമെതിരെയുള്ള കര്‍ണിസേനയുടെ ഭീഷണി ഒറ്റപ്പെട്ട സംഭവമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള വഞ്ചനാപരവുമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിൽ 25 കോൺഗ്രസ് എംപിമാർ ലോക്‌സഭാ സ്പീക്കർ ഓം ബിർലയെ അധിക്ഷേപിച്ചതിൽ ബിജെപി, കർണി സേന പ്രവർത്തകർ രോഷാകുലരാണെന്ന് രാജ് സിങ് വീഡിയോയിൽ പറയുന്നു. ഇത്തരമൊരു സംഭവം വീണ്ടും ഉണ്ടായാൽ എംപിമാരുടെ വീടുകളിൽ കയറി വീടുകൾ നശിപ്പിക്കുമെന്ന് സിങ് വീഡിയോയിൽ മുന്നറിയിപ്പ് നൽകുന്നു.

''ഇത്തരം ഒരു സംഭവം വീണ്ടും ഉണ്ടായാൽ, ഞങ്ങൾ ആ എംപിമാരുടെ വീടുകളിൽ കയറി നശിപ്പിക്കും. രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരമാണ് ഈ സംഭവം നടന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. രാഹുൽ ഗാന്ധി, ശ്രദ്ധിച്ചു കേൾക്കൂ, ഇത്തരമൊരു സംഭവം വീണ്ടും ഉണ്ടായാൽ, ഞങ്ങൾ നിങ്ങളുടെ വീട്ടിൽ അതിക്രമിച്ചു കയറി നിങ്ങളെ വെടിവയ്ക്കും" എന്നായിരുന്നു സിങ്ങിന്‍റെ ഭീഷണി.

വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെ കോട്ട പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബോർഖേഡ പോലീസ് സ്റ്റേഷനിൽ ആളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും വീഡിയോയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തുവരികയാണെന്നും കോട്ടയിലെ പൊലീസ് സൂപ്രണ്ട് തേജസ്വനി ഗൗതം പിടിഐയോട് പറഞ്ഞു. എന്നാൽ പ്രതിക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് മുതിര്‍ന്ന കർണി സേന നേതാവ് പറഞ്ഞു.

''രാഹുൽ ഗാന്ധിയെ പാർലമെന്‍റിൽ സംസാരിക്കാൻ പോലും അവർ അനുവദിക്കുന്നില്ല. പ്രതിപക്ഷ നേതാവിനെ അവർ ബഹുമാനിക്കുന്നില്ല... 25 എംപിമാരോടൊപ്പം രാഹുൽ ഗാന്ധിയെയും കൊല്ലുമെന്ന് സംഘപരിവാർ സംവിധാനം പറയുന്നു. എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തിട്ടില്ല. ഇത് വ്യക്തമായ അരാജകത്വത്തിന്റെ ഒരു കേസാണ്. പ്രതിപക്ഷ നേതാവിനെ എങ്ങനെ സംരക്ഷിക്കണമെന്ന് ഞങ്ങൾക്കറിയാം. ഇതൊന്നും ഞങ്ങൾ കണക്കിലെടുക്കുന്നില്ല. രാഹുൽ ഗാന്ധിക്ക് സ്വയം എങ്ങനെ സംരക്ഷിക്കണമെന്ന് അറിയാം. അദ്ദേഹത്തിന് സ്വന്തം ജീവനെക്കുറിച്ചോര്‍ത്ത് ഒരു വിഷമവുമില്ല'' കോൺഗ്രസ് എംപി കെ.സി വേണുഗോപാൽ പറഞ്ഞു.

Similar Posts