< Back
India
കുടുംബാംഗങ്ങള്‍ക്ക് അന്വേഷണ ഏജന്‍സികള്‍ നോട്ടീസ് അയച്ചാല്‍ നിയമപരമായി നേരിടും: മമത
India

കുടുംബാംഗങ്ങള്‍ക്ക് അന്വേഷണ ഏജന്‍സികള്‍ നോട്ടീസ് അയച്ചാല്‍ നിയമപരമായി നേരിടും: മമത

Web Desk
|
31 Aug 2022 9:45 PM IST

ഇന്നത്തെ കാലത്ത് കഠിനമായ കാര്യമാണത്. പക്ഷെ തനിക്ക് ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്ന് മമത ബാനര്‍ജി

തന്‍റെ കുടുംബാംഗങ്ങൾക്ക് ഏതെങ്കിലും കേന്ദ്ര അന്വേഷണ ഏജൻസികള്‍ നോട്ടീസ് അയച്ചാല്‍ നിയമപരമായി നേരിടുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്നത്തെ കാലത്ത് കഠിനമായ കാര്യമാണത്. പക്ഷെ തനിക്ക് ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും മമത പറഞ്ഞു.

മമതയുടെ അനന്തരവനും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ അഭിഷേക് ബാനര്‍ജിക്ക് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയ പശ്ചാത്തലത്തിലാണ് തീരുമാനം. കൽക്കരി കള്ളക്കടത്ത് അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം.

"കൽക്കരി കുംഭകോണം കാളിഘട്ടിലേക്ക് പോകുന്നുവെന്ന് ബി.ജെ.പി ആരോപിക്കുന്നു. പക്ഷെ അവർ ആരുടെയും പേര് പറയുന്നില്ല. പണം കാളീദേവിക്കാണോ പോകുന്നത്?"- മമത ബാനര്‍ജി ചോദിച്ചു. കൊൽക്കത്തയിലെ കാളിഘട്ട് പ്രദേശത്താണ് അഭിഷേക് ബാനർജി താമസിക്കുന്നത്.

അനധികൃതമായി സ്വത്ത് സമ്പാദിക്കാൻ താൻ ആരെയും സഹായിച്ചിട്ടില്ലെന്ന് മമത പറഞ്ഞു- "ഞാൻ ഏതെങ്കിലും സ്വത്ത് കൈയേറിയതായി തെളിഞ്ഞാൽ, അല്ലെങ്കിൽ കയ്യേറാന്‍ ആരെയെങ്കിലും സഹായിച്ചെന്ന് തെളിഞ്ഞാല്‍ ബുൾഡോസർ ഉപയോഗിച്ച് തകര്‍ക്കാവുന്നതാണ്."

മമതാ ബാനർജിയുടെ ബന്ധുക്കളുടെ ആസ്തിയിൽ അടുത്ത കാലത്തായി ക്രമാതീതമായ വർധനയുണ്ടായെന്ന് ആരോപിച്ച് പൊതുതാത്പര്യ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. കൽക്കട്ട ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലെ ആവശ്യം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്നതാണ്.

Similar Posts