< Back
India
Will Fight Rajasthan Elections Unitedly: Sachin Pilot
India

രാജസ്ഥാനിൽ കോൺഗ്രസ് ഒറ്റക്കെട്ടായി പോരാടി ഭരണം നിലനിർത്തും: സച്ചിൻ പൈലറ്റ്

Web Desk
|
15 Sept 2023 2:40 PM IST

ഭൂരിപക്ഷം ലഭിച്ചാൽ അടുത്ത മുഖ്യമന്ത്രിയാരാണെന്ന് പാർട്ടി ഹൈക്കമാന്റ് തീരുമാനിക്കുമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.

ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് ഒറ്റക്കെട്ടായി പോരാടി ഭരണം നിലനിർത്തുമെന്ന് സച്ചിൻ പൈലറ്റ്. അടുത്ത സർക്കാരിനെ ആര് നയിക്കണമെന്ന കാര്യം പുതിയ എം.എൽ.എമാരുമായി ചർച്ച നടത്തിയ ശേഷം ഹൈക്കമാന്റ് തീരുമാനിക്കും. ഭരണം മാറി മാറി വരുന്ന രീതി ഇത്തവണ അവസാനിപ്പിക്കുമെന്നും സച്ചിൻ പറഞ്ഞു.

2018ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം നിറവേറ്റാനായി എന്നാണ് വിശ്വാസം. ബി.ജെ.പിയെ തോൽപ്പിക്കാൻ എല്ലാവരും ഒരുമിച്ച് പൊരുതും. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പാർട്ടിക്ക് കാലങ്ങളായി തുടർന്നുവരുന്ന ഒരു രീതിയുണ്ട്. മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരാണ് പാർട്ടിയുടെ നേതാക്കൾ. അവർ എം.എൽ.എമാരുമായി കൂടിയാലോചിച്ച ശേഷം ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കും.

രാജസ്ഥാൻ ബി.ജെ.പിയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. കേന്ദ്രത്തിൽ ഭരണകക്ഷിയുടെ കടമ നിറവേറ്റാൻ ബി.ജെ.പിക്ക് കഴിയുന്നില്ല. സംസ്ഥാനത്ത് പ്രതിപക്ഷമെന്ന നിലയിലും അവർ പരാജയമാണ്. രാജസ്ഥാനിലെ ക്രമസമാധാന നിലയെക്കുറിച്ച് പറയുന്ന ബി.ജെ.പി ഉത്തർപ്രദേശിലെയും മധ്യപ്രദേശിലെയും ദലിതരും ഗോത്രവിഭാഗക്കാരും നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും സച്ചിൻ പറഞ്ഞു.

Similar Posts