< Back
India
കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയതിന്  ശേഷം അഞ്ചു ലക്ഷം തൊഴിലവസരങ്ങള്‍ നല്‍കാനായില്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്ന് സിദ്ദു
India

കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം അഞ്ചു ലക്ഷം തൊഴിലവസരങ്ങള്‍ നല്‍കാനായില്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്ന് സിദ്ദു

Web Desk
|
3 Jan 2022 9:02 AM IST

ഞായറാഴ്ച ഫഗ്വാര എം.എൽ.എ ബൽവീന്ദർ സിംഗ് ധലിവാൾ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

പഞ്ചാബില്‍ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നാൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ നൽകുമെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു. വാഗ്ദാനം നിറവേറ്റാനായില്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച ഫഗ്വാര എം.എൽ.എ ബൽവീന്ദർ സിംഗ് ധലിവാൾ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

''കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നതിന് ശേഷം അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ നൽകിയില്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു''. തന്‍റെ പതിമൂന്നിന പദ്ധതി പാവപ്പെട്ടവരുടെ ക്ഷേമത്തിനു വേണ്ടിയുള്ളതാണെന്നും സിദ്ദു പറഞ്ഞു. റാലിയില്‍ ബി.ജെ.പിക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ഒന്നുകിൽ ബി.ജെ.പിയിൽ ചേരണമെന്നും അല്ലെങ്കിൽ കേന്ദ്ര ഏജൻസികളുടെ നടപടി നേരിടേണ്ടി വരുമെന്നും എതിരാളികളായ രാഷ്ട്രീയ നേതാക്കളെ ബി.ജെ.പി ഭീഷണിപ്പെടുത്തുകയാണ്. കർഷകരുടെ തിരിച്ചടി ഭയന്ന് അഞ്ച് വർഷമായി ജലന്ധറിൽ പാർട്ടി ഓഫീസ് തുറന്നിട്ടില്ലെന്ന് സിദ്ദു ബി.ജെ.പിയെ പരിഹസിച്ചു.

ആം ആദ്മി പാർട്ടിയെയും ശിരോമണി അകാലിദളിനെയും സിദ്ദു വിമർശിച്ചു. ഈ പാർട്ടികൾ ജനങ്ങൾക്ക് 'ലോലിപോപ്പ്' നൽകുന്നുവെന്നായിരുന്നു സിദ്ദുവിന്‍റെ പരിഹാസം. ഡൽഹിയിൽ 22,000 അധ്യാപകർ റോഡിൽ ഇരിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പഞ്ചാബില്‍ കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര വടംവലി തുടരുകയാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണമെന്ന സിദ്ദുവിന്‍റെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം തള്ളിയിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കില്ലെന്ന് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ മുഖ്യ ചുമതലയുള്ള സുനില്‍ ജാഖര്‍ വ്യക്തമാക്കിയിരുന്നു.

Similar Posts