< Back
India
ബിഹാറില്‍ ആര്‍ജെഡിക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുമോ? കണക്കുകള്‍ ഇങ്ങനെ...
India

ബിഹാറില്‍ ആര്‍ജെഡിക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുമോ? കണക്കുകള്‍ ഇങ്ങനെ...

Web Desk
|
16 Nov 2025 4:16 PM IST

2020നെ അപേക്ഷിച്ച് 79 അംഗങ്ങളുടെ കുറവാണ് ഇത്തവണ പ്രതിപക്ഷത്തുള്ളത്

പറ്റ്‌ന: 2010ന് ശേഷമുള്ള ഏറ്റവും വലിയ പരാജയമാണ് ആര്‍ജെഡിയും 'ഇന്‍ഡ്യ' സഖ്യവും നേരിട്ടത്. എന്‍ഡിഎയാകട്ടെ മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തു. 202 സീറ്റുകളാണ് എന്‍ഡിഎ നേടിയത്. ഇന്‍ഡ്യ സഖ്യമാകട്ടെ 35 സീറ്റുകളും.

243 അംഗ നിയമസഭയില്‍ 89 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു 85 സീറ്റുകളാണ് നേടിയത്. ചിരാഗ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടി 19 സീറ്റുകളും സ്വന്തമാക്കി. എന്നാല്‍ പ്രതിപക്ഷമാകട്ടെ തകര്‍ന്നടിയുകയും ചെയ്തു. ആര്‍ജെഡി 25 സീറ്റുകളാണ് നേടിയത്. കോണ്‍ഗ്രസാകട്ടെ ആറ് സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പ്രതിപക്ഷ നേതാവ് എന്ന ഭരണഘടനാപരമായ പദവി സ്വന്തമാക്കാന്‍ പ്രതിപക്ഷത്തെ ഏതെങ്കിലും കക്ഷിക്കാകുമോ എന്നാണ് ഫലം തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞവരെല്ലാം ചോദിച്ചത്.

എന്നാല്‍ തത്ക്കാലം ആര്‍ജെഡിക്ക് ഭീഷണിയൊന്നുമില്ല. ഒരൊറ്റ സീറ്റിന്റെ ബലത്തില്‍ ആര്‍ജെഡിക്ക് പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാം. ആകെയുള്ള സീറ്റുകളുടെ പത്ത് ശതമാനമാണ് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാൻ വേണ്ടത്. കൃത്യമായി പറഞ്ഞാൽ 24.3. ആര്‍ജെഡിക്ക് ലഭിച്ചത് 25 സീറ്റുകള്‍. അതായത് ഒരു സീറ്റ് കുറഞ്ഞിരുന്നുവെങ്കിൽ പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാന്‍ ആര്‍ജെഡിക്കാകുമായിരുന്നില്ല.

അങ്ങനെ ആയിരുന്നുവെങ്കില്‍ ഔദ്യോഗിക പ്രതിപക്ഷമല്ലാതെ ആർജെഡിക്ക് ബിഹാർ നിയമസഭയിൽ ഇരിക്കേണ്ടി വന്നേനെ. അതേസമയം നിലവിലെ സാഹചര്യം വിലയിരുത്തുകയാണെങ്കില്‍ തേജസ്വി യാദവ് തന്നെ പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്ത് വീണ്ടും എത്തും. എന്നാല്‍ അംഗങ്ങളുടെ കുറവ് നിയമസഭയിലുള്‍പ്പെടെ പ്രതിഫലിക്കും. 2020നെ അപേക്ഷിച്ച് 79 അംഗങ്ങളുടെ കുറവാണ് ഇത്തവണ പ്രതിപക്ഷത്തുള്ളത്.

Similar Posts