
ശുചിമുറി ഉപയോഗിച്ചാല്‍ ജോലി പോകും? ആര്‍ത്തവദിനങ്ങളിലും ദുരിതത്തില്‍ നിര്‍മാണ തൊഴിലാളികള്‍
|മണിക്കൂറുകളോളം ശുചിമുറി ഉപയോഗിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് സ്ത്രീകള്‍
ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഡല്‍ഹിയിലെ നിര്‍മാണ മേഖല. ശുചിമുറികള്‍ പോലും ഇവിടെ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ലഭ്യമല്ല. 1996 ലെ തൊഴില്‍ നിയന്ത്രണവും സേവന വ്യവസ്ഥകളും സംബന്ധിച്ചുള്ള നിയമത്തിന്റെ നഗ്നമായ ലംഘനമാണ് ഡല്‍ഹിയിലെ തൊഴില്‍ ഇടങ്ങളില്‍ നടക്കുന്നത്. സ്ത്രീകളായ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് സമഗ്രമമായ ക്ഷേമനടപടികള്‍ ഉറപ്പാക്കണമെന്നാണ് നിയമത്തിലുള്ളത്. എന്നാല്‍ ശുചിമുറി പോലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് ഇവിടെ ലഭിക്കുന്നില്ല.
ലേബര്‍ ചൗക്കില്‍( നിര്‍മാണ സൈറ്റുകള്‍) കൂടുതലും ജോലി ചെയ്യുന്നത് ഉത്തര്‍പ്രദേശില്‍ നിന്ന് എത്തുന്നവരാണ്. ജോലിക്കായി ഡല്‍ഹിയിലെ നിര്‍മ്മാണ സെറ്റുകള്‍ക്ക് സമീപത്തായി താമസം മാറി എത്തുന്നവരാണിവര്‍. ഇവിടെ ആര്‍ത്തവ സമയങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് കഠിനമായ ജോലികള്‍ ചെയ്യേണ്ടി വരുന്നുണ്ട്. അവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ലേബര്‍ ചൗക്കുകളില്‍ ലഭ്യമല്ല. കഠിനമായി വേനലിലും മണിക്കൂറുകളോളം അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് സ്ത്രീകള്‍.
കരാറുകാരാണ് ജോലിക്കായി ആളുകളെ ലേബര്‍ ചൗക്കില്‍ എത്തിക്കുക. ജോലിക്കിടയില്‍ ശൗചാലയത്തില്‍ പോകുന്നതിനെക്കുറിച്ച് പറഞ്ഞാല്‍ കരാറുകാരന്‍ ജോലിയില്‍ നിന്ന് പുറത്താക്കുമോ എന്ന ഭയമാണ് ഇവിടത്തെ സ്ത്രീകള്‍ക്ക്. ഇപ്പോഴും ആര്‍ത്തവ സമയങ്ങളില്‍ ഇവിടെയുള്ള സ്ത്രീകള്‍ തുണികളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ അവ മാറ്റാന്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ അവര്‍ക്കില്ല.
രാവിലെ 8 മണിക്ക് ജോലിക്ക് കയറുന്നതുമുതല്‍ വൈകുന്നേരം 6 മണിക്ക് ജോലി കഴിയുന്നതുവരെ ഒരേ തുണി തന്നെ ഉപയോഗിക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാവുകയാണ്. ശുചിമുറിയില്‍ പോകണമെന്ന ആവശ്യം പറഞ്ഞതിന് ജോലിനഷ്ടപ്പെട്ട സ്ത്രീകള്‍ ഡല്‍ഹിയിലെ നിര്‍മ്മാണ സ്ഥലങ്ങളിലുണ്ട്. വൃത്തിയുള്ള ശൗചാലയം ഉപയോഗിക്കാന്‍ കഴിയാതെ നിരവധി സത്രീകള്‍ ദിനവും ബുദ്ധിമുട്ടുന്നു. പലര്‍ക്കും ജോലി സ്ഥലങ്ങളില്‍ നിന്ന് ദൂരെയുള്ള പൊതു ശൗചാലയങ്ങള്‍ പണം നല്‍കി ഉപയോഗിക്കേണ്ടി വരുകയാണ്.
.