< Back
India
ഹണിട്രാപ്പിലൂടെ ഉന്നതരില്‍ നിന്ന് പണം തട്ടി; യുവതി അറസ്റ്റില്‍
India

ഹണിട്രാപ്പിലൂടെ ഉന്നതരില്‍ നിന്ന് പണം തട്ടി; യുവതി അറസ്റ്റില്‍

Web Desk
|
9 Oct 2022 8:01 AM IST

രാഷ്ട്രീയ നേതാക്കള്‍, വ്യവസായികള്‍, സിനിമാ നിര്‍മാതാവ് ഉള്‍പ്പെടെ സമൂഹത്തിലെ ഉന്നതരായ പലരില്‍നിന്നും അര്‍ച്ചനയും സംഘവും പണം തട്ടിയെന്നാണ് റിപ്പോര്‍ട്ട്.

ഭുവനേശ്വര്‍: ഹണിട്രാപ്പില്‍ കുരുക്കി രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ സമൂഹത്തിലെ ഉന്നതരില്‍ നിന്ന് പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. ഒഡീഷയിലാണ് സംഭവം. സത്യവിഹാര്‍ സ്വദേശിനിയായ അര്‍ച്ചന നാഗ് (25) ആണ് പിടിയിലായത്. ഖണ്ഡാഗിരി പൊലീസാണ് അര്‍ച്ചനയെ അറസ്റ്റ് ചെയ്തത്.

രണ്ട് മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും ഡയറിയും അര്‍ച്ചനയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. അര്‍ച്ചന കെണിയില്‍ കുരുക്കിയവരുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. രാഷ്ട്രീയ നേതാക്കള്‍, വ്യവസായികള്‍, സിനിമാ നിര്‍മാതാവ് ഉള്‍പ്പെടെ സമൂഹത്തിലെ ഉന്നതരായ പലരില്‍നിന്നും അര്‍ച്ചനയും സംഘവും പണം തട്ടിയെന്നാണ് റിപ്പോര്‍ട്ട്.

ഒഡീഷയിലെ ഒരു സിനിമാ നിര്‍മാതാവിനെ ഹണിട്രാപ്പില്‍ കുരുക്കിയ ശേഷം പണം തട്ടാന്‍ അര്‍ച്ചന ശ്രമിച്ചിരുന്നു. ഒരു യുവതിക്കൊപ്പമുള്ള നിര്‍മാതാവിന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടാന്‍ ശ്രമിച്ചത്. ഈ കേസിലാണ് അര്‍ച്ചന പിടിയിലായതെന്നാണ് സൂചന.

ബ്ലാക്മെയില്‍, പണം തട്ടല്‍, ഹണി ട്രാപ്പ് എന്നീ കേസുകളില്‍ അര്‍ച്ചനയെ അറസ്റ്റ് ചെയ്തു എന്നല്ലാതെ കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. അര്‍ച്ചനയുടെ ഡയറിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളുടെ പേരുകളുണ്ടെന്നാണ് സൂചന.

അര്‍ച്ചനയുടെ സംഘത്തിലെ യുവതികള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഉന്നതരുമായി ബന്ധം സ്ഥാപിച്ചിരുന്നത്. അടുത്ത ബന്ധം സ്ഥാപിച്ച ശേഷം ഫോട്ടോകളും ദൃശ്യങ്ങളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം പണം തട്ടിയിരുന്നത്. കേസില്‍ അര്‍ച്ചനയുടെ ഭര്‍ത്താവ് ജഗബന്ധു ചന്ദിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

Related Tags :
Similar Posts