
പ്രതീകാത്മക ചിത്രം
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് തീ പിടിച്ച് യുവതി വെന്തുമരിച്ചു
|ഓട്ടോ റോഡ് ഡിവൈഡറിൽ ഇടിച്ചതിനെ തുടർന്നാണ് വാഹനത്തിന് തീ പിടിച്ചത്
താനെ: മഹാരാഷ്ട്രയിലെ താനെയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് തീ പിടിച്ച് യാത്രക്കാരിയായിരുന്ന യുവതി മരിച്ചു. ഓട്ടോ റോഡ് ഡിവൈഡറിൽ ഇടിച്ചതിനെ തുടർന്നാണ് വാഹനത്തിന് തീ പിടിച്ചത്. ബുധനാഴ്ചയാണ് സംഭവം.
ഘോഡ്ബന്ദർ റോഡിലെ ഗൈമുഖ് പ്രദേശത്ത് പുലർച്ചെ 5.45 ന് നടന്ന അപകടത്തിൽ വാഹന ഡ്രൈവർക്ക് ഗുരുതരമായി പൊള്ളലേറ്റു.താനെ നഗരത്തിൽ നിന്ന് ഭയന്ദറിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയും തീപിടിക്കുകയുമായിരുന്നുവെന്ന് താനെ മുനിസിപ്പൽ കോർപ്പറേഷന്‍റെ റീജിയണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് സെൽ (ആർഡിഎംസി) മേധാവി അവിനാഷ് സാവന്ത് പിടിഐയോട് പറഞ്ഞു. യാത്രക്കാരി വാഹനത്തിലുള്ളില്‍ കുടുങ്ങിയതുകൊണ്ട് രക്ഷപ്പെടുത്താനായില്ല. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവർ രാജേഷ് കുമാറിന് (45) ഗുരുതരമായി പൊള്ളലേറ്റതായി ഉദ്യോഗസ്ഥർ പറഞ്ഞു.
തീപിടിത്തത്തില്‍ വാഹനം പൂര്‍ണമായും കത്തിനശിച്ചു. വിവരമറിയിച്ചതിനെ തുടർന്ന് പ്രാദേശിക ഫയർമാൻമാരും ആർഡിഎംസി സംഘവും സ്ഥലത്തെത്തി അരമണിക്കൂറിനുള്ളിൽ തീയണച്ചു.ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചതായും മരിച്ചയാളെ തിരിച്ചറിയാൻ പൊലീസ് ശ്രമിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.സംഭവത്തിൽ കാസർവാഡാവലി പൊലീസ് അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.