< Back
India
Woman Cop Shoots Injures Rape Accused Trying To Flee in Gujarat
India

രക്ഷപെടാൻ ശ്രമം; നാല് വയസുകാരിയെ ബലാത്സം​ഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോ​ഗസ്ഥ

Web Desk
|
21 Dec 2025 7:49 PM IST

നിർമാണത്തൊഴിലാളിയായ അമ്മയ്ക്കൊപ്പം രാത്രി ഷെഡ്ഡിൽ ഉറങ്ങുകയായിരുന്ന നാല് വയസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോവുകയായിരുന്നു.

അഹമ്മദാബാദ്: പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച പോക്സോ കേസ് പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോ​ഗസ്ഥ. ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.

നാല് വയസുകാരിയെ ബലാത്സം​ഗം ചെയ്തതിന് അറസ്റ്റിലായ റാം യാദവി (40)നെയാണ് രക്ഷപെടാൻ ശ്രമിച്ചതോടെ പൊലീസ് ഉദ്യോ​ഗസ്ഥ കാലിന് വെടിവച്ചത്. സെക്ഷൻ 21 പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ലതാ ദേശായിയാണ് റാം യാദവിനെ വെടിവച്ചത്. പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

ഡിസംബർ 15നാണ് കേസിനാസ്പദമായ സംഭവം. നിർമാണത്തൊഴിലാളിയായ അമ്മയ്ക്കൊപ്പം രാത്രി ഷെഡ്ഡിൽ ഉറങ്ങുകയായിരുന്ന നാല് വയസുകാരിയെ യാദവ് തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് സെക്ടർ 24ലെ ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് ബലാത്സം​ഗം ചെയ്ത ശേഷം ഉപേക്ഷിച്ചു.

പെൺകുട്ടി അമ്മയോട് കാര്യങ്ങൾ പറഞ്ഞതിനെ തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ യാദവിനെ സെക്ടർ 25ലെ ഒരു ​ഗ്രാമത്തിൽനിന്ന് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ലത ദേശായി പറഞ്ഞു.

ശനിയാഴ്ച വൈകുന്നേരം സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിച്ച പ്രതി പൊലീസുകാരെ പിടിച്ചുതള്ളി ഓടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ താൻ മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതി നിൽക്കാൻ തയാറായില്ല. ഏകദേശം 30 അടി അകലെയായിരിക്കെ താൻ മൂന്ന് റൗണ്ട് വെടിവച്ചതായും ഒരു ബുള്ളറ്റ് ഇയാളുടെ കാലിൽ കൊണ്ടതായും ഉദ്യോ​ഗസ്ഥ കൂട്ടിച്ചേർത്തു.

Similar Posts