< Back
India
ബിഎകാരനും പ്ലസ് ടു വിദ്യാര്‍ഥിയും ചേർന്ന് പ്രസവ ശസ്ത്രക്രിയ നടത്തി; യുവതിക്ക് ദാരുണാന്ത്യം
India

ബിഎകാരനും പ്ലസ് ടു വിദ്യാര്‍ഥിയും ചേർന്ന് പ്രസവ ശസ്ത്രക്രിയ നടത്തി; യുവതിക്ക് ദാരുണാന്ത്യം

ആത്തിക്ക് ഹനീഫ്
|
15 Feb 2026 3:06 PM IST

അഞ്ച് വർഷമായി അനധികൃതമായി പ്രവർത്തിക്കുകയായിരുന്ന ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി

ലക്നൗ: ഉത്തർപ്രദേശിൽ സ്വകാര്യ ആശുപത്രിയിൽ ബിഎ ബിരുദധാരിയും പ്ലസ് ടു വിദ്യാര്‍ഥിയും ചേർന്ന് പ്രസവ ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ അംബേദ്‌കർനഗറിലുള്ള രജിസ്ട്രേഷൻ പോലുമില്ലാത്ത സ്വകാര്യ ആശുപത്രിയിലാണ് സംഭവം. അഞ്ച് വർഷമായി ഈ ആശുപ്രതി അനധികൃതമായി പ്രവർത്തിക്കുകയാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ പ്രതികളായ യോഗേഷ് വർമ (32), ശുഭം വിശ്വകർമ (19) എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്തു.

കഴിഞ്ഞ അഞ്ചാം തീയതിയാണ് കേസിനാസ്പദമായ സംഭവം. പ്രിയങ്കയെന്ന ഗർഭിണിയായ യുവതിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിച്ചു. ബിഎ മാത്രം വിദ്യാഭ്യാസമുള്ള യോഗേഷ് ശസ്ത്രക്രിയ നടത്തുകയും പ്ലസ് ടു വിദ്യാര്‍ഥിയായ ശുഭം സഹായിക്കുകയുമായിരുന്നെന്ന് പൊലീസ് കണ്ടെത്തി. പ്രസവത്തിന് ശേഷം പെൺകുഞ്ഞിനെ പുറത്തെടുത്തു. അനസ്തേഷ്യയുടെ ഡോസ് കൂടിപ്പോയതിനാൽ പ്രിയങ്കയുടെ ബോധം നഷ്ടമാവുകയും അമിത രക്‌തസ്രാവവും ആരംഭിച്ചു.

യുവതിയുടെ നില വഷളായതോടെ ലക്നൗവിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പ്രിയങ്ക മരിച്ചതോടെ കുടുംബാംഗങ്ങൾ ആശുപത്രിക്ക് മുന്നൽ പ്രതിഷേധവുമായെത്തി. ഇതോടെ ആശുപത്രി നടത്തിപ്പുകാർ ഒളിവിൽ പോയി. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ലൈസൻസില്ല എന്നതുൾപ്പെടെയുള്ള നിർണായക വിവരങ്ങൾ പൊലീസ് കണ്ടെത്തി. പരിസരം സീൽ ചെയ്ത് ആശുപത്രി നടത്തിപ്പുക്കാർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു.

Similar Posts