
എയർഹോസ്റ്റസിന്റെ മോശം ഫോട്ടോയെടുത്തു; കൈയോടെ പൊക്കി യുവതി
|സംഭവത്തിൽ ഡൽഹി വനിതാ കമ്മിഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു.
ന്യൂഡൽഹി: വിമാനത്തിലെ കാബിൻ ക്രൂവിന്റെ ഫോട്ടോ എടുത്ത യാത്രക്കാരനെ കൈയോടെ പിടികൂടി യുവതി. ആഗസ്ത് രണ്ടിന് ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന സ്‌പേസ് ജെറ്റ് വിമാനത്തിലാണ് സംഭവം. യാത്രക്കാരൻ പിന്നീട് ഫോട്ടോ ഡിലീറ്റ് ചെയ്ത് രേഖാമൂലം മാപ്പെഴുതിക്കൊടുത്തു. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ യുവതി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
'സ്‌പേസ് ജെറ്റ് വിമാനത്തില്‍ (ഡൽഹി-മുംബൈ) ഞങ്ങളുടെ സീറ്റ് എയും ബിയുമായിരുന്നു. സി സീറ്റിൽ ഒരു പ്രായമായ ആളാണ് ഇരുന്നിരുന്നത്. അയാൾ ഒരു മോശം പ്രവൃത്തി ചെയ്തു. യാത്രക്കാരന് സേവനം ചെയ്യുന്ന വേളയിൽ അയാൾ ഫ്‌ളൈറ്റ് അറ്റന്റന്റിന്റെ അണ്ടർപാന്റ് വീഡിയോ എടുക്കാൻ ശ്രമിച്ചു.' - യുവതി പറഞ്ഞു.
യാത്രക്കാരന്റെ ഫോണിൽ ഇയാൾ ചിത്രീകരിച്ച അശ്ലീല ചിത്രങ്ങൾ കണ്ടെത്തിയെന്നും അവര്‍ പറഞ്ഞു.
'ഇതു ശ്രദ്ധിച്ച ശേഷം ഞാൻ ഫ്‌ളൈറ്റ് അറ്റന്റന്റിനെ വിവരമറിയിച്ചു. ചിത്രങ്ങൾ എടുത്തിട്ടുണ്ടെന്ന് പറയുകയും ചെയ്തു. പിന്നീട് അറ്റന്റന്റിന്റെ കാലുകൾ, അവരുടെ അണ്ടർപാന്റ്, എന്റെ വീഡിയോ വരെ അയാളുടെ ഫോണിൽ കണ്ടെത്തി' - അവർ കൂട്ടിച്ചേർത്തു.
സംഭവം സ്ഥിരീകരിച്ച എയർലൈൻസ് മോശം പ്രവൃത്തിയിൽ യാത്രക്കാരൻ മാപ്പ് എഴുതി നൽകിയതായി പ്രസ്താവനയിൽ അറിയിച്ചു.
സംഭവത്തിൽ ഡൽഹി വനിതാ കമ്മിഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. ഡൽഹി പൊലീസും സിവിൽ വ്യോമയാന ഡയറക്ടർ ജനറലും സംഭവം പരിശോധിക്കുന്നുണ്ട്. 'വിമാനത്തിലെ ലൈംഗികാതിക്രമങ്ങൾ കൂടി വരികയാണ്. ഇത് അംഗീകരിക്കാനാകില്ല. ഈ സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും.' - ഡൽഹി വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ സ്വാതി മലിവാൾ പറഞ്ഞു.

