
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ പശു കശാപ്പ് കേസിൽ കുടുക്കി; കോടതിവളപ്പിൽ നിന്ന് രക്ഷപ്പെട്ട് യുവതി
|ഭർത്താവിൽ നിന്ന് വിവാഹമോചനം നേടി ഭോപ്പാലിൽ നിന്നുള്ള കാമുകനോടൊപ്പം ജീവിക്കാനായിരുന്നു യുവതിയുടെ പദ്ധതി
ലക്ക്‌നൗ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ പശുവധക്കേസിൽ കുടുക്കാൻ ശ്രമിച്ച യുവതി കോടതിവളപ്പിൽ രക്ഷപ്പെട്ടു. മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ. യുവതിയുടെ ആസൂത്രണത്തിൽ ഭർത്താവ് ജയിലിലായി. ഭർത്താവിൽ നിന്ന് വിവാഹമോചനം നേടി ഭോപ്പാലിൽ നിന്നുള്ള കാമുകനോടൊപ്പം ജീവിക്കാനായിരുന്നു യുവതിയുടെ പദ്ധതി. രണ്ട് വർഷം മുമ്പ് ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട ബിടെക് ബിരുദധാരിയായ യുവാവാണ് കാമുകൻ. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ഇരുവരും ചേർന്ന് ഭർത്താവിനെ കുടുക്കാൻ ഗൂഢാലോചന നടത്തിയത്.
സെപ്റ്റംബറിൽ കാമുകൻ വ്യാജ പേരിൽ ഒരു വലതുപക്ഷ സോഷ്യൽ മീഡിയ ഗ്രൂപ്പിൽ ചേർന്നു. യുവതി നൽകിയ വാഹനത്തിന്റെ കീ ഉപയോഗിച്ച് ഭർത്താവിന്റെ വണ്ടിയിൽ രണ്ട് കിലോ മാംസം വച്ചു. തുടർന്ന് ഗ്രൂപ്പിൽ അറിയിച്ചതോടെ പൊലീസ് എത്തി ഭർത്താവിനെ അറസ്റ്റ് ചെയ്തു. ഒരു മാസം ജയിലിൽ കിടന്ന ശേഷം ജാമ്യം കിട്ടി. എന്നാൽ യുവതിയുടെ അവിഹിത ബന്ധത്തെ സംശയിച്ച ഭർത്താവ് വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു.
ജനുവരി 14ന് യുവതിയും കാമുകനും ഭർത്താവിനെ മറ്റൊരു പദ്ധതി തയ്യാറാക്കി. ഭർത്താവിന്റെ ഫോണിൽ നിന്ന് ഓൺലൈനായി ഒരു വാഹനം ബുക്ക് ചെയ്തു. ഒടിപിയും മറ്റ് വിശദാംശങ്ങൾ കാമുകന് നൽകുകയും വണ്ടിയിൽ 10 കിലോ മാസം നിക്ഷേപിക്കുകയും ചെയ്തു. വീണ്ടും വലതുപക്ഷ ഗ്രൂപ്പിനെ അറിയിച്ചതോടെ ജനുവരി 15ന് പൊലീസ് വാഹനം പിടികൂടി മാംസം കണ്ടെടുത്തു.
ഭർത്താവിന്റെ വിശദീകരണവും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോൾ രണ്ട് ദിവസം മുമ്പ് ഭർത്താവ് കുളിക്കുമ്പോൾ സ്ത്രീ ഫോൺ ഉപയോഗിച്ചത് വ്യക്തമായി. തുടർന്ന് പൊലീസ് കെണിയൊരുക്കി തിങ്കളാഴ്ച കാമുകനെ പിടികൂടി. അയാൾ കുറ്റം സമ്മതിച്ചു. പശുവധ നിരോധന നിയമവും ഗൂഢാലോചനയ്ക്ക് ബിഎൻഎസ് വകുപ്പുകളും ചുമത്തി കേസെടുത്തു. കണ്ടെടുത്ത മാംസം പരിശോധനയ്ക്ക് അയച്ചു. യുവതി രക്ഷപ്പെട്ടു.
മാംസം കണ്ടെടുത്തതിനെ തുടർന്ന് സ്ത്രീ ഹൈക്കോടതിയിൽ അഭിഭാഷകനെ കാണാൻ വരുമെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് മൂന്ന് പോലീസുകാർ അറസ്റ്റ് ചെയ്യാൻ കോടതിയിൽ കാത്തിരുന്നു. എന്നാൽ ഹൈക്കോടതി വളപ്പിൽ നിന്ന് അറസ്റ്റ് ചെയ്യാൻ ശ്രമിക്കാച്ചതിന് അഭിഭാഷകരുടെ എതിർപ്പും ജനക്കൂട്ടവും ഉണ്ടായി. ഇതിനിടയിൽ യുവതി വീണ്ടും രക്ഷപ്പെട്ടു. പൊലീസുകാർക്കെതിരെ കോടതിയിൽ അതിക്രമിച്ച് കയറൽ, വ്യാജ വിവരം നൽകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. മൂന്ന് പേരെയും സസ്പെൻഡ് ചെയ്ത് അന്വേഷണം ഉത്തരവിട്ടു. യുവതി ഇപ്പോഴും ഒളിവിലാണ്. കാമുകൻ പിടിയിലായി.