< Back
India
ഭാര്യയെ കൊന്ന് 50 കഷണങ്ങളാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിച്ച് ഭർത്താവ്
India

ഭാര്യയെ കൊന്ന് 50 കഷണങ്ങളാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിച്ച് ഭർത്താവ്

Web Desk
|
18 Dec 2022 10:23 PM IST

നായകൾ കടിച്ചുവലിക്കുന്ന നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ട പ്രദേശവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു.

റാഞ്ചി: ഭാര്യയെ ക്രൂരമായി വകവരുത്തി മൃതദേഹം 50ഓളം കഷണങ്ങളാക്കി മുറിച്ച് വിവിധയിടങ്ങളിൽ ഉപേക്ഷിച്ച് ഭർത്താവ്. ഝാർഖണ്ഡിലെ സാഹേബ് ​ഗഞ്ചിലാണ് ദാരുണ സംഭവം.

ബോരിയയിലെ ദോൺഡ പഹാർ സ്വദേശിനിയായ 22കാരി റൂബിക പഹാദിൻ ആണ് കൊല്ലപ്പെട്ടത്. ഭർത്താവായ ദിൽദാർ അൻസാരിയാണ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കഷണങ്ങളാക്കി ജില്ലയുടെ വിവിധ ഭാ​ഗങ്ങളിലായി‌ ഉപേക്ഷിക്കുകയായിരുന്നു.

ബോരിയ പ്രദേശത്ത് നിന്ന് നായകൾ കടിച്ചുവലിക്കുന്ന നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ട പ്രദേശവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടിൽ നിന്നും ചില ശരീരഭാ​ഗങ്ങൾ ലഭിച്ചതായി സാഹിബ് ​ഗഞ്ച് സബ് ഡിവിഷനൽ പൊലീസ് ഓഫീസർ രാജേന്ദ്രകുമാർ ദൂബെ പറഞ്ഞു.

അന്വേഷണത്തിനൊടുവിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിയുകയും തുടർന്ന് ഭർത്താവായ അൻസാരിയാണ് കൊലയാളിയെന്ന് വ്യക്തമാവുകയുമായിരുന്നു. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. കേസിൽ അന്വേഷണം തുടരുകയാണെന്ന് അറിയിച്ച പൊലീസ്, എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ തയാറായില്ല. 28കാരനായ അൻസാരിയുടെ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ട റൂബിക.

കൊലയ്ക്ക് ശേഷം, കേസ് വഴിതിരിച്ചുവിടാനായി യുവതിയെ കാണാനില്ലെന്ന് കാണിച്ച് പ്രതിയും ഇയാളുടെ കുടുംബവും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടന്നുവരവെയാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. തുടർന്നാണ് പരാതിക്കാരൻ തന്നെയാണ് കൊലയാളിയെന്ന് വ്യക്തമായതും ഇയാളെ അറസ്റ്റ് ചെയ്തതും.

Similar Posts