< Back
India
വാട്‌സാപ്പ് സ്റ്റാറ്റസ് ഇഷ്ടപ്പെട്ടില്ല; ചോദ്യം ചെയ്യാനെത്തിയ അയൽവാസികളുടെ ക്രൂരമർദനമേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം
India

വാട്‌സാപ്പ് സ്റ്റാറ്റസ് ഇഷ്ടപ്പെട്ടില്ല; ചോദ്യം ചെയ്യാനെത്തിയ അയൽവാസികളുടെ ക്രൂരമർദനമേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

Web Desk
|
14 Feb 2022 1:51 PM IST

കൊലപാതകം നടത്തിയ 17 കാരിക്കും കുടുംബത്തിനുമെതിരെ നരഹത്യക്ക് കേസെടുത്തു

വാട്‌സാപ്പ് സ്റ്റാറ്റസുമായി ബന്ധപ്പെട്ട് ഇരുകുടുംബങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും ഗുരുതരമായി പരിക്കേറ്റ് വീട്ടമ്മ മരിച്ചു. മുംബൈയിലെ ബോയ്സറിലെ ശിവാജി നഗർ ചാലിൽ വ്യാഴാഴ്ചയാണ് സംഭവം. ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റാണ് 48 കാരിയായ ലീലാവതി ദേവി പ്രസാദ് മരിച്ചത്. ലീലാദേവിയുടെ മകൾ പ്രീതി പ്രസാദ് ഇട്ട വാട്‌സ് ആപ്പ് സ്റ്റാറ്റസിനെ ചൊല്ലിയുള്ള തർക്കമാണ് മരണത്തിലേക്ക് നയിച്ചത്.

കോളജിൽ പഠിക്കുന്ന 20 കാരിയായ പ്രീതി പ്രസാദ് തന്റെ മൊബൈൽ ഫോണിൽ വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു. ഇത് അയൽവാസിയും സുഹൃത്തുമായ 17 കാരിക്ക് ഇഷ്ടപ്പെട്ടില്ല. ഇത് ചോദ്യം ചെയ്യാനായി 17 കാരി അമ്മയെയും സഹോദരനെയും കൂട്ടി പ്രീതിയുടെ വീട്ടിലെത്തി. തുടർന്നുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും പ്രീതിയുടെ അമ്മ ലീലാവതിക്ക് പരിക്കേൽക്കുകയായിരുന്നു. വാരിയെല്ലിന് ആന്തരിക ക്ഷതമേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേ ദിവസം മരണം സംഭവിക്കുകയായിരുന്നു. ലീലാവതിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും മർദനമേറ്റതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

മരിച്ച ലീലയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി, അവളുടെ അമ്മ, സഹോദരൻ, സഹോദരി എന്നിവരെ കസ്റ്റഡിയിലെടുത്ത് റിമാന്റ് ചെയ്തു. 17 കാരിയെ ജുവനൈൽ ഹോമിലേക്ക് അയച്ചു. ഇവർക്കെതിരെ ക്രൂരമായ നരഹത്യയ്ക്ക് കേസെടുത്തതായി പൊലീസ് പറഞ്ഞു. അതേ സമയം വാട്‌സ് ആപ്പ് എന്താണെന്ന് വെളിപ്പെടുത്താൻ സാധിക്കില്ലെന്ന് ബോയ്സർ പൊലീസ് സ്റ്റേഷൻ മേധാവി ഇൻസ്‌പെക്ടർ സുരേഷ് കദം പറഞ്ഞു.ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതല്ല സ്റ്റാറ്റസെന്നും പൊലീസ് പറഞ്ഞു.

Similar Posts