< Back
India
Woman kills drunk husband
India

മദ്യപിച്ച് വഴക്ക് കൂടിയ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിനുള്ളിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ

Web Desk
|
15 July 2025 12:41 PM IST

ചോദ്യം ചെയ്യലില്‍ കുറ്റം ചെയ്തുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു

ഗുവാഹത്തി: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചിട്ട കേസിൽ 38 കാരിയെ ഗുവാഹത്തി പൊലീസ് അറസ്റ്റ് ചെയ്തു. റഹിമ ഖാത്തൂണിനെയാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ കുറ്റം ചെയ്തുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ആക്രി വ്യാപാരിയായ സബിയാൽ റഹ്മാന്‍ (40) ആണ് കൊല്ലപ്പെട്ടത്. ജൂൺ 26 ന് അസ്സം തലസ്ഥാനമായ പാണ്ടു പ്രദേശത്തുള്ള ജോയ്മതി നഗറിലെ ദമ്പതികളുടെ വസതിയിലാണ് സംഭവം. കുടുംബ തർക്കം ശാരീരികമായ ഉപദ്രവത്തിലേക്ക് നീങ്ങിയപ്പോൾ സഹിക്കാനാവാതെ സബിയാലിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് റഹിമ പൊലീസിനോട് പറഞ്ഞു. കൊലപാതക വിവരം പുറത്തറിയുമെന്ന് പേടിച്ച് മൃതദേഹം വീട്ടിനുള്ളിൽ ഏകദേശം അഞ്ച് അടി താഴ്ചയിൽ ഒരു കുഴി കുഴിച്ച് മൃതദേഹം കുഴിച്ചിട്ടുവെന്നാണ് വിവരം.

15 വര്‍ഷമായി ദമ്പതികൾ വിവാഹിതരായിട്ട്. രണ്ട് കുട്ടികളുമുണ്ട്. ദിവസങ്ങളോളം റഹ്മാനെ കാണാതായപ്പോൾ അയൽക്കാർ സംശയം പ്രകടിപ്പിച്ചു. ചോദിച്ചപ്പോൾ ഭർത്താവ് ജോലിക്കായി കേരളത്തിലേക്ക് പോയെന്നാണ് റഹിമ പറഞ്ഞത്. ഭര്‍ത്താവിന് സുഖമില്ലെന്നും ആശുപത്രിയിൽ പോയിരിക്കുകയാണെന്നുമാണ് പിന്നീട് പറഞ്ഞത്. ജൂലൈ 12 ന് റഹ്മാന്‍റെ സഹോദരൻ ജലുക്ബാരി പൊലീസ് സ്റ്റേഷനിൽ കാണാനില്ലെന്ന് പരാതി നൽകി. ഭയന്ന റഹിമ തൊട്ടടുത്ത ദിവസം തന്നെ റഹിമ പൊലീസ് സ്റ്റേഷനിലെത്തി നടന്ന കാര്യങ്ങൾ തുറന്നുപറയുകയായിരുന്നു.

ഫോറൻസിക് വിദഗ്ധരുടെയും മജിസ്ട്രേറ്റിന്റെയും അകമ്പടിയോടെ എത്തിയ പൊലീസ് സംഘം പിന്നീട് അഴുകിയ അവശിഷ്ടങ്ങൾ പരിസരത്ത് നിന്ന് പുറത്തെടുത്തു. റഹിമ ഒറ്റയ്ക്കാണോ കൃത്യം ചെയ്തതെന്ന സംശയത്തിലാണ് പൊലീസ്. "ഒരു സ്ത്രീക്ക് ഇത്രയും വലിയ കുഴി സ്വയം കുഴിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. കേസിൽ മറ്റ് പ്രതികൾക്കും പങ്കുണ്ടോ എന്ന് ഞങ്ങൾ അന്വേഷിച്ചുവരികയാണ്," ഡിസിപി പറഞ്ഞു.

Similar Posts