< Back
India
Netravati and her alleged lover Somappa
India

കര്‍ണാടകയിൽ കാമുകന്‍റെ സഹായത്തോടെ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു

Web Desk
|
2 Aug 2025 9:12 AM IST

ഈ ആഴ്ച ആദ്യം ഒരാളുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്

ബംഗളൂരു: കര്‍ണാടകയിൽ യുവതി കാമുകന്‍റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. കൊപ്പൽ താലൂക്കിലെ ബൂഡഗുമ്പ ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. ഡയമണ്ണ വജ്രബന്ദിയാണ് (36) കൊല്ലപ്പെട്ടത് . സംഭവത്തിൽ ഭാര്യ നേത്രാവതി (31), കാമുകൻ സോമപ്പ (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ ആഴ്ച ആദ്യം ഒരാളുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്.

പ്രതികൾ തമ്മിലുള്ള വിവാഹേതര ബന്ധത്തിന്‍റെ ഫലമായാണ് കൊലപാതകം നടന്നതെന്ന് കൊപ്പൽ പൊലീസ് സൂപ്രണ്ട് ഡോ. റാം എൽ. അരസിദ്ദി വെള്ളിയാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു. കൊപ്പൽ റൂറൽ സബ് ഡിവിഷനു കീഴിലുള്ള മുനീറാബാദ് പൊലീസ് സ്റ്റേഷനിൽ ആദ്യം റജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ അന്വേഷണത്തിൽ മൃതദേഹം ബൂഡഗുമ്പ നിവാസിയായ ഡയമണ്ണയുടേതാണെന്ന് കണ്ടെത്തി.

കുറ്റകൃത്യം നടന്ന ദിവസം പ്രതികൾ ഡയമണ്ണയെ ഒരു കൃഷിയിടത്തിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയി ഇരുമ്പ് വടി കൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം ബൈക്കിൽ ആറ് കിലോമീറ്റർ ദൂരത്തേക്ക് കൊണ്ടുപോയി പെട്രോൾ ഒഴിച്ച് കത്തിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. വടിയും പെട്രോളും വാങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തതായി എസ്പി അരസിദ്ദി സ്ഥിരീകരിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ബൈക്കും ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പത്രസമ്മേളനത്തിൽ അഡീഷണൽ എസ്പി ഹേമന്ത് കുമാർ, ഡിഎസ്പി മുത്തണ്ണ സർവഗോൾ, കൊപ്പൽ റൂറൽ സർക്കിൾ ഇൻസ്പെക്ടർ ഡി. സുരേഷ് എന്നിവർ പങ്കെടുത്തു.

Similar Posts