< Back
India
മകന്റെ വളർത്തുനായയുടെ കടിയേറ്റ് അമ്മക്ക് ദാരുണാന്ത്യം
India

മകന്റെ വളർത്തുനായയുടെ കടിയേറ്റ് അമ്മക്ക് ദാരുണാന്ത്യം

Web Desk
|
13 July 2022 7:01 PM IST

കഴുത്ത് മുതൽ വയറുവരെ 12 മാരകമായ മുറിവുകളുണ്ടായിരുന്നെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്

ലഖ്‌നൗ: മകന്റെ വളർത്തുനായയുടെ കടിയേറ്റ് 82 കാരിക്ക് ദാരുണാന്ത്യം. ലഖ്നൗവിലെ കൈസർബാഗ് ഏരിയയിലാണ് സംഭവം.സുശീല ത്രിപാഠിയാണ് മരിച്ചത്. മകനും ജിം പരിശീലകനുമായ മകൻ അമിതിന്റെ വളർത്തുനായയായ പിറ്റ്ബുളിന്റെ കടിയേറ്റാണ് സുശീല കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ സുശീല വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് സംഭവം. ഈ സമയത്ത് നായ്ക്കൾ കുരയ്ക്കുന്നത് കേട്ടെന്ന് അയൽവാസികൾ പറയുന്നു. സഹായത്തിനായി സുശീല നിലവിളിക്കുന്നത് കേട്ട് ഓടിയെത്തിയെങ്കിലും വീട് അകത്ത് നിന്നും പൂട്ടിയിരുന്നെന്നും ഇവർ പറയുന്നു. പിന്നീട് മകൻ എത്തി വാതിൽ തുറന്ന് നോക്കിയപ്പോഴാണ് കടിയേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നായയുടെ കടിയേറ്റ് അമിതമായി രക്തം പോയതാണ് മരണകാരണം.

പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട് പ്രകാരം സുശീലയുടെ ശരീരത്തിൽ കഴുത്ത് മുതൽ വയറുവരെ 12 മാരകമായ മുറിവുകളുണ്ടായിരുന്നു.ബ്രൗണി എന്ന് പേരുള്ള പിറ്റ്ബുള്ളിന്റെ കടിയേറ്റാണ് സുശീല മരിച്ചത്. മൂന്ന് വർഷം മുമ്പാണ് അമിത് ഈ നായയെ വാങ്ങിയത്. കൈസർബാഗിലെ ബംഗാളി തോല ഏരിയയിലാണ് അമിത്തും സുശീലയും താമസിച്ചിരുന്നത്.

Related Tags :
Similar Posts