< Back
India
Gwalior woman pushed off moving train by 5 men for resisting sexual assault
India

ലൈംഗികാതിക്രമം എതിര്‍ത്ത യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ടു

Web Desk
|
22 Jun 2023 1:16 PM IST

അഞ്ചു പേര്‍ ചേര്‍ന്ന് യുവതിയെ തള്ളിയിട്ടെന്നാണ് പരാതി

ഗ്വാളിയോര്‍: ലൈംഗികാതിക്രമം എതിര്‍ത്ത യുവതിയെ അഞ്ചു പ്രതികള്‍ ചേര്‍ന്ന് ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ടെന്ന് പരാതി. യുവതിക്കൊപ്പമുണ്ടായിരുന്ന ബന്ധുവിനെയും തള്ളിയിട്ടു. ഇരുവരും പരിക്കുകളോടെ ചികിത്സയിലാണ്. സൂറത്ത് എക്സ്പ്രസിലാണ് സംഭവമുണ്ടായതെന്ന് പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തു.

ജാര്‍ഖണ്ഡില്‍ നിന്ന് സൂറത്തിലേക്ക് സഞ്ചരിക്കവേ അഞ്ചു പേര്‍ ചേര്‍ന്ന് ഓടുന്ന ട്രെയിനില്‍ നിന്ന് തന്നെ തള്ളിയിട്ടെന്നാണ് യുവതി ബിലുവ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സമ്മതമില്ലാതെ പ്രതികള്‍ തന്റെ ഫോട്ടോകളെടുത്തതോടെ തര്‍ക്കമുണ്ടായെന്ന് യുവതി പറഞ്ഞു. എതിര്‍ത്തപ്പോള്‍ കൂടെയുണ്ടായിരുന്ന ബന്ധുവിനെ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചു. സംഘര്‍ഷം ഒഴിവാക്കാന്‍ സീറ്റ് മാറിയിരിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതികള്‍ പിന്നാലെ വന്ന് സാരി ബലംപ്രയോഗിച്ച് അഴിച്ചെന്ന് യുവതി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് തന്നെയും ബന്ധുവിനെയും ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ടെന്നും യുവതി പറഞ്ഞു.

പരിക്കേറ്റ ഇരുവരും ബരോഡി ഗ്രാമത്തിന് സമീപം രാത്രി മുഴുവന്‍ അബോധാവസ്ഥയിലായിരുന്നു, സമീപവാസികളാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അജ്ഞാതരായ അഞ്ചു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഗ്വാളിയോർ എസ്.പി രാജേഷ് സിങ് ചന്ദേല്‍ പറഞ്ഞു. സ്‌റ്റേഷൻ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു വരികയാണെന്ന് എസ്.പി പറഞ്ഞു.

Related Tags :
Similar Posts